ജലച്ചായം
"കടലിനെ വരയ്ക്കുന്നതെങ്ങനാണ് വാപ്പീ..." തറയിൽ വിതറിയിട്ട കളർട്യൂബുകൾക്ക് നടുവിൽ ഡ്രോയിംഗ്കടലാസ് നിവർത്തിവച്ച് അതിനുമേൽ കൈമുട്ടുകൾകുത്തി കമിഴ്ന്നുകിടന്നുകൊണ്ട് നൂറ ചോദിച്ചു.
"ആദ്യം നീയാ ബ്രഷ് വെള്ളത്തില് മുക്കി കടലാസിന് മീതേ പടര്‍ത്ത് "
"വെറും വെള്ളോ ?”
“ഊം... വെറും വെള്ളം "
“അപ്പൊ കടലാവുമോ?”
"നീ ആദ്യം പറഞ്ഞത് ചെയ്യേടേ..." ആമിറിന് ചെറുതായി ദേഷ്യം വന്നു.
ആമിര്‍ നിറങ്ങളും കടലാസുമെടുത്ത് മേശപ്പുറത്തേക്ക് വെക്കുന്നതിനുമുൻപ് നൂറ വരയ്ക്കാൻ റെഡിയായെത്തും. ആഴ്ചയിൽ ഒരുദിവസം കിട്ടുന്ന അവധിയെ പലതായി വീതംവച്ച് പലര്‍ക്കായി നൽകിയശേഷം ബാക്കിയാവുന്ന അല്പനേരത്തെയാണ് ആമിര്‍ സ്വന്തം വരയ്ക്കായോ വായനയ്ക്കായോ മാറ്റിവയ്ക്കുന്നത്. അതും എല്ലാ ഞായറാഴ്ചയും കിട്ടിയെന്നും വരില്ല. ആർത്തിയോടെയാണ് മുറി ചാരിയിട്ട് പുസ്തകങ്ങളോ ക്യാൻവാസോ എടുത്ത് മുന്നിൽ വയ്ക്കുന്നത്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഈ അല്പനേരത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ ഹൈഫയ്ക്ക് കഴിഞ്ഞിരുന്നില്ല. അവൾ കിട്ടിയ തക്കത്തിന് അടുത്തുവന്നിരുന്ന് ഓരോന്ന് പറയാൻ തുടങ്ങും. ചോദിക്കുന്നതിനൊക്കെ മറുപടികൾ പറഞ്ഞു കൂടെക്കൂടുമെങ്കിലും കുറേക്കഴിയുമ്പോൾ അയാളുടെ മട്ടുമാറും. ഒട്ടുംമറയില്ലാതെ അപ്പോത്തന്നെ അയാളത് പ്രകടിപ്പിക്കുകയും ചെയ്യും, "എന്റ ഈ ആഴ്ചേം പോയിത്തീര്‍ന്ന്. ആർക്കും അതെത്ര പറഞ്ഞാലും മനസ്സിലാവൂല്ല. വെറുതെ വന്നോളും മനുഷ്യന്റ സമയം കളയാനായിട്ട് "
ആദ്യമൊക്കെ ഈ പറച്ചിൽ കേൾക്കുമ്പോൾ ഹൈഫയ്ക്ക് നല്ല വിഷമം തോന്നുമായിരുന്നു.
"ഇത്രേം കഥപുസ്തകങ്ങള് ഇങ്ങനെ വായിച്ച് സമയം കളയുന്നതെന്തിനാണന്ന് ഞാനവനോട് ചോദിയ്‌ക്ക്മായ്ര്ന്ന് ", ആ നേരത്തൊക്കെ ആമിറിന്റെ ഉമ്മ ഹൈഫയെ സമാധാനിപ്പിക്കും.
