പച്ചപ്പിന് പോഷകങ്ങളും
ഉന്മേഷദായകമായ ശുദ്ധ
ജലവും കൊണ്ട്
ഗർഭവതിയാം അവനിയെ
പരിപോഷിപ്പിച്ചിരുന്നൊരു
കാലം...
പിറവികൊണ്ട ഉണ്ണികളുടെ
വിക്രിയകളാൽ,
മുളക്കാതെ പോയ
പുൽനാമ്പുകളും,
മാലിന്യം തീണ്ടിയ
ജല സ്രോതസ്സുകളും,
തരിശ് നിലവും
ഭൂമിക്ക് നൽകിയത്
അപപോഷണം മാത്രം...
ആഗോള വൽക്കരണത്തിൻ്റെ
വിഷ വായു ശ്വസിച്ച് പിറന്നു
വീഴുന്ന ചാപിള്ളകളും ,
ഇനിയും പിറക്കാനിരിക്കുന്ന
ഉണ്ണികൾക്കും ഒരുക്കുന്ന
കബറിടങ്ങൾ കണ്ട്
ഭൂമിയാം അമ്മക്ക് കരയുവാൻ
പോലും കണ്ണുനീർ വറ്റിയ
ജല തടങ്ങൾ മാത്രം...
ക്രുദ്ധിച്ചെരിയുന്ന സൂര്യൻ്റെ
പൊള്ളലിൽ നിന്ന്
ഓടി ഒളിച്ചൊരാ ഉണ്ണികൾ
ദാഹിച്ച് വലഞ്ഞ്, വിശന്നു തളർന്ന്
നിത്യഗർഭിണിയാം ഭൂമിതൻ
മടിത്തട്ടിൽ അഭയം തേടിയപ്പോൾ...
അവിടെ ഇന്ന് ആശ്വാസത്തിന്
തണലുകളില്ല...
അന്നം വിളയും പാടങ്ങളില്ല...
നീർ വറ്റിയ...വിണ്ടുകീറിയ
അമ്മതൻ മാറിടത്തിൽ
നിന്ന് , എന്നെങ്കിലും
ചൊരിയുമാ മുലപ്പാലിന്
തുള്ളികൾക്കായി
ഇന്നും നിൻ ഉണ്ണികൾ
കണ്ണും നട്ട് വിഷണ്ണരായി
കാത്തിരിക്കുന്നു.