ഖെദ്ദയും ഫെമിനിച്ചി ഫാത്തിമയും ഫെമിനിസവും
ഫെമിനിസം എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥം അറിയാതെയാണ് നമ്മുടെ സമൂഹം ലിംഗ സമത്വത്തിന് വേണ്ടി ഘോരമായി പ്രസംഗിക്കുന്നത്.
വിവാഹ ശേഷം മിക്ക സ്ത്രീകൾക്കും നഷ്ടപ്പെടുന്ന ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യം. ആദ്യ നാളുകളിൽ അത്ര അധികം പ്രതിഫലിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് അവർ സ്വന്തം ശബ്ദം പോലും മറന്നു പോകുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.
അവരുടെ വികാരങ്ങൾ മനസ്സിലാക്കാതെ പോവുകയും സ്വന്തം വ്യക്തിത്വം തന്നെ മാറ്റേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. അർഹതപ്പെട്ട അവകാശങ്ങൾക്ക് വേണ്ടി അറിയാതെ അവർ ശബ്ദം ഉയർത്തും. അപ്പോൾ സമൂഹം അവർക്ക് ഫെമിനിച്ചി എന്നൊരു ചാപ്പ കുത്തി കൊടുക്കും.
സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തന്നെ സമാന സ്ഥാനവും സ്വാതന്ത്ര്യവും വേണം എന്ന ആശയവും ചിന്തയുമാണ് യഥാർത്ഥ ഫെമിനിസം.പക്ഷെ ഇവിടെ അത് സ്യുടോ ഫെമിനിസവും ടോക്സിക് ഫെമിനിസവും ആയി വ്യാഖാനിക്കപെടുന്നു എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു കാര്യമാണ്.
"ഖെദ്ദ" പൂർണ്ണമായും ഒരു ഫെമിനിസ്റ്റ് ചിത്രം അല്ല. എന്നാൽ രണ്ട് സ്ത്രീകളുടെ വൈകാരിക വിസ്‌ഫോടനങ്ങളെ ചുറ്റി പറ്റി നില്കുന്നത്കൊണ്ട് ഒരു സ്ത്രീ പക്ഷ സിനിമ തന്നെയാണ് എന്ന് പറയാൻ സാധിക്കും. വീടും വീട്ടുകാര്യവും സ്വന്തമായി ജോലി ചെയ്ത് നോക്കി നടത്തുന്ന ആശ ശരത്തിൻ്റെ കഥാപാത്രം വളരെ ശക്തമായ വ്യക്തിത്വത്തിന് ഉടമയാണെന് ആദ്യം തോന്നും. പിന്നീട് മാനസികമായി അവർ വളരെ ദുർബല ആയിരുന്നു എന്ന കാര്യം നമ്മൾ തിരിച്ചറിയും.
സ്വന്തം ഭർത്താവിൻ്റെ കഴിവുകേടും , മകളുടെ രഹസ്യ ബന്ധത്തിൽ ആധിയും, വീട്ടിലെ എലി ശല്യവും, രണ്ട് അറ്റം കൂട്ടി മുട്ടിക്കാനുള്ള ജീവിതത്തിൻ്റെ മരണപ്പാച്ചിലും എല്ലാം അവരെ ഒരു അർത്ഥത്തിൽ ദുർബല ആക്കിയിരുന്നു. അതുകൊണ്ട് തന്നെ മനസ്സ് അറിയാതെ ചാഞ്ചാടി പോയപ്പോൾ പോലും വലിയൊരു ചതി കുഴിയിലേക്കാണ് കാലെടുത്ത് വെച്ചത് എന്നവൾ തിരിച്ചറിയാൻ വൈകി പോയി.
ഇതല്ല യഥാർഥ ഫെമിനിസം... ഇതിനെ സ്യുഡോ അല്ലെങ്കിൽ ടോക്സിക് ഫെമിനിസം എന്ന് പറയാൻ കഴിയും.
താൻ മാത്രമാണ് ശെരി മറ്റുള്ളവർ എല്ലാം തെറ്റുകാരാണ് എന്നുള്ള ചിന്തയാണ് ഫെമിനിസത്തിന്റെ ടോക്സിക് വേർഷൻ.
പക്ഷെ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിൽ എത്ര മനോഹരമായാണ് ശുദ്ധമായ ഫെമിനിസത്തിൻ്റെ ആശയം പറഞ്ഞ് മനസ്സിലാക്കി തന്നിരിക്കുന്നത് . ലളിതമായ കഥയും കഥാസന്ദർഭങ്ങളും. പുരുഷ സ്വാധീനമുള്ള ഓർത്തഡോക്സ് ഇസ്ലാം കുടുംബത്തിലെ വീട്ടമ്മ, അവരുടെ പ്രതിഷേധവും പ്രയാസങ്ങളും ചെറുത്ത് നിൽപ്പും.നിശബ്ദമായ സഹനത്തിലൂടെ മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും വരുത്താതെ പ്രകടം ആക്കുമ്പോൾ അവർ യഥാർത്ഥ ഫെമിനിസത്തിൻ്റെ മുഖമുദ്ര ആയി മാറുന്നു.
രാവിലെ മുതൽ രാത്രി വരെ നിർത്താതെ പ്രവർത്തിക്കുന്ന ഒരു വീട്ടുപകരണം എന്നല്ലാതെ മറ്റൊരു പരിഗണയും കിട്ടാത്തയാളാണ് ഫാത്തിമ . എന്നാൽ മനസ്സ് തളരാതെ സ്വന്തം അവസ്ഥയെ മെച്ചപെടുത്താനുള്ള വഴികൾ തേടുകയും അവർ അതിൽ വിജയിക്കുകയും ചെയ്യുന്നു.
തന്നെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഒരു കുറവും വരുത്താതെ രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് സ്വന്തമായി അധ്വാനിച്ച് മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഫാത്തിമയെ പോലെയുള്ള സ്ത്രീകളാണ് യഥാർത്ഥ ഫെമിനിസ്റ്റുകൾ.
ഇത്തരം സിനിമകൾ കണ്ടെങ്കിലും സമൂഹത്തിൽ ഫെമിനിസത്തിൻ്റെ കാഴ്ച്ചപാടിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിൽ മാത്രമേ ലിംഗ സമത്വത്തിൻ്റെ മുദ്രാവാക്യങ്ങൾ അർത്ഥവത്താവുകയുള്ളു.
What's Your Reaction?