" ഇങ്ങന പാഴിക്കളയ്ണ സമയത്ത് വല്ലോം പഠിയ്ക്കേ, ഖുർആൻ എടുത്ത് രണ്ട് വരി ഓതേ ചെയ്തിര്ന്നെങ്കില് അതിനൊരു ഗുണം ഒണ്ടായന. പറഞ്ഞിട്ട് ഒര് കാര്യോമില്ല. നല്ലതെന്തെങ്കിലും കേട്ടാ എന്റമോൻ ചീറിക്കോണ്ട് വരും . അതിപ്പം എന്റട്ത്താണെങ്കിലും
ഇങ്ങനതന്നെ. മോള് വെഷമിയ്‌ക്കണ്ട. അങ്ങോട്ട് ചെല്ലച്ചെല്ല അവനൊര് മാറ്റം പടച്ചോൻ വര്ത്താതിരിയ്ക്കൂല്ല"
പക്ഷേ ഉമ്മയും ഹൈഫയും ആഗ്രഹിച്ചതുപോലെയല്ല സംഭവിച്ചത്. മുന്നോട്ടു പോകുന്നതിനനുസരിച്ച് ആമിറിന് പുസ്തകങ്ങളോടും നിറങ്ങളോടുമുള്ള സ്നേഹം കൂടിക്കൂടി വരികയാണ് ചെയ്തത്. വരയ്ക്കുകയോ വായിക്കുകയോ ചെയ്യുന്ന നേരത്ത് വീട്ടിൽ ആരെങ്കിലും ഇത്തിരി ഒച്ചത്തിലൊന്ന് വർത്തമാനം പറഞ്ഞു പോയാൽ അടച്ചിട്ട കതകിന് പിന്നിൽ നിന്നും ആമിറിന്റെ ശബ്ദം പൊങ്ങും, " ഒരല്പം സമാധാനം... അതീ വീട്ടിക്കിട്ടൂല്ലാ... ഞാനിവിട ഗൗരവപ്പെട്ട ഒര് പണിയാണെട്ക്ക്ന്നത്. വെറ്തേ എന്റ ഒര്ദിവസം കളയര്ത് "
നൂറ ജനിച്ച് അവൾ വീടാകെ ഇഴഞ്ഞ് നടക്കാൻ തുടങ്ങിയപ്പോ ഉമ്മ പറഞ്ഞു,
" ഇനി ആ വാതില് ചാരി വാപ്പച്ചി എത്രനേരം ഇരിയ്ക്ക്മെന്ന് കാണണമല്ല". അത്രയും വികൃതിയായിരുന്നു അവൾ. കണ്ടതെല്ലാം അവൾക്ക് വേണം, കാണുന്നിടത്തെല്ലാം പിടിച്ച് കേറണം. പോരാത്തതിന് എന്തെങ്കിലും ഒരു കാര്യം ഇഷ്ടത്തിന് നടന്നില്ലെങ്കിൽ കാത് തുളഞ്ഞുകയറുന്ന ഒച്ചയിൽ നിലവിളിയും.
ഉമ്മയും ഹൈഫയും പ്രതീക്ഷിച്ചത് ഇവിടെയും തെറ്റി. പിച്ചവച്ചുനടന്ന നൂറയ്ക്കു മുന്നിൽ ആമിറിന്റെ വായനാമുറിയുടെ വാതിൽ അടഞ്ഞില്ല. വാപ്പച്ചി വരയ്ക്കാൻ കടലാസും നിറങ്ങളുമെടുത്തു വയ്ക്കുമ്പോൾ അവളും റെഡി ! നിലത്തായി അവൾക്കും ഒരു കടലാസ് വിരിച്ചുകൊടുത്തു ആമിർ. അവൾക്ക് വരയ്ക്കാൻ വേറെ ബ്രഷ്, കളർ പാലറ്റ്, ട്യൂബുകൾ, ചിത്രപുസ്തകങ്ങൾ എല്ലാം അയാൾ വാങ്ങിക്കൂട്ടി.
"അപ്പന് പുറന്താ അപ്പടിയിറ്ക്കും", നൂറയുടെ ചിത്രംവരകണ്ട് ഉമ്മ താടിയ്‌ക്ക് കൈ കൊടുത്തു.
