അപരിചിതം
അപരിചിതം
ബസ്സിറങ്ങിയപ്പോൾ സമയം അല്പം ഇരുട്ടി തുടങ്ങിയിരുന്നു.
ചുറ്റും ആരെങ്കിലും പരിചയമുഖം ഉണ്ടോ എന്ന് നോക്കി. പതുക്കെ നടക്കാൻ തുടങ്ങി. സന്ധ്യാസമയം അങ്ങാടിയും പരിസരവും നിറയെ ആൾക്കാർ. പെട്ടെന്ന് പിന്നിൽ നിന്ന് ഒരു ചോദ്യം. എന്താ വൈകിയത്. നിറഞ്ഞ ചിരിയോടെ നിൽക്കുന്നു ഗംഗാധരൻ. സഹപാഠി. കുഞ്ഞുനാളിലെ അതേ ചിരി… വണ്ടി വിളിച്ചൂടെ ബാലെ.വേണ്ട ഒന്നു നടക്കട്ടെ……പിന്നിൽ മറ്റാരോ..ആരാണത്. തിരിഞ്ഞു നോക്കിയില്ല.ഭൂരിപക്ഷം അപരിചിത മുഖങ്ങൾ.
ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. നടത്തത്തിന് വേഗത കൂട്ടണോ? വേണ്ട ആരെയാണ് പേടിക്കുന്നത്. ജനിച്ചു വളർന്ന നാട്. ഒരായിരം തവണ ഈ പൂഴിമണൽ ചവിട്ടി ഞാൻ നടന്നിട്ടുണ്ട്. ഒപ്പം നടന്നവർ പലവഴിക്കായി. ഓർമ്മകളുടെ ചുരം കയറി പോകാൻ വാഹനങ്ങളുടെ ശബ്ദം അനുവദിക്കുന്നില്ല. കാണുന്നവരുടെ മുഖത്ത് അപരിചിതത്വം. ഇവരെല്ലാം എങ്ങോട്ടാണ് ഇത്ര ധൃതി പിടിച്ചു പോകുന്നത്. റോഡിൽനിന്ന് ഇടവഴിയിലേക്ക് തിരിഞ്ഞു. മിക്ക വീടുകളിലും സന്ധ്യാദീപം തെളിയിച്ചിട്ടുണ്ട്.
ആരാ അത്? അല്പം വേഗം നടന്നോളൂ. ഇഴ ജീവികൾ ഇറങ്ങ്ണ സമയാണ്. തിരിഞ്ഞു നോക്കിയപ്പോൾ കണാരേട്ടൻ. കാലുകൊണ്ട് പൂഴിമണൽ തെറിപ്പിച്ച് കണാരേട്ടൻ വേഗത്തിൽ നടന്നു നീങ്ങി.
കണാരേട്ടാ….. ആ വിളി കണാരേട്ടൻ കേൾക്കാതെ പോയി. ആമുഖത്തെ അപരിചിതത്വം അങ്ങനെത്തന്നെ നിൽക്കട്ടെ എന്ന് ബാലയും ഉറപ്പിച്ചു. പരിചയങ്ങൾ പുതുക്കേണ്ടതില്ല.
ഇടവഴിയിലൂടെയുള്ള നടത്തത്തിന് അല്പം വേഗത കൂട്ടണോ? വീടുകളിൽ നിന്ന് വരുന്ന മങ്ങിയ വെട്ടം അല്ലാതെ വഴിവിളക്കുകൾ ഇല്ല. അറിയാതെ വേഗത കൂടിയോ? എതിരെ വന്ന ചെറുപ്പക്കാർ ഒന്ന് ‘വട്ടം’ചവിട്ടിയ പോലെ തോന്നി. ആരാടാ ഈ ‘പുതിയ മുഖം’
ബാലയ്ക്ക് ഉറക്കെ പറയണമെന്ന് തോന്നി.ഞാൻ….ഞാനല്ല. നിങ്ങളാണ് പുതിയ മുഖങ്ങൾ…. പെട്ടെന്ന് മുന്നിലേക്ക് ഓടിവന്ന ഒരു പട്ടിക്കുട്ടിയുടെ പിന്നാലെ ആരോ ഓടി വരുന്നു. അടുത്തെത്തിയപ്പോൾ…. “ചേച്ചി എന്തേ ഇത്ര വൈകിയത്?”.ഓ മധു നീ എങ്ങോട്ടാ ഈ നേരത്ത്. അഴിച്ചുവിട്ടാൽ ഈ പട്ടിക്കുട്ടി നേരെ റോട്ടിലോട്ട് ഓടും.
