72 വർഷം ഒരു ഹോട്ടലിൽ

   15-Jan-2025 : 4:53 PM   0      13

ഏറ്റവും ദൈർഘ്യമേറിയ കാലം ഒരാൾ ഒരു ഹോട്ടലിൽ തന്നെ ജീവനക്കാരനായി ജോലി ചെയ്തു റെക്കോർഡ് നേടുകയുണ്ടായി. കൊട്ടാരപത്ത് ചാത്തുകുട്ടൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. സംശയിക്കണ്ട അദ്ദേഹം മലയാളിയാണ്. കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തു ചൊവ്വന്നൂർ 1920 ഫെബ്രുവരി 10ന് ചാത്തുക്കുട്ടൻ ജനിച്ചു. അമ്മയുടെ മരണശേഷം തൃശൂരില്‍നിന്ന് പട്ടിണിയും പരിവട്ടവും നിറഞ്ഞ പതിനേഴാം വയസ്സില്‍ നാടുവിട്ട ചാത്തുക്കുട്ടന്‍ ഉടുതുണിയും 25 രൂപയുമായി 1938 ല്‍ ലങ്കയുടെ പടിഞ്ഞാറന്‍ തീരത്തെ തലൈമാന്നാറിലെത്തി.തന്റെ ഉടപ്പിറപ്പുകളായ രണ്ട് സഹോദരന്മാരോടും മൂന്ന് സഹോദരിമാരോടും പറയാതെയാണ് കുട്ടൻ നാടു വിട്ടത്.

പിന്നീട് കൊളംബോയിലെത്തിയ കുട്ടൻ അവിടെ ഉന്നത കുടുംബങ്ങളിലൊന്നിൽ വീട്ടുവേലക്കാരനായി കുറച്ചു കാലം ജോലി ചെയ്തു. 1942 ല്‍ ശ്രീലങ്കയിലെ പ്രശസ്തമായ Galle Face ഹോട്ടലില്‍ ബെല്‍ബോയ് ആയി ജോലിക്ക് ചേര്‍ന്നു. 1864-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ലങ്കയിലെ പഴക്കം ചെന്ന ഹോട്ടലാണ് Galle Face. മഹാത്മാഗാന്ധി , യൂറി ഗഗാറിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വേർഡ് ഹീത്ത് , ഡെന്മാർക്കിലെ രാജകുമാരി അലക്സാണ്ട്ര , പ്രിൻസ് ഫിലിപ്പ്, എഡിൻബർഗ് പ്രഭു, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി , എഡ്വേർഡ് രാജകുമാരൻ എന്നിങ്ങനെയുള്ള പ്രമുഖരൊക്കെ വന്ന് താമസിച്ച ഹോട്ടലാണ് ഗല്ലേ ഫേയ്സ്.

   

പിന്നീട് ചാത്തുക്കുട്ടൻ ഹോട്ടലിൽ വെയ്റ്ററും ഡോര്‍മാനുമായി മാറി. 2014 വരെ ചാത്തുക്കുട്ടൻ ജോലിയില്‍ തുടരുകയുംചെയ്തു. നീണ്ട 72 വര്‍ഷമാണ് ലങ്കയിലെ ഏറ്റവും പ്രശസ്തമായ ഈ ഹോട്ടലില്‍ ചാത്തുക്കുട്ടന്‍ സേവനമനുഷ്ഠിച്ചത്. അദ്ദേഹം ശ്രീലങ്കയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ വ്യാപാരമുദ്രയായി മാറി, സൗഹൃദപരമായ പെരുമാറ്റവും ഓർമ്മശക്തിയും ഹാൻഡിൽ ബാർ മീശയും വെളുത്ത മുടിയുമുള്ള ചാത്തുക്കുട്ടനെ അതിഥികൾക്കിടയിൽ അടുപ്പക്കാരനാക്കി മാറ്റി. നിരവധി ബാഡ്ജുകൾ കുത്തിയ യൂണിഫോം ധരിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രം ലോകമെമ്പാടുമുള്ള നിരവധി ട്രാവൽ മാഗസിനുകളിലെ കവർ ചിത്രമായി അച്ചടിക്കപ്പെട്ടു. ശ്രീലങ്കയിൽ നിന്ന് അദ്ദേഹം വിവാഹം കഴിക്കുകയും ലങ്കൻ പൗരനായി മാറുകയും ചെയ്തു. ധാരാളം വിഷിടവ്യക്തികളെ സേവിക്കാൻ ഭാഗ്യം ലഭിച്ച ചാത്തുക്കുട്ടൻ 2014 നവംബർ 18-ന് 94-ആം വയസ്സിൽ അന്തരിച്ചു.

What's Your Reaction?

Shameer P Hasan ശമീർ പി ഹസൻ എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു. ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല. വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243, meetshamee@gmail.com