ജീവിതം ഉഴുത കഥകൾ

   01-Jun-2026 : 2:19 PM   0      12

ലോകം അത്ര നല്ലതൊന്നും എല്ലാ മനുഷ്യർക്കും നൽകുന്ന ഇടമല്ല. രോഗത്തിൻ്റെയും വേദനകളുടെയും ഒറ്റപ്പെടലുകളുടെയും ഇല്ലായ്മകളുടെയും ഇടങ്ങൾ നൽകുന്നതാണ്.


ഇതിനെ എല്ലാം ഉഴുതുമറിച്ച് ഇരുളിമയിൽ നിന്ന് പുറത്തേയ്ക്ക് തെളിയ്ക്കുന്ന ഒരു ചിരാതെങ്കിലും കത്തിയ്ക്കുക എന്നതാണ് ആത്മബലമുള്ള ജീവിത൦ കയ്യിൽ ഉള്ളവരുടെ ധർമ്മം.ആ ധർമ്മം തന്നെ കൊണ്ട് ആവും വിധം നിർവ്വഹിച്ച  ചാരിതാർത്ഥ്യമാണ്

സിന്ധു തോമസിൻ്റെ  "ഊറാറ"   കയ്യിൽ കിട്ടിയപ്പോൾ വായിച്ചപ്പോൾ എനിയ്ക്ക് തോന്നിയത്. ഈ പുസ്തകം അവരുടെ ഭാവനയല്ല ആധുനികാനന്തര ജീവിതത്തിൽ നിന്നെടുത്ത യാഥാർത്ഥ്യങ്ങളാണ്.ഈ പുസ്തകം അവരുടെ ഭാവനയല്ല ആധുനികാനന്തര ജീവിതത്തിൽ നിന്നെടുത്ത യാഥാർത്ഥ്യങ്ങളാണ്.

ജീവിതം ഈ കഥാകാരിയ്ക്ക് നൽകിയ ഉറച്ച ഭൂമികയിൽ നിന്ന് അവർ ഉഴുതുമറിച്ച് മുന്നേറി പച്ചപ്പ് സൃഷ്ടിച്ച തൻ്റെ കാവ്യലോകം അവിടെ അവർ നട്ടുനനച്ച് കൊണ്ടിരിക്കുന്നത് തനിയ്ക്ക് മാത്രം തണലാകാനുള്ള കഥന വഴികളല്ല.

തനിയ്ക്ക് പിന്നാലെ വരുന്നവർക്ക് ജീവിതം ഇങ്ങനെ ഒക്കെ ആണ്.  നമ്മളായിട്ട് വിളയിക്കണം എന്തെങ്കിലും ബാക്കി ആവാൻ ജീവിതം വിതയ്ക്കുമ്പോൾ എന്നറിയിച്ച എഴുത്തുകളാണ് ഓരോ കഥയും.


സമകാലിക ജീവിതത്തിൻ്റെ നന്മ തിന്മകളെ ചൂണ്ടി കാണിക്കുമ്പോൾ അത് മടുപ്പുളവാക്കുന്നില്ല  നമ്മൾ വായനയിൽ വിയോജിക്കുന്നില്ല. കാരണം ആഖ്യാന വൈവിധ്യം കഥ പറഞ്ഞ രീതി നമ്മെ അതിനോട് യോജിക്കാൻ പ്രാപ്‌തമാക്കുന്നു.

സർഗ്ഗം കഥാ ക്യാമ്പ് മുതൽ  മായ്ച്ച് മറ്റൊരു ക്യാപ്ഷൻ കൊടുക്കാനാവാത്ത വ്യക്തിത്വമാണ് സിന്ധു തോമസ്.അവരെന്താണോ അങ്ങനെ തന്നെ ഞാനിതാണ് ഏത് ആൾക്കൂട്ടത്തിലും എന്ന് പറഞ്ഞ കഥാകാരി.തനിയ്ക്കി ഇത്രയേ ഉള്ളൂ താനിതാണ് എന്ന് സ്വതസിദ്ധമായ ശൈലിയിൽ പറയുന്നത് കൊണ്ട് കൊണ്ട് തന്നെ കഥയുടെ പകൽ അവസാനിക്കാതെ കേട്ടുകൊണ്ടിരിയ്ക്കാൻ വായനക്കാർക്ക് മടി ഇല്ലാതാക്കുന്നു

കഥയെ കാലികമാക്കി നിർത്തുന്നതും ഈ അതി ഭാവന ഇല്ലായ്മ തന്നെയാണ്.