മധുവിന്റെ കൂടെ പതുക്കെയായി നടത്തം. പുള്ളുവപ്പാട്ടിന്റെ ഈണം വ്യക്തമായി കേട്ടു തുടങ്ങി. ആരാ ഇപ്പോൾ കുടം കൊട്ടണത്. വല്യമ്മ കൊട്ടും അച്ഛൻ വീണ മീട്ടും.നിനക്ക് താല്പര്യമില്ലേ ഇതില് .ഫ്ലൂട്ടിനോടാണ് എനിക്ക് കമ്പം. വീടടുക്കുന്തോറും പുള്ളുവപ്പാട്ടിന്റെ ഈരടികൾ….
ഗതകാലത്തിന്റെ ഓർമ്മകൾ. ബാല്യത്തിൽ പുള്ളുവപ്പാട്ടിനോട് ഒരു പേടിയായിരുന്നു.. സന്ധ്യാ നേരത്തെ പുള്ളോ കുടത്തിലുള്ള കൊട്ട് കേൾക്കുമ്പോ അമ്മൂമ്മയുടെ അടുത്ത് പോയിരിക്കും.യൗവനത്തിൽ അത് സിരകളിൽ അലിഞ്ഞുചേർന്ന ഒരു ലഹരിയായി. ഇപ്പോ അതൊരു ഓർമ്മപ്പെടുത്തൽ ആകുന്നു.
ഓർമ്മകളുടെ ഇഴ പിരിയുകയാണ്. ചിന്തകൾ ഒരുപാട് പുറകോട്ട് വലിയുന്നതുപോലെ. ചന്ദ്രൻ,നിത്യ, മണി അവരെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ പലവഴിക്കായി.രണ്ടുപേർ സ്വയം മതിയാക്കി തിരിച്ചുപോയി. എല്ലാം നിയോഗങ്ങളായി കണക്കാക്കാമോ. ചേച്ചി ഇന്നൊരു ഓർമ്മയായതും നിയോഗമാകാം….. വിപ്ലവകാരി,സാഹിത്യകാരി, അതിലുപരി നല്ലൊരു അധ്യാപിക.
ഓർമ്മകൾ വേദനകൾ ആകുന്ന നേരം, ഞരമ്പുകൾ വലിഞ്ഞുമുറുകുന്നത് പോലെ….. ചേച്ചി, മധുവിന്റെ വിളി. വീട്ടിലേക്ക് ആക്കണോ? വീട് എത്തീല്യേ കുട്ടി ഇനി വേണ്ട.
ദൂരെ നിന്നെ അമ്മയുടെ മുഖം സന്ധ്യാദീപത്തിന്റെ പ്രകാശത്തിൽ കാണാം. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ അമ്മയ്ക്ക് കൂട്ടായി പുസ്തകങ്ങൾ ഉണ്ട്.
“എന്റെ ബാലെ നിനക്ക് ഇത്തിരി നേരത്തെ പുറപ്പെട്ടൂടെ.? “മറുപടി പറയാതെപടികൾ കയറി. അച്ഛനെന്ത്യേ?
ബാല എത്തിയോ?. അച്ഛന്റെ ശബ്ദം. ശരീരത്തിന്റെ ദുർബലത ശബ്ദത്തിന് ഇല്ല. ഈ ശബ്ദത്തിലൂടെയാണ് ഞാൻ ലോകം നോക്കി കണ്ടത്. വായനയുടെ വാതായനങ്ങൾ തുറന്നു തന്നത് ഈ വയോധികനാണ്. അറിവ് ആയുധമാണെന്ന തിരിച്ചറിവ് മനസ്സിലാക്കി പ്രവർത്തിക്കാൻ അച്ഛനിൽ നിന്ന് കിട്ടിയ ആർജ്ജവം. അതാണ് എന്റെ ജീവിത സമ്പത്ത്.
“ബാല കുളിച്ച് എന്തെങ്കിലും കഴിക്കാൻ നോക്കൂ….എന്താ ഒരു ഉത്സാഹക്കുറവ് തണുപ്പുണ്ട്. ചൂടുവെള്ളത്തിൽ കുളിച്ചോളൂ.”
കുളത്തിൽ ഒന്നു കുളിച്ചാലോ അമ്മേ. പണ്ടത്തെപ്പോലെ അല്ല കുട്ടി. . കൽപ്പടവുകൾക്ക് ഇളക്കം തട്ടിയിരിക്കണ് . സൂക്ഷിക്കണം. തറവാട്ടുകുളായോണ്ട് അന്യര് ഉണ്ടാവില്ല. കുളി കഴിയാറായപ്പോൾ യാമിനിയും അവളുടെ അനുജത്തി ചാന്ദിനിയും. അന്വേഷണങ്ങൾ കൈമാറി പടവുകൾ കയറി.
