മാപ്പിള പൊട്ടൻ

   19-Apr-2025 : 1:19 PM   5      63

സുബഹ് വാങ്ക് കേട്ട് അലി ഹാജി പള്ളിയിലേക്ക് നിസ്കരിക്കാൻ പോകുന്ന നേരത്താണ് അണ്ണാച്ചി മസ്താൻ്റെ  കബറിടത്തിൽ ഒരു വെള്ളായം കണ്ടത് ,ഹാജിയുടെ മനസ്സിൽ ഒരു വെള്ളിടി പൊട്ടി ,എന്തായാലും മുന്നാക്കം വെച്ച കാൽ പിന്നോട്ടില്ല,ഹാജി കബറിടത്തിൽ എത്തി തലേന്ന് കത്തിയമരാത്ത ചന്ദനത്തിരികളിൽ മഞ്ഞുതുള്ളികൾ തിളങ്ങി… 

കബറിടത്തിൽ ചുരുണ്ട് കൂടി കിടക്കുന്ന ഒരാൾ രൂപം, ,പടച്ചോനെ മയ്യത്താണോ ,പതുക്കെ തട്ടി വിളിച്ചു ,ചാടി എണീറ്റ ആൾരൂപത്തിനോട് ഹാജി അലറി,
 ആരാണ്ടാ ഹറാം പിറന്നോനെ ഇവിടെ ഇന്നോട് കെടക്കാൻ പറഞ്ഞെ,
 ആൾ രൂപത്തിന് മിണ്ടാട്ടമില്ല വീണ്ടും വീണ്ടും അലറി…. 
മറുപടിയായി പള്ളിക്കാട്ടിലെ കൈത പൊന്തകുള്ളിൽ നിന്ന് കുറുക്കന്മാർ ഓരിയിട്ടു,
ആൾ രൂപം ദേഷ്യത്തോടെ മുരണ്ടു...
തൊണ്ടകുഴിയിൽനിന്ന് നിന്ന് കാറ്റിനോടൊപ്പം ചില അപശബ്ദങ്ങൾ മാത്രം ... 
ഹാജിയുടെ കരൾ അലിഞ്ഞു , നെഞ്ചോട് ചേർത്തു ഇറുകെ പുണർന്നു .

നിസ്കാരം കഴിഞ്ഞവരോടായി ഹാജിയുടെ അഭ്യർത്ഥന മിണ്ടാനും പറയാനും പറ്റാത്ത ഈ യത്തീമിന് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം പടച്ചോൻ നിങ്ങളെ കാക്കും ,ഓൻ ഈ പള്ളിയിൽ കിടന്നോട്ടെ ,വെളുത്ത തലേകെട്ടുകൾ ഒന്നിച്ചാടി……. 

അലി ഹാജി പറഞ്ഞത് പോലെ ഓരോത്തരും പൊട്ടനെ സഹായിച്ചു.  എന്നാൽ അമ്മുണ്ണിയെപ്പോലുള്ളവർ ഒന്നും കൊടുത്തില്ല .

 മിണ്ടാനും പറയാനും  പറ്റാതെയല്ലേ ഉള്ളു  നല്ല ആരോഗ്യമുണ്ടല്ലോ ഓന്  നയിച്ച് തിന്നൂടെ? 

സഹായിക്കാത്തവരുടെ കുടിയിലെ അമ്മിക് അമ്മികുഴയും കിണറിന് തൊട്ടിയും നഷ്ട്ടപെട്ടു.  
തൈ തെങ്ങുകളുടെ കുരുത്തോലകൾ തോരണമായി,

 അമ്മുണിയെ പോലുള്ളവർ പൊട്ടനെ നന്നായി പെരുമാറി.  എന്നാൽ പള്ളികുളത്തിൽ മുങ്ങിക്കുളിച്ച് കഴിഞ്ഞാൽ  പൊട്ടൻ്റെ  എല്ലാ ഏനക്കേടും മാറും.പൊട്ടൻ  വീണ്ടും പഴയ പോലെ കരുത്തനാകും  .  

