വിശുദ്ധൻ്റെ ഗന്ധം

   02-Apr-2025 : 8:37 PM   0      28

അസീസിയുടെ സ്വന്തം ഫ്രാൻസിസ് അഥവാ ദൈവത്തിൻ്റെ സ്വന്തം പാപ്പർ - സ്കൂൾ കാലഘട്ടത്തിൽ സന്മാർഗശാസ്ത്രം അഥവാ Moral Science എന്ന വിഷയത്തിൻ്റെ പാഠപുസ്തകത്തിൽ നിന്നാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ സംസാരിക്കാനറിയാവുന്ന ഒരു വിശുദ്ധൻ എന്നായിരുന്നു ആ പുസ്തകത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രതിപാദ്യം.

സ്നേഹത്തിന് ഏതൊരു ജീവിയിലും സ്വാധീനം ചെലുത്താനാവുമെന്ന് ലോകത്തെ പഠിപ്പിച്ച വിശുദ്ധൻ്റെ കഥ; ആ കഥയിൽ നിന്നായിരുന്നു അസീസിയിലെ ഫ്രാൻസിസിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. മിണ്ടാപ്രാണികളോട് അദ്ദേഹം ഏത് ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത് എന്ന കൗതുകമാണ് ആദ്യം തോന്നിയത്. ക്ലാസിൽ നിന്ന് ആ പാഠം പഠിച്ചിറങ്ങിയ ശേഷം വീട്ടിലെത്തി പറമ്പിലൂടെ ഓടിനടന്ന് കുയിലിനോട് കൂകിയും കാക്കയോട് സൊറ പറഞ്ഞും പട്ടികളോടും പൂച്ചകളോടും പശുക്കളോടും ആടുമാടുകളോടും പതിവിലധികം സമയം കഥ പറഞ്ഞും ചെലവിട്ട ഒരു ബാല്യമുണ്ടായിരുന്നു. നിഷ്കളങ്കതയുടെ ഭാഷയായിരുന്നു അത് എന്ന് മനസ്സിലാവാൻ ലോകത്തോടൊപ്പം വളരേണ്ടിയിരുന്നു. 

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒരു ഘട്ടമുണ്ടായിരിക്കും; അന്നുവരെയുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായി അയാളെ മാറ്റുവാൻ തക്ക ഗതിവിഗതികളിലൂടെ അയാൾ കടന്നു പോകുന്നൊരു സുപ്രധാനഘട്ടം. ലോകനന്മയ്ക്കായി അശ്രാന്തപരിശ്രമം ചെയ്തിട്ടുള്ള ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഉണ്ടായിരിക്കും അത്തരമൊരു കാലഘട്ടം. സുഖലോലുപതയുടെയും കുത്തഴിഞ്ഞ ജീവിതത്തിൻ്റെയും മധ്യത്തിൽ നിന്ന് ധാർഷ്ട്യത്തിൻ്റെ ഉടവാളുമേന്തി യുദ്ധക്കളത്തിലേക്ക് കടന്നുചെന്ന യുവാവിന് ശിക്ഷയായി വിധിക്കപ്പെട്ടതു കാരാഗൃഹവാസമായിരുന്നു. ആ കാരാഗൃഹത്തിനെ മൂടി നിന്നിരുന്ന കട്ടപിടിച്ച ഇരുട്ടിൽ അയാൾ പലവട്ടം ദൈവത്തിൻ്റെ സാന്നിധ്യമറിഞ്ഞു. അതയാളിൽ വെളിച്ചത്തിൻ്റെ ഭണ്ഡാഗാരങ്ങൾ തുറന്നിടുകയായിരുന്നു എന്നതിന് തെളിവായി ചരിത്രത്തിൽ നാം കാണുന്നത് തനിക്കു മുന്നിലുള്ള സാധുവിനെ ക്രിസ്തുവെന്നു ധരിച്ച് ആലിംഗനം ചെയ്ത അയാളെയാണ്. 


അയാളുടെ സ്വപ്നങ്ങളിൽ പലപ്പോഴായി അയാൾ കേട്ട ദൈവശബ്ദമായിരുന്നു തൻ്റെ പൈതൃകത്തെയും കുടുംബത്തെയും സമ്പൽസമൃദ്ധമായ ഒരു ജീവിതത്തെയും വേണ്ടെന്നു വെയ്ക്കുവാൻ അയാളെ പ്രാപ്തനാക്കിയത്. സാൻ ഡാമിയനിലെ പള്ളിയെ ജീർണ്ണാവസ്ഥയിൽ നിന്നും പുനരുദ്ധരിക്കണമെന്ന ദൈവനിർദ്ദേശം നിറവേറ്റുവാനുള്ള പിന്തുണ തൻ്റെ പിതാവിൽ നിന്നോ കുടുംബത്തിൽ നിന്നോ ലഭിക്കാത്തപ്പോൾ അതിനുള്ള ധനസമാഹരണാർത്ഥം ഭിക്ഷയെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഫ്രാൻസിസ് സ്വന്തം പിതാവിനെ പരിത്യജിച്ച് മുഴുവൻ മനുഷ്യകുലത്തിന്റെയും പിതാവിനെ പുൽകുകയായിരുന്നു. വെറുമൊരു പള്ളിയുടെ മാത്രമല്ല, മതപരമായ വ്യവസ്ഥിതിയുടെ തന്നെ സമഗ്രമായ പുനരുദ്ധാരണമാണ് തനിക്കു ലഭിച്ച ദൈവശാസനത്തിൻ്റെ പൊരുളെന്നു മനസിലാക്കിയപ്പോൾ,  ദാരിദ്ര്യത്തെ മനസാ വരിച്ച ഫ്രാൻസിസിൻ്റെ  ജീവിതം പരിശോധിക്കുമ്പോൾ ഭോഗാത്മകതയിൽ നിന്നു വൈരാഗ്യത്തിലേക്കുള്ള ആ കനത്ത ചുവടുവെപ്പ് കേവലമനുഷ്യനിൽ നിന്ന് ഒരു വിശുദ്ധനിലേക്കുള്ള പ്രയാണമായിരുന്നു. 

