അനുകമ്പനം - ആത്മയാത്രയുടെ കൃതജ്ഞത .

   16-Mar-2026 : 12:24 PM   0      36

യുദ്ധാതുരമായ ഈ കാലഘട്ടത്തിൽ തൻ്റെ  സ്വത്വം തേടുന്ന ഒരു യുവതി നാരായണ ഗുരുവിൻ്റെ  ദർശനങ്ങളിൽ സാന്ത്വനം കണ്ടെത്തുന്നത് മഞ്ജു വേലായുധൻ്റെ  അനുകമ്പനം’ എന്ന രചനയിൽ വ്യക്തമായി കാണാം. ഗുരു നിത്യചൈതന്യ യതിയുടെ അനുഗാമിയായ  ഷൗക്കത്ത് നൽകിയ വിശദീകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ജീവിതത്തിന്  നൽകിയ കരുത്ത് പുസ്തകത്തിൽ  കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു.

ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ ഷൗക്കത്തിൽ ഗുരുത്വത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരി, നേരിട്ടും ഗൂഗിൾ മീറ്റിലൂടെയും തൻ്റെ  സംശയങ്ങൾക്ക് മറുപടി തേടുന്നു. കേവലമൊരു വായനക്കപ്പുറം, ഏതൊരു ആത്മീയ അന്വേഷിയെയും ഉത്തേജിപ്പിക്കുന്ന ഒരു പ്രേരകഘടകമായി (കാറ്റലിസ്റ്റ്) ഈ പുസ്തകം മാറുന്നുണ്ട്. ഷൗക്കത്തിൻ്റെ  പ്രഭാഷണ ശകലങ്ങൾ ഉൾക്കൊണ്ട് തൻ്റെ  ബോധ്യങ്ങളോട് ചേർത്തുവെച്ച പശ്ചാത്തലം എഴുത്തുകാരി ഇതിൽ മനോഹരമായി വിവരിക്കുന്നു.

 

നാരായണ ഗുരുവിൻ്റെ  ‘ആത്മോപദേശ ശതക’ത്തിലെ

 ‘പല മതസാരവുേമകെമന്നു പാരാ- 

തുലകിെലാരാനയിലന്ധെരെന്ന പോലെ ...

എന്ന വരികളിലൂടെ ആധുനിക കാലത്തെ ഗുരുവിനെ ഷൗക്കത്തിൻ്റെ  ദർശനങ്ങളിലൂടെ തൊട്ടറിയാൻ ലേഖിക ശ്രമിക്കുന്നു. 

“പൂർണ്ണത എന്ന വാക്കിനോളം അപൂർണ്ണമായ മറ്റൊരു വാക്കില്ല”

എന്ന ഷൗക്കത്തിൻ്റെ  വാക്കുകൾ കുറിച്ചുവെക്കുന്നതിലൂടെ തർക്കങ്ങൾക്കതീതമായ ഒരു ബോധ്യം ഇവിടെ വെളിവാകുന്നു.

 

നാരായണ ഗുരുവിനെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഷൗക്കത്ത് കണ്ട ഉദാത്തമായ മാതൃക

വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്”

എന്ന ഗുരുവാക്യമാണെന്ന് ലേഖിക ചൂണ്ടിക്കാട്ടുന്നു.

ഇടറിപ്പോകാതെ തനിക്ക് വെളിച്ചം നൽകുന്ന വഴികാട്ടിയായി ഷൗക്കത്തിലെ ഗുരുസാന്നിധ്യത്തെ എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു.

“ചില സാന്നിധ്യങ്ങൾ അങ്ങനെയാണ്, മെല്ലെ ഒന്ന് ഇരുന്നു കൊടുത്താൽ മതി, വാരിപ്പുണരുന്നതായി അനുഭവിപ്പിക്കും."

എന്ന ആത്മഭാഷണത്തോടെയാണ് മഞ്ജു വേലായുധൻ ഈ പുസ്തകം അവസാനിപ്പിക്കുന്നത്. ആത്മീയ സാധകർക്ക് ഏറെ ഗുണകരമാകുന്ന ഈ കൃതിയുടെ രചയിതാവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

What's Your Reaction?

Kurien Samuel A Photographer,writer,actor and muician.