പൂമുഖത്ത് തിണ്ണയിൽ തൂക്കുവിളക്കിന്റെ അരികെ വെറുതെയിരുന്നു. നനഞ്ഞ മുടി ഒന്നുകൂടി വിടർത്തിയിട്ടു. ഇവിടുത്തെ വായുവിന് പോലും എത്ര ഭാരക്കുറവാണ്. ദൂരെ നിന്ന് ശരണം വിളി കേൾക്കാം. കൂട്ടിന് അമ്പലമുറ്റത്തെ പാല പൂത്ത മണവും.
ജീവിതത്തിന്റെ പിന്നാമ്പുറത്തേക്കുള്ള ഒരു തിരിച്ചുപോക്ക്.
“ആരാ അത് തിണ്ണയിൽ ഇരിക്കണത്.?” പുള്ളോത്തിയുടെ ശബ്ദം. വാർദ്ധക്യം കാഴ്ചയെ ബാധിച്ചിട്ടില്ല. അടുത്ത് അയൽപ്പ ക്കത്തെ നാണിയമ്മ.
“ബാലയാണ് പുള്ളോത്ത്യേ “.
അങ്ങ് ഒറ്റപ്പാലത്തേക്ക് കൊടുത്ത കുട്ടി ആണോ? സ്കൂളില് പഠിപ്പിക്കണ…
എപ്പോ വന്നു.കൂടെ ഉണ്ടോ? കാലം കുറെ ആയിരിക്കണ് കണ്ടിട്ട്.
ഇല്ല ആള് ഇത്തിരി തിരക്കിലാ.എന്താ വിശേഷം പുള്ളോത്ത്യേ….തിരക്കില്ലെങ്കി
പുള്ളോത്തി നാളെ രാവിലെ ഇങ്ങോട്ടൊന്നു വരൂ.എന്റെ നാവോറ് ഒന്ന് പാടണം.
നാണിയമ്മയുടെ ഉറക്കെയുള്ള ചിരി….. പത്ത് നാൽപ്പത് കഴിഞ്ഞില്ലേ കുട്ട്യേ… എന്നിട്ടാണോ നാവോറ് പാടണത്. നാണിയമ്മയുടെ ചിരി കേട്ടാണ് അമ്മ വന്നത്. ഇത് കേട്ടോ ബാലേടെ അമ്മേ. കുട്ടിടെ നാവോറ് പാടണത്രെ . ചിരി നിർത്താതെ നാണിയമ്മ പോയി. ആ ചിരിയിൽ ഒരു പൈശാചികത ഉള്ളതുപോലെ.
എന്താ ബാലേ നിനക്ക് പറ്റിയത് .നാവോറ് പാടാൻ വയസ്സു കണക്കാക്കണോ അമ്മേ. ഞാൻ ഇന്നും ഒരു കുട്ടി തന്നെയാ. ഈ പൂമുഖത്തിരിക്കുമ്പോൾ യൗവനത്തിലേക്കും ബാല്യത്തിലേക്കും കാലിടറി വീഴുന്ന പോലെ. ഞാനിപ്പോഴും പിച്ച വെച്ച് നടക്കുകയാണ്. അദൃശ്യമായ ഏതോ ഒരു വിരൽ…… അതിൽ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്. ബാല്യത്തിന്റെ തൊട്ടിൽ ഇപ്പോഴും ആടിക്കൊണ്ടേയിരിക്കുകയാണ്.
“ എന്താ മോനു നീ ഇത്ര വൈകിയത് വിളിക്കാൻ.” ഉത്തരം നൽകാതെ മോനുചോദിച്ചു അമ്മ എപ്പോ എത്തി. എന്താ അമ്മയുടെ സംസാരത്തിൽ ഒരു…. എന്തുപറ്റി?
അമ്മ ഒരു കാര്യം ചെയ്യ് അമ്മേടേം വല്യമ്മെടെയും ഈറ്റില്ലമായ ആ ഗ്രന്ഥപ്പുര ഒന്ന് തുറക്ക്. വിപ്ലവം, പ്രണയം, സാഹിത്യം,വാഗ്വാദങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം അല്ലേ ആ മുറി. വല്യമ്മയുടെനി ശ്വാസം, ചിന്തകൾ, സ്പർശനം എല്ലാം അവിടെയുണ്ട്. അമ്മ കുറച്ചുനേരം തനിയെ അവിടെ ഇരിക്ക്. അമ്മയ്ക്ക് ഒറ്റപ്പെട്ടു എന്ന തോന്നൽ, അതുണ്ടാവില്ല. എത്രയോ കുട്ടികൾക്ക് അമ്മ സ്നേഹിതയായി., വഴികാട്ടിയായി എന്നിട്ടും അമ്മ എന്തിനാണ് ഒരു വല്മീകത്തിലേക്ക്ചുരുങ്ങുന്നത്.