വ്രതാനുഷ്ഠാനങ്ങളുടെയും ദേഹപീഡകളുടെയും പ്രാർത്ഥനകളുടെയും പിൻബലമുള്ള അതിശക്തമായ കർമ്മകാണ്ഡത്തിൽ അദ്ദേഹം സന്തതസഹചാരിയാക്കിയത് ദാരിദ്ര്യത്തെയായിരുന്നു. പിൽക്കാലത്ത് തൻ്റെ മാർഗ്ഗത്തിൽ ചരിക്കുന്ന സന്യാസികൾക്കും സന്യാസിനിമാർക്കുമുള്ള ജീവിതരീതികളും കർമപദ്ധതികളും ചിട്ടപ്പെടുത്തുകയും ദൈവത്തിൻ്റെ പാതയിൽ ചരിക്കുന്നതിനെ കുറിച്ച് പല ദേശങ്ങളിൽ സഞ്ചരിച്ചുകൊണ്ട് അധ്യയനം നടത്തുകയും ചെയ്തു. അനുചരന്മാർ പലരുണ്ടായിരുന്നെങ്കിലും ദൈവത്തിൻ്റെ പ്രിയപ്പെട്ട നിസ്വനായി, അവശരുടെയും കുഷ്ഠരോഗികളുടെയും മാലാഖയായി, അയഞ്ഞൊരു ഒറ്റക്കുപ്പായത്തിനുള്ളിൽ ലാളിത്യത്തിൻ്റെ ആ പൂർണബിംബം പ്രാർത്ഥനാഗീതങ്ങളുരുവിട്ട് നിരത്തുകളിലൂടെ ഭിക്ഷ യാചിച്ചു നടന്നു. ദാരിദ്ര്യത്തെ അറിയാനും അതിലൂടെ ദൈവത്തിലേക്ക് നടന്നുചെല്ലാനുമായി ഒരു ആയുഷ്കാലം മുഴുവൻ ചിലവഴിച്ച ആ മഹത് ജന്മം  തൻ്റെ അന്ത്യസമയമടുത്തപ്പോൾ മണ്ണിനെ അറിഞ്ഞുകൊണ്ട് മൃത്യുവിനെ പുൽകാനായി വെറും നിലത്ത് പൊടിയണിഞ്ഞു കിടക്കുവാനാണ് ആഗ്രഹിച്ചത്. 

അസ്സീസിയിലെ ഫ്രാൻസിസിൻ്റെ ആത്മീയദർശനങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ പലതിലും അതിശയോക്തികൾ കലർന്നിരിക്കാമെങ്കിലും തൻ്റെ ഭൗതികജീവിതം കൊണ്ട് മനുഷ്യന് മനുഷ്യനെ കാണിച്ചുകൊടുത്ത ആ പുണ്യാത്മാവിൻ്റെ ജീവിതകഥയുടെ ചെറിയൊരു ഏട് വായിക്കാനിടവന്ന ഒരു ചെറിയ കുട്ടിയിൽ പോലും തൻ്റെ പ്രഭാവം ചെലുത്തിയ ആ വിശുദ്ധനിൽ മറ്റെന്തൊക്കെയോ കൂടി ചേർന്നിട്ടുണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. പ്രശസ്ത ഗ്രീക്ക് സാഹിത്യകാരനായിരുന്ന നിക്കോസ് കസാന്റ്സാക്കിസ് വളരെ സുന്ദരമായി ആ ചേരുവയ്ക്ക് ഒരു വിശേഷണം നൽകി - ഒരു വിശുദ്ധൻ്റെ ഗന്ധം. 

'ദൈവത്തിൻ്റെ പാപ്പർ' എന്ന പുസ്തകത്തിൽ ആ വിശുദ്ധജീവിതത്തിൻ്റെ മിഴിവുറ്റ ചിത്രങ്ങൾ വരഞ്ഞിരിക്കുന്നു. ദാരിദ്ര്യം, രോഗം, അപമാനം, വൈരൂപ്യം എന്നിങ്ങനെ ലോകത്തിനു വേദനാജനകമായ ഭൗതികയാഥാർഥ്യങ്ങളെ അദ്ദേഹം വെല്ലുവിളിച്ചത് സ്നേഹം കൊണ്ടായിരുന്നു. മധ്യകാലഘട്ടത്തിൻ്റെ അതിശൈത്യത്തിനു ശേഷം വന്ന പ്രഥമവസന്തമായി കസാന്റ്സാക്കിസ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു പൂ വിരിയുന്നത് കാണുമ്പോൾ പോലും മിഴികളിൽ ഈറനണിയുന്ന ശിശുസഹജമായ നിഷ്കളങ്കതയോടെ മനുഷ്യരും മൃഗങ്ങളും ഉൾപ്പെടുന്ന ഏറ്റവും തുച്ഛമെന്നു കരുതുന്ന ദൈവസൃഷ്ടികൾക്കുപോലും സ്വന്തമായ ഒരീണമുണ്ടെന്നു മനസിലാക്കി അവരിലേക്ക് ചാഞ്ഞു നിന്നുകൊണ്ട്  ശ്രവിച്ചിരുന്ന നവോത്ഥാന കാലഘട്ടത്തിലെ ആദിമ കലാകാരൻ..!! 

What's Your Reaction?