പകലത്തെ അലച്ചിലെല്ലാം കഴിഞ്ഞ പൊട്ടൻ വിശാലമായ പള്ളികുളത്തിലേക് ഊളയിടും... വെള്ളത്തിൽ മലർന്ന് കിടന്ന് തന്നെ കള്ളക്കണ്ണിട്ട്  നോക്കുന്ന അമ്പിളികുട്ടനെ നോക്കി കണ്ണിറുക്കി കാട്ടും... അന്നേരം പരൽ മീനുകൾ പൊട്ടനെ ഇക്കിളിയിടും ...

കണ്ണുകൾ  ഇറുക്കി പൊട്ടൻ ഉറക്കെ ചിരിക്കും ... അന്നേരം പള്ളിമിനാരത്തിലെ കോളാമ്പിയിലൂടെ വാങ്ക് വിളി മുഴങ്ങും  ... അതിനൊപ്പം കൈതക്കാടിലെ കുറുക്കന്മാർ ഓരിയിടും ... രക്തം ശിരസിലേക് ഇരച്ചുകേറി പൊട്ടൻ്റെ  കണ്ണുകൾ തുറിക്കും. കയർസഞ്ചിയിലെ ഉരുളൻ കല്ലുകൾ കൈതക്കാട്ടിലേക് ചീറി പാഞ്ഞു .... കുറുക്കന്മാർ ചിതറിയോടി. ... നത്തുകൾ  ചിറകടിച്ചു ഉയർന്നു ... പള്ളിക്കാട്ടിലെ മീസാൻ കല്ലുകൾക്കുള്ളിലെ അസ്ഥികൾ മാത്രം ഉണർന്നില്ല .

 മൂന്നാം ക്ലാസിലെ ഒരു ഇൻ്റെർവെൽ , ഞാനും മുജീബും ഐസ് ഫ്രൂട്ട്കാരൻ്റെ കയ്യിൽ നിന്നും ഐസ് ഫ്രൂട്ട് വാങ്ങി തിന്നുകൊണ്ടിരിക്കുമ്പോളാണ്  മുജീബിൻ്റെ വാതുവെപ്പ് . പടിഞ്ഞാറു നിന്നു വരുന്ന ഒരാളെ  ചൂണ്ടിക്കാട്ടി അവൻപറഞ്ഞു.  'ആയാളെ നോക്കി നീ മൂക്ക് ചൊറിയുകയാണെങ്കിൽ എൻ്റെ വക ഒരു ഐസ് ഫ്രൂട്ട്'  .അയാളെ ഞാൻ സാകൂതം നോക്കി ,

മുട്ടോളം  എത്താത്ത മുഷിഞ്ഞ തോർത്തു മുണ്ട് ,ഇടക്കിടെ പിന്നിയ അയഞ്ഞു തൂങ്ങിയ ബനിയൻ ,മൊട്ടത്തല, ചുമരിൽ തൂങ്ങി കിടക്കുന്ന കയർ സഞ്ചി , ആനക്കുട്ടിയെ പോലെ ആടിയാടിയുള്ള നടപ്പ് ,

കൊതിയുടെ  ലഹരിയിൽ ഞാൻ മൂക്ക് മാന്തി . എൻ്റെ ഇടതു ചെവിയുടെ  അരികിലൂടെ ഒരു കൽ ചീള് പാഞ്ഞ് പോയി ... പേടിച്ചരണ്ട ഞാൻ ഉറക്കെ  അലറി കരഞ്ഞു .പകച്ചുപോയ പൊട്ടൻ എൻ്റെ അരികിലെത്തി തലയിലൂടെ തഴുകി , ഐസ് ഫ്രൂട്ട് കാരനിൽ നിന്ന് ഒരു ചുവന്ന ഐസ് ഫ്രൂട്ട് എനിക്ക് തന്നു .

മുജീബിൻ്റെ കണ്ണ് തുറിച്ചു അവൻ മറ്റൊരു മഞ്ഞ ഐസ്ഫ്രൂട്ട് എനിക്ക് വാങ്ങി തന്നു , അകലേക്ക് മാഞ്ഞ പൊട്ടനെ ഞാൻ ആരാധനയോടെ നോക്കി... അന്നേരം മുതൽ ഞാൻ പൊട്ടൻ്റെ കടുത്ത ആരാധകനായി .

പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികൾ ഒരുപാട് വളർന്നു ... കുറുക്കന്മാർ പെറ്റു പെരുകി ... ആയിടക്കാണ് കോയക്കാൻ്റെ  രണ്ടാം കെട്ട്യോള്  കോളനിയിലെ രാമൻ്റെ മോനുമായി ഒളിച്ചോടിപ്പോയത് ,അന്ന് രാത്രി കോളനിയിലെ കുടികൾക്ക്  ആരോ തീയിട്ടു. നാട്ടിലൂടെ ഇടി വണ്ടികൾ ചീറി പാഞ്ഞു ...നാട്ടിൽ ചേരി തിരിഞ്ഞ് കലാപമായി ... സ്കൂളിൽ  കാക്കി കുപ്പായക്കാർ താമസമാക്കി ....പഠിപ്പില്ലാത്ത കാരണം    ഞാനും  മുജീബും ഗോലി കളിച്ചു തിമർത്തു ....

രാത്രിയിൽ കാക്കി കുപ്പായക്കാർ റോന്ത് ചുറ്റി പലയിടത്തു നിന്നും അലമുറയും വിസിലടി ശബ്ദങ്ങളും അലയടിച്ചു ...പള്ളി തോടിൻ്റെ വക്കത്ത്  വെച്ചു കാക്കി കുപ്പായക്കാരും പൊട്ടനും തമ്മിൽ മല്പിടുത്തമായി പൊട്ടൻ കുതറിയോടി. പിന്നിൽ വിസിൽ അടിച്ചു... ബൂട്ടുകൾ പാഞ്ഞു ... പൊട്ടൻ്റെ കയർ സഞ്ചിയിൽ നിന്ന് കല്ലുകൾ തുരു തുരാ പാഞ്ഞു ...കാക്കി കുപ്പായക്കാർ അലറി വിളിച്ചു ...  രക്ഷയില്ലാതെ ചട്ടി തൊപ്പിക്കാർ നാനാ ദിക്കിൽ നിന്നും തുരു തുരാ എറിഞ്ഞു….. 

ഉന്നം തെറ്റി കല്ലുകൾ മൈലാഞ്ചി കാട്ടിലേക്കും പാഞ്ഞു ....കുറുക്കന്മാർ മോങ്ങി ജീവനും കൊണ്ട് ചിതറിയോടി .... നത്തുകൾ പാറിയകന്നു ...പൊട്ടൻ പള്ളി കുളത്തിലേക്കു ഊളയിട്ടു .... അരിശം തീരാതെ ചട്ടി തൊപ്പിക്കാർ കുളത്തിലേക്കു  മുഴുത്ത കല്ലുകൾ പാറിച്ചു.... കുളത്തിൽ നിന്ന് നുരയും പതയും പൊങ്ങി .....  

       
ആ വാർത്ത കാട്ടുതീ  പോലെ പരന്നു...ഗോലി കളിച്ചിരുന്ന ഞാനും മുജീബും പള്ളിയിലേക്കു ഓടി... ..പള്ളികുളത്തിനു ചുറ്റും വലിയ ആൾകൂട്ടം... പൊട്ടൻ്റെ  മയ്യത്ത് പൊങ്ങി കിടക്കുന്നു ...പരൽ മീനുകൾ ചോര നുണയുന്നു...എൻ്റെ ഖൽബ് പൊട്ടി ... കണ്ണ് നീര് കുടു കുടാ .. ഒഴുകി ... ചെറിയ കല്ലെടുത്തു പരൽ മീനുകളെ ഞാൻ തുരത്തി ....

കാതുകളിൽ നിന്ന് കാതുകളിലൂടെ മന്ത്രിച്ചു ...പൊട്ടൻ .. സുന്നത്തു ചെയ്തിട്ടില്ല ... കാഫിറാണ്... പള്ളിപ്പറമ്പിൽ മയ്യത്തു വെക്കാൻ പറ്റില്ല .... പഞ്ചായത്തിൻ്റെ വണ്ടി വന്നു മയ്യത്തു കേറ്റി അകലേക്ക്  മറഞ്ഞു .... കണ്ഠം പൊട്ടി ഞാൻ ഉറക്കെ കരഞ്ഞു ... അന്നേരം പള്ളിക്കാട്ടിലെ കൈതോലകൾ മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി ….
ലാ ഇലാഹി ഇല്ലല്ലാ ... ലാ ഇലാഹി ഇല്ലല്ലാ...ലാ ഇലാഹി ഇല്ലല്ലാ ....  

What's Your Reaction?