ബുദ്ധ മഹാ സഭകളിലൂടെ .

   15-Jan-2025 : 4:51 PM   0      17

ഗൗതമബുദ്ധനിൽ നിന്ന് ബുദ്ധമതത്തിലേക്കുള്ള സംഘത്തിന്റെ പരിണാമം നിയന്ത്രിച്ച നാല് ബൗദ്ധമഹാസമ്മേളനങ്ങൾ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ചരിത്രപ്രധാന രേഖകളാണ്. വിശദമായി എഴുതുന്നത് വിരസത ഉണ്ടാക്കുമെന്നതിനാൽ കഴിവതും ചുരുക്കിപ്പറയാം.

മഹാപരിനിർവാണത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം ആദ്യമായി ചേർന്ന ബൗദ്ധമഹാസഭയുടെ ലക്ഷ്യം ഗൗതമബുദ്ധൻ അരുളിച്ചെയ്ത സൂത്രങ്ങളും (Suttas - Buddha's discourses) സംഘനിയമങ്ങളും (Vinayas - Sangha disciplines) പരിപാലിച്ചു നിലനിർത്തുക എന്നതായിരുന്നു.

അജാതശത്രുവിന്റെ ഭരണകാലഘട്ടത്തിൽ രാജഗൃഹത്തിലെ സപ്തപർണി ഗുഹകളിൽ നടന്ന ഒന്നാം സമ്മേളനത്തിന് (483 BC) അധ്യക്ഷസ്ഥാനം വഹിച്ചത് ബുദ്ധന്റെ പ്രധാനശിഷ്യനായ മഹാകശ്യപനായിരുന്നു. സൂത്രങ്ങൾ ഉരുവിട്ടത് ആനന്ദനും വിനയങ്ങൾ ചൊല്ലിയുറപ്പിച്ചത് ഉപാലിയുമായിരുന്നു.

കാലക്രമേണ എല്ലാ സമൂഹങ്ങളിലും എന്നപോലെ ബുദ്ധസംഘത്തിലും ഉണ്ടായിത്തുടങ്ങി ഭിന്നിപ്പുകൾ. അങ്ങനെ വീണ്ടുമൊരു നൂറ്റാണ്ടിന് ശേഷം (383 BC) കാലശോക ശിശുനാഗന്റെ ഭരണകാലത്ത് വൈശാലിയിൽ സബാകാമി അധ്യക്ഷനായിക്കൊണ്ട് ഒത്തുചേർന്ന രണ്ടാം മഹാസഭയ്ക്ക് പരിഹരിക്കാനും അനേകം പ്രശ്നങ്ങളുണ്ടായിരുന്നു.

ബുദ്ധൻ അരുളിയ സംഘനിയമസംഹിതകൾ കലർപ്പില്ലാതെ പാലിക്കണം എന്നതിൽ ഉറച്ചു നിന്ന സ്ഥാവിരവാദികൾക്ക് മുന്നിൽ അന്നത്തെ സമൂഹത്തോടൊപ്പം ചലിക്കാനായി നിയമങ്ങൾ ഇളവ് ചെയ്തു ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള മഹാസാംഘികരുടെ പുരോഗമനവാദങ്ങൾ തള്ളിപ്പോവുകയാണുണ്ടായത്.

വർഷങ്ങൾ പിന്നിടുംതോറും ഭിന്നതകൾ കൂടിക്കൂടി വന്നതിന്റെ ഫലമായി അശോകന്റെ കാലഘട്ടമെത്തിയപ്പോഴേക്കും ബുദ്ധമതത്തിനുള്ളിൽ തന്നെ പതിനെട്ടോളം വിഭിന്നസരണികൾ രൂപംകൊണ്ടിരുന്നു. മൗര്യന്റെ പിന്തുണ കൂടിയായപ്പോൾ ട്രെൻഡിനൊപ്പം നീങ്ങുക എന്ന ആശയം പുരോഗമനവാദികൾക്കിടയിൽ കൂടുതൽ ശക്തി പ്രാപിച്ചു തുടങ്ങി.

(തുടരും)

Anjali Nambiar
© 

ഒന്നാം ഭാഗം 

➡️ രണ്ടാംഭാഗം 

What's Your Reaction?