നൂറ് വരയ്ക്കുന്നത് ആമിറിന് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു . പക്ഷേ ക്ഷമ നശിച്ചു പോകുന്നത് വരയ്ക്കുന്നതിനിടയുള്ള സംശയം ചോദിക്കലിലാണ്. ആമിർ വളരെ ഏകാഗ്രതയോടുകൂടി ഒരു ചിത്രത്തിന് നിറം നൽകിക്കൊണ്ടിരിക്കുമ്പോഴായിരിക്കും നിലത്ത് കമിഴ്ന്നുകിടന്ന് നൂറയുടെ ഒാരോരോ ചോദ്യങ്ങള്‍. വഴക്കുപറഞ്ഞാൽ ചിലപ്പോൾ വരയ്ക്കുന്നത് നിർത്തിക്കളഞ്ഞാലോ എന്ന് പേടിച്ച് ആമിർ അവയ്ക്കെല്ലാം ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. കുറച്ചുകൂടി വളർന്നുകഴിയുമ്പോൾ , കളറിങ്ങിനെപ്പറ്റി ഒരേകദേശ രൂപമൊക്കെ വന്നുകഴിയുമ്പോൾ ചോദ്യങ്ങൾ കുറയുമല്ലോ എന്ന് കരുതി. എന്നാലിപ്പോ അഞ്ചാം ക്ലാസ്സിലായിട്ടും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല . വാപ്പച്ചിയോട് ഓരോചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കാൻ മാത്രമാണോ നൂറ വരയ്ക്കാൻ കൂടെച്ചേരുന്നത് എന്ന് തോന്നിപ്പോകും ചിലനേരത്തെ അവളുടെ സംശയങ്ങൾ കേട്ടാൽ.
"കടലാസില് മൊത്തം വെള്ളം പടർത്തി വാപ്പീ, ഇനി...?"
" ഇനി നീയാ പ്രഷ്യൻബ്ലൂവീന്ന് അല്പമെടുത്ത് കടലാസിന്റെ മധ്യഭാഗത്തായിട്ട് അടിയ്ക്ക് " കളറിംഗിനായി ചെയ്തുകൊണ്ടിരുന്ന കടലിന്റെയും മേഘങ്ങളുടെയും സ്കെച്ചിൽനിന്നും മുഖമെടുക്കാതെ ആമിർ പറഞ്ഞു
നീലനിറം കടലാസിൽ പടർന്നതും നൂറയുടെ അടുത്ത ചോദ്യംവന്നു, "ഇതാണോ കടൽ?”
"കുറച്ച് സ്പ്രിങ് ഗ്രീൻ കൂടി അതിന്റെ താഴത്തായി ചേർക്ക് "
"കടലിന് പച്ച നിറമോ..!?"
"നീ പറയുന്നകണക്ക് ചെയ്യടേ..."
പച്ചയും നീലയും ചേർന്ന് നനഞ്ഞ കടലാസിലാകെ പടർന്നപ്പോൾ നൂറയ്‌ക്ക് താൻ വരച്ച ചിത്രത്തിന് വെള്ളത്തെപ്പോലെ ഒരനക്കം വന്നിട്ടുണ്ടെന്ന് തോന്നി. അവൾ ആവേശത്തിലായി
"ഇനി...?"
"കുറച്ച് ടൈറ്റാനിയം വൈറ്റെടുത്ത് ആകാശത്തിലെ മേഘങ്ങൾക്ക് കൊടുക്ക് . അത് തന്നെ വെള്ളത്തിലെ റിഫ്ലക്ഷനുമാക്ക് "
"കടലിനിതെത്ര നിറം വാപ്പീ...! പച്ച, നീല, വെള്ള...?
"തീർന്നില്ല"
"ഇല്ലേ...?"
"നല്ല സന്ധ്യാനേരത്ത് മോള് കടല് കണ്ടിട്ടില്ലേ ", ആമിർ വരച്ചുകൊണ്ടിരുന്ന പെൻസിൽ താഴ്ത്തി നൂറയെ നോക്കി.