“മോനു എപ്പോഴാ വരണത്.?”
“പത്തിനുള്ള വേണാടിനു പുറപ്പെടും. രാവിലെ അവിടെ എത്തും.”
കിടക്കയിൽ കിടന്ന് പതുക്കെ ആടുജീവിതത്തിന്റെ ലോകത്തിലേക്ക് നടന്നു നീങ്ങി.
അമ്മയുടെ പതിവ് ചോദ്യം. ബാല ഉറങ്ങിയോ?
നാഗയക്ഷിക്കളത്തിൽ ഇരിക്കുന്ന എനിക്ക് കൂട്ടായി ഹക്കിം ഉണ്ട്. പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൻവൃക്ഷം. കൂട്ടിന് മറ്റാരുമില്ല..ചങ്ങല കൊണ്ട് കാലുകൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. നാഗപ്പാട്ട് എവിടെനിന്നോ വരുന്നുണ്ട്. അത് സിരകളെ ഉണർത്തുന്നു. പതുക്കെ മുഖമുയർത്തി മേലോട്ട് നോക്കി. മരത്തിൽ നിന്ന് ഊർന്നു വീഴുന്ന നാഗക്കുട്ടികൾ ശരീരത്തിൽ വീണ് അവ പുഴുക്കളെപ്പോലെ ഇഴയുന്നു. രക്ഷപ്പെടാനുള്ള ഒറ്റ വഴി പോലുമില്ല.
ഇത് ജീവിത സമരമാണ്..ഇവിടെ പൊരുതി ജീവിക്കണം. രക്ഷപ്പെടൽ ഒരാൾക്കു മാത്രം. വംശവൃക്ഷത്തിന് താങ്ങായി ഇവിടെ ഒരാൾ വേണം. പരസ്പരം ബന്ധിക്കപ്പെട്ടവരിൽ ഒരാൾ രക്ഷപ്പെടുമ്പോൾ വംശവൃക്ഷം ഒരു ഭാഗത്തേക്ക് ചായും. പിന്നെ താങ്ങായി ഒരാൾ മാത്രം. അയാളും രക്ഷപ്പെടുകയാണെങ്കിൽ വൃക്ഷം നിലം പതിക്കും. അതോടെ മനുഷ്യവംശം ഇല്ലാതാവും.
ഹക്കീമിന്റെ വാക്കുകൾ…...അതോടൊപ്പം നാഗക്കളത്തിലെ പാട്ടും. ശ്വാസഗതി നിലച്ചത് പോലെ. ഓരോ നിശ്വാസത്തിനും ഒരു ആയുസ്സിന്റെ ദൈർഘ്യം. അപ്പോഴും ഒറ്റ ആഗ്രഹം. ഈ ചങ്ങലയിൽ നിന്ന് വിമുക്തയാവണം. മോചനത്തിനായി ശരീരം ഒരു നാഗത്തെപ്പോലെ പുളഞ്ഞു. കട്ടപിടിച്ച ഇരുട്ട് ഒരു കരിനാഗത്തെപ്പോലെ പത്തി വിടർത്തി നിൽക്കുന്നു.
നെറ്റിയിൽ ഒരു തണുത്ത സ്പർശം. അമ്മയെന്താ സ്വപ്നം കണ്ടോ? അമ്മെടെ സെൽഎവിടെ.?അച്ഛൻവിളിച്ചിരുന്നു.ഇന്ന് മോണിംഗ് അച്ഛൻ എത്തും.
അമ്മയുടെ സ്വതസിദ്ധമായ സൗമ്യമായ വിളി…..ബാല ഫോൺ ഇന്നലെ ഉമ്മറത്ത് വച്ചു പോന്നു.
ആരോ ഫോൺ വിളിക്കുന്നുണ്ട് .നോക്കിയപ്പോൾചന്തുവാണ്.