വെറും കഥകകളായി പറയാനുള്ളത് അച്ചടിമഷി ആക്കുക എന്നതല്ല ഈ പുസ്തകത്തിലെ കഥകൾ.
എഴുതി തെളിഞ്ഞ വർക്കൊപ്പം മത്സരിച്ച് തൻ്റെ സ്ഥാനം ഉറപ്പിച്ച കഥകളാണ്.

പൊരുതാൻ തന്നെയാണ് ജീവിതം എന്ന് ഓർമ്മിപ്പിക്കുന്ന

സദൃശവാക്യങ്ങളിലെ ടെസയും ഇമോഷണൽ ഇൻ്റലിജൻസിലെ ആനിയും സ്ത്രീയുടെ  ജീവിതാവബോധത്തിന് കരുത്തേകുന്ന മാതൃകകളാണ്.

സ്ത്രീയ്ക്ക് ഒരു മനസ്സില്ലന്ന് വിശ്വസിക്കുന്ന കുടുംബ വ്യവസ്ഥിതി ഇന്നും അന്യം നിന്നു പോവാത്ത കേരളീയ കുടുംബ ജീവിതത്തിൻ്റെ അകത്തളങ്ങളിലേയ്ക്കും വാക്കിൻ മുനകൾ തറയ്ക്കുന്നുണ്ട് ഈ കഥകളിൽ.

എത്തിച്ചേരുന്ന ജീവിതത്തിൽ കടമയുടെയും കർത്തവ്യത്തിൻ്റെയും പേരിൽ അടിമത്തം സ്വീകരിച്ച് പേരില്ലാതായി പോവുന്ന സ്ത്രീ ജീവിതങ്ങൾ .
മതത്തിലെ പുഴുക്കുത്തുകളെ ആത്മസംഘർഷങ്ങളെ സധൈര്യം തുറന്ന് കാണിക്കാനും സിന്ധു കഥ എഴുതി.

ആപ്തകരമായ രാഷ്ട്രീയ അസമത്വങ്ങളെ  ഉൾകൊള്ളാനാവാത്ത കാഴ്ചയും കഥയ്ക്ക് വിഷയമാവുന്നുണ്ട്.

പ്രതിരോധിക്കാനാവാത്തവൻ ഇരയാവുന്ന ലോകത്ത്  നിലനിൽപ്പിൻ്റെ രാഷ്ട്രീയത്തോട്  പുച്ഛം തോന്നി പോവുന്നത് പറയാതെ പറയുന്നുണ്ട്  കഥകളിൽ.

പുഷ്‌കരമുല്ല പുതിയ തലമുറകളുടെ ആപത്കരമായ വേഗത്തെ കണ്ട് അവർക്ക് മുന്നിൽ വഴി മാറി കൊടുത്ത് ഒറ്റപ്പെട്ട് പോവുന്ന  വാർദ്ധക്യത്തിൻ്റെ നിസ്സഹായതയെ ചൂണ്ടുന്നു.

പെൺഭയങ്ങളെ  ഉപേക്ഷിക്കപെട്ടാലെ നിങ്ങൾ ഈ ലോകത്ത് ജീവിയ്ക്കാൻ പ്രാപ്തമാകു എന്ന് പറയുന്ന സിന്ധു തോമസിൻ്റെ കഥകളെ തൊടുമ്പോൾ അതിജീവനത്തിൻ്റെ ഒരു സ്പർശം അല്ലങ്കിൽ അതിജീവിക്കാനുള്ള ഒരുൾപ്രേരണ വന്ന് തൊടുന്നു

ഇത് തന്നെ ആണ് പ്രതിഭ ഉള്ള എഴുത്തുകാരുടെ ലക്ഷണം

അതുകൊണ്ട് തന്നെ ഇടുക്കിയെന്ന മലനാടിൻ്റെ ഉറച്ച മണ്ണ് നൽകിയ ജീവിതാനുഭവങ്ങളെ കൈപിടിച്ച ഈ കൈകളുടെ കരുത്ത് എഴുത്തിലും തളരില്ലന്ന് സധൈര്യം സിന്ധു തോമസ് പറയാൻ പ്രാപ്തയാണ്.

കാരണം ഇതിൽ ആഢംബരമോ അലങ്കാരമോ ഇല്ല.

പച്ചയായ മനുഷ്യൻ്റെ പച്ചയായ അകം പുറം ജീവിതമാണ്.
കഥാലോകത്ത്  കഥയ്ക്ക് മരണമില്ലാത്ത എഴുത്തുകൾ ഇനിയുമേറെ പിറവി കൊള്ളട്ടെ.

What's Your Reaction?