"ഉണ്ടല്ലോ"
"അന്നേരം വെള്ളത്തിന് സ്വർണ്ണനിറമല്ലേ"
"കുങ്കുമനെറോം ഒണ്ട് " നൂറ കൂട്ടിച്ചേർത്തു
"രാത്രിയാകുമ്പോൾ അതേ കുങ്കുമക്കാരൻ കണ്ണടച്ച് കറുത്ത ഉട്പ്പെട്ത്തിടും . എന്നിട്ട് നേരം വെളുക്കുമ്പോ കണ്ണ് തിരുമ്മിയെണീറ്റ് വീണ്ടും കണ്ണാടിപോലത്തെ ഇളംനീല ഉട്പ്പെട്ത്തിടും "
"കടല് സൂപ്പർ തന്ന വാപ്പീ ", നൂറയുടെ കണ്ണുകൾ വിടർന്നു. " നമുക്കിപ്പം കടലു കാണാൻ പോയാലോ? "
"ഇപ്പഴോ?" ആമിർ ആദ്യമൊന്ന് മടിച്ചു . പിന്നെക്കരുതി പുറത്തേക്ക് പോയിരുന്ന് വരച്ചിട്ട് ഒരുപാട് കാലമായി. പണ്ട് അതൊരു ഹരമായിരുന്നു. സ്പോട് ഡ്രോയിങ്. നൂറയ്ക്കും അത് പുതിയ അനുഭവമായിരിക്കും.
"പൊക്കളയാം, കടലിന നോക്കിയിരുന്ന് കടലിന വരക്കാം .അത് അതിലും സൂപ്പറല്ലേ ?"
കടലാസും കളറുമൊക്കെ ബാഗിലാക്കി വാപ്പിയും മോളും ബൈക്കിലേക്ക് കയറാൻ തുടങ്ങുമ്പോ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന ആമിറിന്റെ ഉമ്മയ്ക്കത് അത്ര പിടിച്ചില്ല, "പെങ്കൊച്ചിന ഓതാനാ നിസ്കരിയ്ക്കാനാ പടിപ്പിയ്ക്കണ്ട നേരത്ത്... ദുനിയാവില ജീവിതം ഇപ്പോഴങ്ങ് കഴിയും... "
"എന്നിട്ട്...? " ആമിറിനറിയാം ആ ചോദ്യം കേട്ടാൽ ഉമ്മയ്ക്ക് ദേഷ്യം കൂടുമെന്ന്.
"ഞാമ്പറഞ്ഞാ കൂടിപ്പോവും", അവർ മുറുമുറുത്തുകൊണ്ട് ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേക്ക് നടന്നു.
സ്കൂളിലും കോളേജിലുമൊക്കെ പെയിന്റിംഗ് കോമ്പറ്റീഷനുകൾക്ക് സമ്മാനം കിട്ടുമ്പോഴോ, നല്ല ചിത്രങ്ങൾ വരച്ച് കൂട്ടുകാരെ കാണിക്കുമ്പോഴോ ഒക്കെ കാണുന്നവരിൽ പലരും ആമിറിനോട് ചോദിക്കാറുള്ളതാണ് പേരന്റ്സ് ആരെങ്കിലും വരയ്ക്കുമോ എന്ന്. " വരച്ചാൽ നരകത്തിപ്പോകുമെന്ന് ഏതോ വിദ്വാൻ പറഞ്ഞതുകേട്ട് അതും വിശ്വസിച്ചു നടക്കുന്ന പാവം പേരന്റ്സോ... ", ആമിർചിരിക്കും. പിന്നെ അയാൾ വളരെ സ്നേഹത്തോടെ ഓർത്തു പറയും , ഉമ്മയുടെ കൈയക്ഷരം നല്ലതായിരുന്നു. കല്ലച്ചിൽ കൊത്തിയെടുത്തതുപോലെ ഉമ്മ മലയാളത്തിലെഴുതും. ഓരോ അക്ഷരത്തിന്റെയും വളവും ചുനിപ്പുമൊക്കെ അച്ചടിച്ചതുപോലെ കിറുകൃത്യം. അതാവും എനിക്ക് ഈ വരയായി വന്നുകിട്ടിയത്. ഒരുപക്ഷേ ഉമ്മ വരച്ചിരുന്നെങ്കിൽ അവർ ഒന്നാന്തരം ചിത്രകാരിയായിരുന്നേനെ. അവരുടെ കാഴ്ചയും ഓർമ്മയും അങ്ങനെയാണ്. ഖുർആൻ മുഴുവൻ മനപാഠം ഓതും. പ്രവാചകന്റെ കഥകൾ പറയുന്നത് കേട്ടാൽ സ്പിൽബർഗ് പോലും തോറ്റുപോകും, അതാണ് ക്ലാരിറ്റി"
ആമിറും നൂറയും തീരത്തേക്ക് ചെല്ലുമ്പോൾ ആളൊഴിഞ്ഞ മൈതാനംപോലെ കടൽ അനക്കമറ്റ് കിടക്കുകയായിരുന്നു. ആകാശത്തിനെയും കടലിനെയും വേർതിരിച്ച് വിദൂരതയില്‍ ദിക്കുകളെ കൂട്ടിമുട്ടിക്കുന്ന ഒരു വര. അതിനു മുകളിലും താഴെയുമായി രണ്ട്തരം നീല .
