ഉണങ്ങിയ വാഴയിലകളുടെ
മറവിലൂടെ തന്നെ ഉറ്റുനോക്കുന്ന
പെൺകുട്ടിയോട് ദേശാടനപ്പക്ഷി
ചോദിച്ചു.
എന്നെ പഠിക്കുകയാണോ,
അപരിചിതദേശത്തിൻ്റെ
അക്ഷാംശരേഖാംശങ്ങൾ
എൻ്റെ ചിറകുകളിൽ നിന്നും
വായിച്ചെടുക്കുകയാണോ.
‘അനന്തദൂരങ്ങൾ താണ്ടിയെത്തിയ
ദേശാടകാ,അല്ല!
നിൻ്റെ തപോതീർത്ഥാടനത്തിന്
തെല്ലും ഭംഗം വരാതെ
ആരാധനാപൂർവം നോക്കി നില്ക്കയായിരുന്നു!’
പെൺകുട്ടി വാക്കുകളിൽ സൗമ്യതയുടെ പതാകവീശി സ്വാഗതമോതി
‘തടാകങ്ങളുടെ
ചുടലപ്പറമ്പിൽ നിന്നാണ് ഞാൻ വരുന്നത്.
ഇവിടം മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ.
എത്ര നിരാർദ്രം നിൻ്റെ നാട്ടിലെ ആമ്പൽക്കുളങ്ങൾ!’
ദേശാടകൻ്റെ വാനൊലിയിൽ
പുരാതനമായ ജലസ്മൃതി അലപാഞ്ഞു.
ദേശാടകൻ്റെ വിഹഗവീക്ഷണത്തിൽ
നിരാശതയുടെ നീലിമ, കൊക്കിൽ
വരൾച്ചയുടെ വറ്റിയ സ്വരവ്യഞ്ജനങ്ങൾ,
ചിറകുകളിൽ പൊടിക്കാറ്റണിയിച്ച
പ്രസാദധൂമം.
അല്ലയോ ദേശാടകാ.
ഞങ്ങളുടെ ആകാശങ്ങളിലെ ചന്ദ്രൻ
അസ്തമിച്ചു.
ആമ്പലും കുളങ്ങളും കൂമ്പിപ്പോയി.’
പെൺകുട്ടി പറഞ്ഞു.
‘ആരു പറഞ്ഞു.
നിൻ്റെ മിഴികളിലുണ്ടല്ലോ
ആർദ്രതയുടെ തടാകങ്ങൾ
നിത്യകല്യാണികളായ ആമ്പലുകൾ.
തരുമോ ഈ പഴയ ചിറകൊതുക്കാൻ ഒരു ചില്ല’
ദേശാടകൻ്റെ വരണ്ട കണ്ണുകളിൽ
ഘനീഭവിച്ച ദൂരകാലങ്ങൾ
പെൺകുട്ടി മിഴി വിടർത്തി നിന്നു.
ഒരു പശുക്കുട്ടി അവളെ പ്രദക്ഷിണംവച്ച്
തുള്ളിക്കളിച്ചു പോയി.
ഊഷരമായ പാറകളെ ഉഴിഞ്ഞുവരുന്ന കാറ്റിൽ
ഉണങ്ങിയ വാഴയിലകൾ ഇടറിക്കൊണ്ടിരുന്നു.
താണ്ടിയ ജന്മദൂരങ്ങളത്രയും വിസ്മരിച്ച്
കാനൽമിഴിയുടെ ജലതരംഗത്തിൽ
ഇനിയൊരു മടക്കയാത്രയില്ലെന്നുറച്ച്
ദേശാടകൻ കൊക്കും ചിറകും നനച്ചു, ഏതോ
ജന്മാന്തരചാരിതാർത്ഥ്യത്തോടെ പെൺകുട്ടി
ഇരുമിഴികളും ഇറുക്കിയടച്ചു.
കഥ വായിച്ച് ക്രിട്ടിക് ക്രിസ്റ്റഫർ നമ്പ്യാർ
റീഡർ സണ്ണിയോട് ചോദിച്ചു.
‘പക്ഷിക്കും പെണ്ണിനും മദ്ധ്യേ
ആ പശുക്കുട്ടി എന്തിന് തുള്ളിച്ചാടി പ്രദക്ഷണം വച്ചു?
ഊഷരപാറകളെ ഉഴിഞ്ഞുവന്ന കാറ്റ്
ഉണങ്ങിയ വാഴയിലയോട് പറഞ്ഞതെന്ത്?' ‘
റീഡർ സണ്ണി പ്രതിവചിച്ചു,
‘ അത് മറ്റൊരു കഥയാണ് ക്രിട്ടിക്കേ
പക്ഷിദേശീയതയുടെ പറക്കമുറ്റിയ കഥ.a,
പെൺരാഷ്ട്രം മിഴി വിടർത്തിയ ചരിത്രം’
അക്കഥ നാളെ ചിറകു വിടർത്തും.
Tomorrow Never Dies!
ക്രിട്ടിക്കിനും റീഡർക്കുമിടയിൽ,
വഴിതെറ്റിവന്ന
ഒരു മകരമഞ്ഞല, തിരശ്ശീലവീഴ്ത്തി.