രാജാക്കന്മാരും തത്ത്വശാസ്ത്രം പഠിക്കണം "The Kings should also study Philosophy "
"The Kings should also study Philosophy "- Musonius Rufus
നമുക്കു മുൻപ് എത്രയോ മഹാത്മാക്കൾ ഈ ഭൂമുഖത്ത് ജീവിക്കുകയും തങ്ങളുടെ ദർശനങ്ങൾ കൊണ്ട് മാനവവിചാര സരണിയെ സമ്പുഷ്ടമാക്കുകയും ചെയ്തു.അവരെ അറിയാതെ പോകുന്നത് വലിയ അപരാധമാണ്.
Musonius Rufus ഒരു റോമൻ സ്റ്റോയിക്ക് ഗുരുവാണ്. എപ്പിറ്റീക്റ്റസ്, സെനക്ക, മാർക്കസ് ഔറേലിയസ് എന്നിവരെ പോലെ പരക്കെ വായിക്കപ്പെടുന്നില്ലെങ്കിലും സ്റ്റോയിക് വിചാരധാര മുസോ ണിയസ് റൂഫസിനെ കൂടാതെ പൂർണമാകുന്നില്ല. Yale University പ്രസിദ്ധീകരിച്ച 'That One should Disdain Hardships' എന്ന പുസ്തകം റൂഫസിൻ്റെ വിചാരലോകത്തേക്കുളള തുറന്ന വാതായനമാണ്.
റൂഫസ് പറയുന്നതുപോലെ രാഷ്ടീയക്കാർ ഫിലോസഫി പഠിച്ചാൽ അവർ രാജർഷിമാർ (philosopher kings) ആയി മാറും. അതിലും വലിയ ഭാഗ്യം ജനങ്ങൾക്ക് കിട്ടാനില്ല. ദീർഘദർശനത്തോടെ നയങ്ങൾ ആവിഷ്കരിക്കാനും ജനങ്ങളെ ധാർമികരാക്കാനും അവർക്ക് എളുപ്പം സാധിക്കും. ഇത്രയേറെ നിയമങ്ങളുടെ ആവശ്യം തന്നെ ഉണ്ടാവില്ല.
മാനവചരിത്രത്തിൽ തന്നെ വളരെ കുറച്ച് രാജർഷിമാരെ മാത്രമേ കാണുന്നുള്ളൂ. വിശുദ്ധ ബൈബിളിൽ ദാവീദും സോളമനും ഉണ്ട്. ഭാരതത്തിൽ ഋഷഭദേവൻ, ഭരതൻ, അംബരീഷൻ, ജനകൻ എന്നിവർ രാജർഷിമാർ ആയിരുന്നു.
രാഷ്ട്രീയക്കാർക്ക് പൊതുവെ തത്ത്വജ്ഞാനത്തോട് വെറുപ്പാണ്. കാരണം അത് സത്യദർശനത്തിൻ്റെ വഴിയാണ് എന്നതു തന്നെ. Dionysius II എന്ന രാജാവിനെ രാജർഷിയാക്കാൻ പ്ലേറ്റോ ശ്രമിച്ച് പരാജയപ്പെട്ടതായി വായിച്ചിട്ടുണ്ട്. വിരോചനൻ എന്ന അസുരചക്രവർത്തിയെ നാരദർ പഠിപ്പിച്ചെങ്കിലും അതും എവിടെയും എത്തിയില്ല. മുഗൾ കാലഘട്ടത്തിലെ രാജർഷിയായ ദാരാഷുക്കോവിനെ ഔറംഗസേബ് വധിച്ചു അധികാരം സ്ഥാപിച്ചു . തൻ്റെ ഗുരുവായ സെനക്കയെ റോമൻ ചക്രവർത്തിയായ നീറോ വധിച്ചു. റുഫസ് പറഞ്ഞാലും പ്രശ്നങ്ങൾക്കു മധ്യേ വീണമീട്ടി രസിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഫിലോസഫി അഭ്യസിപ്പിക്കുന്നത് വല്ലാത്ത പൊല്ലാപ്പാണ്.
What's Your Reaction?