"ആകാശത്തിന് ഇൻഡിഗോ ബ്ലൂവല്ലേ വാപ്പീ...", ബൈക്കിൽ നിന്നിറക്കി താഴെ നിർത്തിയ ഉടൻ നൂറ സംശയം തുടങ്ങി.
"സമാധാനം..." ആമിർ ഒരു തെങ്ങിൽ തണലിലായി ബൈക്ക് സ്റ്റാൻഡിട്ട് വച്ച് രണ്ടാൾക്കും ഇരിക്കാൻ പറ്റിയ ഒരിടം തിരഞ്ഞു
"ദേ വാപ്പീ മുക്കുവൻ... ", നൂറ അല്പം അകലേക്ക് കൈചൂണ്ടി. അവിടെ കടലിനകത്തേക്ക് തള്ളിനിൽക്കുന്ന പാറയുടെ മുകളിൽ ഒറ്റയ്ക്ക് ഒരാളിരുന്ന് ചൂണ്ടയിടുന്നു.
"ചൂണ്ടക്കാരൻ... നമുക്ക് അയാളെക്കൂടിച്ചേർത്ത് കടൽ വരയ്ക്കാം. അതല്ലേ കുറച്ചൂടെ നല്ലത്"
"എനിക്ക് ആളിന വരയ്ക്കാൻ പാടാ.." നൂറ സംശയം പ്രകടിപ്പിച്ചു
"നീ വാടാ ചക്കരേ..എന്നായാലും ആളിനെ വരച്ച് നമുക്ക് പഠിക്കേണ്ട" ആമിർ മോളെ പ്രോത്സാഹിപ്പിച്ചു.
ചൂണ്ടക്കാരന് കുറച്ച് പിന്നിലായി , പാറയിൽ വഴുക്കലില്ലാത്ത ഒരിടംനോക്കി രണ്ടാളും ഇരുന്നു. ബാഗ് തുറന്ന് കളർ ട്യൂബുകളും വാട്ടർക്യാനും എടുത്ത് പുറത്തേക്ക് വയ്ക്കുമ്പോ ചുണ്ടക്കാരൻ ഇരകൊത്തിയെ കൊളുത്തിനെ ഒറ്റത്തൂക്കിന് പുറത്തേക്ക് വലിച്ചു. ചെറിയ മീനാകുമ്പോ അങ്ങനെയാണ്. കൊത്തിയാലുടൻ പൊക്കണം. വലിയ മീനാണെങ്കിൽ ചൂണ്ടവിഴുങ്ങി കടലിലൂടെ കുറേദൂരം സഞ്ചരിക്കും. രക്ഷപ്പെടാൻ കഴിയാത്ത ഒരു കുടുക്കാണ് തൊണ്ടയിലെന്ന് അറിയാമെങ്കിലും മീൻ അതുംകൊണ്ട് വെറുതേ തുഴയും. ചൂണ്ടക്കാരനും അതൊരാനന്ദമാണ്. ഒരിക്കലും പൊട്ടിപ്പോകാൻ ഇടയില്ലാത്ത ട്വയ്നിൻ്റെ മറുവശത്ത് ലോഹക്കൊളുത്തും അണ്ണാക്കിൽ തറഞ്ഞ് ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള പ്രാണൻ്റെ സഞ്ചാരം - ചൂണ്ടക്കമ്പിൽ ഇറുകെപ്പിടിച്ചാൽ കൈവെള്ളയിൽ അതിൻ്റെ തുടിപ്പറിയാം.
കൺമുന്നിലേക്ക് വന്നുവീണ കുഞ്ഞുമീനിനെക്കണ്ട് ആമിർ അന്തംവിട്ടുപോയി. ആദ്യമായിട്ടാണ് അങ്ങനെയൊരു മത്സ്യത്തെ അയാൾ കാണുന്നത്. മയിൽപീലിക്ക് ചിറകുമുളച്ചതുപോലെ ഒരു കുഞ്ഞുസുന്ദരന്‍ !
"കിട്ടാപ്പീലി " ചുണ്ടക്കാരൻ മീനിനെ കൊളുത്തിൽ നിന്നും ഇളക്കിയെടുത്തു . ഇതിനെ ആളുകള് തിന്നൂല്ല. രുചിയില്ലാത്ത മീനാണ് "
"ഇതിനെ അപ്പൊ എന്ത് ചെയ്യും", ആമിർ ചോദിച്ചു.
"ആ മണലിലേക്കെറിയും. കാക്കകള് വന്ന് തിന്നോളും"
"ജീവൻ പോണേനുംമുമ്പ് ഇതിനെ എനിക്ക് താ. ഞാൻ പൈസ തരാം", ആമിർ കൈക്കുമ്പിൾനീട്ടി. ചൂണ്ടക്കാരന് അതിശയം തോന്നി. ആർക്കും വേണ്ടാത്ത മീനിനെ പൈസക്ക് വാങ്ങാനും ഒരാള്. അയാൾക്ക് ചിരിവന്നെങ്കിലും പുറത്തുകാണിച്ചില്ല.
"പൈസയൊന്നും വേണ്ട, എടുത്തോ", ആമിറിൻ്റെ കൈക്കുമ്പിളിക്ക് പിടക്കുന്ന കിട്ടാപ്പീലിയെ അയാൾ ഇട്ടു.
നൂറ മണലിലേക്ക് ഓടിച്ചെന്ന് കുഞ്ഞുവിരലുകൾ താഴ്ത്തി അവിടെയൊരു കുഴി കുത്തി. മീനിനെ ആമിർ ആ കുഴിയിലേക്കിട്ടതും അപ്പോൾ വീശിയൊരുകാറ്റിൽ പാറകൾക്ക് മുകളിലൂടെ ഒരു തിര പരന്നൊഴുകിവന്ന് അതിലേക്ക് വെള്ളം നിറച്ചു. വെള്ളത്തില്‍നിന്നും വലിച്ചെടുത്ത ശ്വാസത്തിൻ്റെ ബലത്തിൽ കിട്ടാപ്പീലി ഒന്ന് പിടഞ്ഞു. പിന്നെ ശരീരമാകെ തുളഞ്ഞുകയറുന്ന വേദനയിൽ കണ്ണടച്ച് അനങ്ങാതെ കിടന്നു.
"കിട്ടാപ്പീ... നിനക്ക് നോവുന്നുണ്ടോ...?" ഏറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതെ കിടന്ന മീനിനോട് നൂറ ചോദിച്ചു. ആ ചോദ്യത്തിനുള്ള മറുപടിയെന്നോണം മുറിഞ്ഞ തൊണ്ടയിൽനിന്നും നൂലുപോലെ രക്തമൂറിവന്ന് കുഴിയിലെ വെള്ളത്തിലേക്ക് പടർന്നു .അജ്ഞാതമായ ഏതോ ലിപികളിൽ ചോരയുടെ വരകൾ എന്തൊക്കെയോ എഴുതുന്നുണ്ടെന്ന് ആമിറിന് തോന്നി.
"നൂറാ... നീയാ കളറുകൾ എടുത്തുകൊണ്ട് വാ . കിട്ടാപ്പി ഇത്തിരി നേരം മയങ്ങിക്കോട്ടെ. ആ സമയത്തിന് നമുക്കീ കടലിനെ വരച്ചു പൂർത്തിയാക്കാം ", ആമിർ മണൽതിട്ടയിലേക്ക് നടന്നു.
സ്വർണമുരുക്കിവീഴ്ത്തി സന്ധ്യമയങ്ങിയ കടലിനെ ആമിർ പകർത്തിയെടുത്തപ്പോൾ നൂറ വരച്ചത് ഉച്ചനേരത്തെ നീലക്കടലിനെയായിരുന്നു. അവളുടെ ചിത്രത്തിൽ സൂര്യന് തൊട്ടുതാഴെ കടലിൻ്റെ കണ്ണുപോലെ കിട്ടാപ്പിയുമുണ്ടായിരുന്നു .
" ആഹാ..ചിത്രകാരിയായിപ്പോയല്ലോ... " ആമിർ നൂറയെ കെട്ടിപ്പിടിച്ചു.
"കിട്ടാപ്പിയെ ഇനി എന്തുചെയ്യും വാപ്പി...", ഡ്രോയിങ്ഷീറ്റ് റോൾ ചെയ്തെടുക്കുമ്പോൾ നൂറ ചോദിച്ചു.
" കിട്ടാപ്പിയെ നമ്മളിനി 'ആർക്കും കിട്ടാപ്പീലി'യാക്കും "
"ആർക്കും കിട്ടത്തില്ലേ "
"ഇല്ല "
"അതങ്ങനെ?"
"ഒരിക്കൽ കിട്ടാപ്പിയ്ക്ക് ഒരുപണി കിട്ടിയതല്ലേ. ഇനി അവന് അബദ്ധം പറ്റില്ല", ആമിർ മത്സ്യത്തെ കുഴിയിൽ നിന്ന് കോരിയെടുത്ത് പാറയുടെ മുകളിലേക്കുവന്ന് തിരികെ ഇറങ്ങിയ ഒരു തിരയ്ക്കൊപ്പം കടലിലേക്കൊഴുക്കി. മീനിൻ്റെ ചിറകുകൾ അനങ്ങിയാലെന്ന പോലെ ഏതാനും ഓളങ്ങൾ പാറയിൽ തട്ടി വെള്ളത്തിനുള്ളിലേക്ക് നീന്തി.
"മനുഷ്യൻ ദൈവമാകുന്നത് എങ്ങനെയാണെന്നറിയുമോ നൂറാ?" ആമിർ മകളോട് ചോദിച്ചു.
"ഇല്ല വാപ്പി " നൂറ നിഷ്കളങ്കമായി ആമിറിനെ നോക്കി.
"മീനുകൾക്ക് അവയുടെ കടൽ തിരിച്ചു കൊടുക്കുമ്പോഴല്ലേ, ആലോചിച്ച് നോക്ക്"
"ആണോ...?", നൂറ കവിളിലേക്ക് ചൂണ്ടുവിരലമർത്തി വാപ്പി പറഞ്ഞതുപോലെ ആലോചിക്കാൻ തുടങ്ങി.
ഏറെക്കഴിയും മുൻപ് നൂറയെയും ആമിറിനെയും മറയ്ക്കത്തക്കരീതിയിൽ അന്തരീക്ഷം കറുത്ത കുപ്പായമെടുത്ത് ദേഹത്തേക്കിട്ടു. ഇരുട്ടിനുള്ളിലേക്ക് തീരം പൂര്‍ണ്ണമായും മുഖമൊളിപ്പിക്കുന്നത് കാണാന്‍ നില്കാതെ ആമിർ മകളുടെ കൈപിടിച്ച് ധൃതിയിൽ ബൈക്കിനരികിലേക്ക് നടന്നു.
വര : സബാഹ്
What's Your Reaction?