“എന്താ ചന്തു ഇത്ര നേരത്തെ”. മറുപടിയായി അവൾ പറഞ്ഞു. നീ വേഗം തയ്യാറാവ് നമ്മുടെ നന്ദിനി ടീച്ചർക്ക് തീരെ സുഖമില്ല. നമ്മൾ ദശാവതാരങ്ങൾ എല്ലാവരും ഉണ്ട്.ആശുപത്രിയിലാണ് ടീച്ചർ. നമുക്ക് ഒന്നിച്ച് ഒരു യാത്രയും ആവും. യാത്രകൾ നിനക്ക് അനുഭവങ്ങൾ ആണല്ലോ. എന്തെങ്കിലും കിട്ടാതിരിക്കില്ല.
ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോൾ ബാലയ്ക്ക് ചേച്ചിയെ ഓർമ്മ വന്നു. വേദനയുടെ ദിനങ്ങൾ.ബന്ധങ്ങൾ തിരിച്ചറിഞ്ഞ നാളുകൾ. മരണമെന്ന സത്യം നമ്മെ നോക്കി ചിരിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരുന്ന അവസ്ഥ. രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ചേച്ചി പറഞ്ഞു ജീവിച്ചു കൊതി തീർന്നില്ല മോളു. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിൽ വ്യക്തമായി ചേച്ചി പറയുന്നുണ്ടായിരുന്നു. ‘ഞാൻ…… ഞാൻ അടുത്ത വണ്ടിക്ക് വരാം…’
കാലുകൾക്ക് ഒരു തളർച്ച പോലെ.നന്ദിനി ടീച്ചറുടെ അരികത്ത് കിടക്കയിൽ ഇരിക്കുമ്പോ മനസ്സ് വളരെ ദുർബലമായിരുന്നു. ബാലയ്ക്ക് എന്തു പറ്റി. കൈകളിൽ തൊട്ടുകൊണ്ട് നന്ദിനി ടീച്ചർ പറഞ്ഞു. ചെറിയ ചൂട് ഉണ്ടല്ലോ. ബാലാ ഡോക്ടറെ കാണണോ. ഒന്നും വ്യക്തമാകാത്ത പോലെ.നന്ദിനി ടീച്ചറുടെ കൈകൾ മുറുകെ പിടിച്ച്കിടക്കയിലേക്ക് പതുക്കെ……ആരുടെയൊക്കെയോ ശബ്ദങ്ങൾ. ഒരായിരം കടന്നലുകൾ ഒന്നിച്ചു മൂളുന്ന തോന്നൽ. പിന്നെ ഒന്നും ഓർമ്മയില്ല.
ആരോ വിളിക്കുന്ന പോലെ. കണ്ണുകൾ പതുക്കെ തുറന്നു. എല്ലാം വളരെ വ്യക്തം. ഒരു ദീർഘനിദ്രയിൽ നിന്നും ഉണർന്ന ആലസ്യം. പക്ഷേ ആരാണിവരെല്ലാം. ഏതാണീ ദശമുഖങ്ങൾ.അവ ആർത്ത് ചിരിക്കുന്നു.എല്ലാവർക്കും ഒരേ മുഖം. വേറെ കുറെ വെളുത്ത ഉടുപ്പിട്ട പിശാചുക്കൾ.
ഓട്ടത്തിന്റെ വേഗത കൂടി.പിന്നിൽ നിന്ന് ആരൊക്കെയോ പേര് ചൊല്ലിവിളിക്കുന്നുണ്ട്.. ആരോ ഉറക്കെ കരയുന്നു. മുന്നിൽ വിജനമായ ഇടനാ ഴികൾ……
കണ്ണുകൾ ഒന്നു തുറന്നടച്ചു. പാതിയടഞ്ഞ കണ്ണുകൾക്ക് മുന്നിൽ മോനു. അവന്റെ ശബ്ദം….. അച്ഛാ അമ്മ….. ആർദ്രമായ നാലു കണ്ണുകൾ.
കാലുകൾ നിലത്തുറക്കാത്ത പോലെ.പിന്നിൽനിന്ന് ആരോ താങ്ങിയപോലെ….
പതുക്കെ ബലിഷ്ടമായ ആകൈകളിലേക്ക് തളർന്നു വീഴുമ്പോൾ നെറ്റിയിൽ സൗമ്യമായി തലോടിക്കൊണ്ട് പറയുന്നുണ്ട്,
മോളു നിനക്കൊന്നുമില്ല…..ചന്ദനഗന്ധമുള്ള ആ നെഞ്ചിലേക്ക് മുഖമമർത്തിവീണ്ടും ഒരു മയക്കത്തിലേക്ക് വീഴുമ്പോൾ
അകലെനിന്ന് ഒരു നാവോറ് പാട്ടിന്റെ ഈരടികൾ കാറ്റിലൂടെ ഒഴുകിവരുന്നുണ്ടായിരുന്നു…….
.
What's Your Reaction?