അമൂല്യ സൗഹൃദത്തിന്റെ കഥ
ഫ്രഞ്ച് വംശജനും ഇറ്റാലിയൻ ഫോട്ടോഗ്രാഫറായിരുന്നു ടാൻക്രേഡ് ഡുമാസ് (1830-1905) പത്തൊമ്പതാം നൂറ്റാണ്ടിൽ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലുടെയും സഞ്ചരിച്ച് ധാരാളം ചിത്രങ്ങൾ പകർത്തുകയുണ്ടായി. അതിലൊരു ചിത്രം പറയുന്ന സൗഹാർദ്ധത്തിന്റെ കഥ നമ്മുടെ കണ്ണുകൾ നനയിക്കുന്നതാണ്.1889-ൽ ഓട്ടോമൻ സിറിയയിലെ ഡമാസ്കസിലെ തെരുവിൽ നിന്നുമാണ് അദ്ദേഹം ഈ ചിത്രം പകർത്തിയത്. ചിത്രം സമീപകാലങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വമ്പിച്ച പ്രചാരം നേടുകയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഡമാസ്കസിൽ ജീവിച്ചിരുന്നതായി പറയപ്പെടുന്ന സമീർ എന്ന ക്രിസ്ത്യാനിയുടെയും മുഹമ്മദ് എന്ന മുസ്ലീമിന്റെയും സൗഹൃദത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം. സമീർ പക്ഷാഘാതം ബാധിച്ച വികലാംഗനും മുഹമ്മദ് അന്ധനുമായിരുന്നു. സമീറിന്റെ കണ്ണുകളുടെ വെളിച്ചത്തിന്റെ സഹായത്തിലൂടെയല്ലാതെ പുരാതന ഡമാസ്‌കസിലെ ലാബിരിന്റൈൻ തെരുവുകളിൽ തനിയെ ചുറ്റിക്കറങ്ങാൻ അന്ധനായ മുഹമ്മദിനോ, മുഹമ്മദിന്റെ പാദങ്ങളുടെ സഹായമില്ലാതെ തളർവാതം ബാധിച്ച സമീറിനോ കഴിയുമായിരുന്നില്ല.രണ്ടുപേർക്കുമുള്ള കുറവുകളെ പരസ്പരാശ്രയത്തിന്റെയും സൗഹൃദത്തിന്റെയും അസാധാരണ ബന്ധത്തിന്റെ ശക്തിയിലൂടെ അവർ കