Dhurandhar: The Revenge : രക്തത്തിൽ മുക്കിയ പ്രതികാരവും നിഴലായി മാറിയ പോരാളിയും

   04-Apr-2026 : 11:17 AM   0      29

ബോളിവുഡിലെ കരുത്തുറ്റ താരനിര അണിനിരന്ന 'ധുരന്ധർ 2' വെറുമൊരു ആക്ഷൻ സിനിമയല്ല, മറിച്ച് പ്രതികാരത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ഇടയിൽ സ്വന്തം ജീവിതം ഹോമിക്കേണ്ടി വന്ന ഒരു മനുഷ്യന്റെ വിലാപമാണ്.പത്താൻകോട്ടിന്റെ മണ്ണിൽനിന്ന് രാജ്യസേവനത്തിനായി പടിയിറങ്ങുമ്പോൾ ജസ്‌കിരത് സിംഗ് രംഗി എന്ന യുവാവിന്റെ ഉള്ളിൽ ഒരേയൊരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ—അതിർത്തി കാക്കുന്ന ഒരു പോരാളിയാവുക. എന്നാൽ ജസ്‌കിരത് അതിർത്തിയിൽ ശത്രുക്കളുമായി  മല്ലിടുമ്പോൾ, തന്റെ പ്രിയപ്പെട്ടവർ സ്വന്തം നാട്ടിലെ അധികാര വർഗത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു. നാട്ടിലെ പ്രമാണി സുഖ്‌വീന്ദർ സിംഗ് എന്ന എം.എൽ.എയുടെയും സംഘത്തിന്റെയും ക്രൂരതക്ക്  മുന്നിൽ ജസ്‌കിരത്തിന്റെ കുടുംബം തകർത്തെറിയപ്പെട്ടുന്നു.രാഷ്ട്രീയ മാഫിയയുടെ  ഭൂമി തർക്കത്തിൽ സൈനികൻ കൂടിയായ   അച്ഛൻ ക്രൂരമായി തൂക്കിലേറ്റപ്പെട്ടു;  സഹോദരിമാർ പൈശാചികമായ പീഡനങ്ങൾക്ക് ഇരയായി. മൂത്ത സഹോദരിയുടെ മരണം ജസ്‌കിരത്തിന്റെ ഹൃദയത്തിൽ കനലായി എരിഞ്ഞപ്പോൾ, ഇളയ സഹോദരിയുടെ തിരോധാനം അയാളെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചു. നിയമവും നീതിയും പണത്തിനും അധികാരത്തിനും  മുന്നിൽ മുട്ടുമടക്കിയപ്പോൾ, സ്വന്തം കൈകൾ കൊണ്ട് നീതി നടപ്പിലാക്കാൻ ആ സൈനികൻ നിർബന്ധിതനായി. അയാൾ തന്റെ ഉറ്റ സുഹൃത്ത് ഗുർബാസിനെ കൂട്ടുപിടിച്ച് നേരിട്ട് നീതി നടപ്പിലാക്കാൻ ഇറങ്ങി. എം.എൽ.എയെയും സംഘത്തെയും വകവരുത്തി അനിയത്തിയെ മോചിപ്പിച്ചെങ്കിലും നിയമവ്യവസ്ഥയ്ക്ക് അയാൾ ഒരു കൊലപാതകിയായിരുന്നു. കോടതി അയാൾക്ക് വധശിക്ഷ വിധിച്ചു.

2002-ൽ മരണശിക്ഷ കാത്തിരുന്ന ജസ്‌കിരത്തിനെ ഒരു ജയിൽ മാറ്റത്തിനിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ' (R&AW) തട്ടിക്കൊണ്ടുപോകുന്നു. സുശാന്ത് ബൻസാൽ, അജയ് സന്യാൽ എന്നീ ഉദ്യോഗസ്ഥർ അയാൾക്ക് മുന്നിൽ ഒരു വാഗ്ദാനം വെക്കുന്നു: "രാജ്യത്തിന് വേണ്ടി മരിക്കുക അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി അദൃശ്യനായി ജീവിക്കുക."

അങ്ങനെ ജസ്‌കിരത് സിംഗ് രംഗി മരിച്ചു. പകരം 'ഹംസ അലി മസാരി' എന്ന പുതിയ സ്വത്വവുമായി അയാൾ പുനർജനിച്ചു.2004 മുതൽ 2009 വരെയുള്ള കാലയളവിൽ കറാച്ചിയിലെ അധോലോക സംഘങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അവരെ തമ്മിലടിപ്പിക്കാനും ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനും അയാൾക്ക് സാധിച്ചു.

ദൗത്യത്തിന്റെ ഭാഗമായി ജസ്‌കിരത്തിന് പാകിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കേണ്ടി വരികയും 'സയാൻ' എന്നൊരു മകൻ പിറക്കുകയും ചെയ്തു. എന്നാൽ തന്റെ മുൻകാല ജീവിതത്തിലെ സുഹൃത്തായ ഗുർബാസിനെ അവിടെ വെച്ച് കണ്ടുമുട്ടുന്നത് അയാളെ ഉലച്ചു കളഞ്ഞു. മദ്യലഹരിയിൽ സത്യം വെളിപ്പെടുത്താൻ മുതിർന്ന ഗുർബാസിനെ തന്റെ ദൗത്യം സംരക്ഷിക്കാനായി ജസ്‌കിരത്തിന് സ്വന്തം കൈകൊണ്ട് കൊല്ലേണ്ടി വന്നു. രാജ്യം എന്ന ലക്ഷ്യത്തിന് മുന്നിൽ സൗഹൃദത്തെ അയാൾക്ക് ബലി കഴിക്കേണ്ടി വന്നു.പാകിസ്ഥാൻ ഏജൻസികളുടെ കണ്ണുവെട്ടിച്ച് മേജർ ഇഖ്ബാലിനെയും മറ്റ് ഭീകരവാദികളെയും വകവരുത്തി തന്റെ ദൗത്യം ജസ്‌കിരത് വിജയകരമായി പൂർത്തിയാക്കി. എന്നാൽ ആ വിജയത്തിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. ദൗത്യം പൂർത്തിയായതോടെ 'ഹംസ അലി മസാരി' എന്ന വ്യക്തിത്വം അയാൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. തന്റെ ഭാര്യ യാലിനയെയും മകനെയും എന്നെന്നേക്കുമായി ഉപേക്ഷിച്ച് അയാൾക്ക് ഇന്ത്യയിലേക്ക് തിരിക്കേണ്ടി വന്നു. തിരികെ ഇന്ത്യയിലെത്തിയപ്പോൾ പഴയ ജസ്‌കിരത്തിനോ പുതിയ ഹംസയ്ക്കോ സ്ഥാനമില്ലായിരുന്നു. അദൃശ്യനായി തന്റെ പഴയ വീടിന്റെ പശ്ചാത്തലത്തിൽ കുടുംബത്തെ ദൂരെ നിന്ന് നോക്കി നിൽക്കുന്ന നായകന്റെ ചിത്രം ഹൃദയസ്പർശിയാണ്.


രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്. ആദ്യ പകുതിയിൽ കുടുംബത്തിന് നേരെയുണ്ടായ ക്രൂരതയിൽ തകർന്നുപോകുന്ന ജസ്‌കിരത്തായും, രണ്ടാം പകുതിയിൽ പരുക്കൻ സ്വഭാവമുള്ള ഹംസയായും അദ്ദേഹം ജീവിക്കുകയായിരുന്നു. തന്റെ ഉറ്റ സുഹൃത്തിനെ കൊല്ലേണ്ടി വരുമ്പോഴും, ഒടുവിൽ സ്വന്തം കുടുംബത്തെ ദൂരെ നിന്ന് നോക്കി നിൽക്കേണ്ടി വരുമ്പോഴും രൺവീർ പ്രകടിപ്പിക്കുന്ന ആ നിശബ്ദമായ വേദന പ്രേക്ഷകരുടെ ഹൃദയം പിളർക്കുന്നതാണ്.

ആദ്യഭാഗത്തിൽ ലിയാരിയിലെ ബലൂച്ച് ഗ്യാങ് ലീഡറായ റഹ്മാൻ ഡക്കൈറ്റായി അക്ഷയ് ഖന്ന തന്റെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ ഞെട്ടിച്ചത് പറയാതെ വയ്യ. നായകന്റെ ദൗത്യത്തിന് തടസ്സമാകുന്ന വില്ലൻ പരിവേഷത്തിലും തന്റെ തനതായ അഭിനയത്തിലൂടെ അദ്ദേഹം ആ കഥാപാത്രത്തിന് ഒരു പ്രത്യേക ഗാംഭീര്യം നൽകി.
സിന്ധ് പോലീസിലെ കരുത്തനായ ഉദ്യോഗസ്ഥനായി സഞ്ജയ് ദത്ത് തന്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് അത്ഭുതപ്പെടുത്തുന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥനായി എത്തിയ അർജുൻ രാംപാൽ നായകന് തുല്യമായ പ്രതിയോഗിയായി തിളങ്ങി. ഇല്യാസ് കാശ്മീരിയെപ്പോലെയുള്ള ഭീകരവാദികളെ ആസ്പദമാക്കിയുള്ള ഈ കഥാപാത്രം സിനിമയുടെ പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അജിത് ഡോവലിനെ ആസ്പദമാക്കി ഒരുക്കിയ അജയ് സന്യാൽ എന്ന ഐ.ബി ഡയറക്ടർ കഥാപാത്രമായി  മാധവൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മികച്ച താരനിരയും വൈകാരികമായ കഥാതന്തുവും ചേരുമ്പോൾ ഈ ചിത്രം ഇന്ത്യൻ സ്പൈ ത്രില്ലറുകളിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു.

What's Your Reaction?

Shameer P Hasan ശമീർ പി ഹസൻ എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു. ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല. വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243, meetshamee@gmail.com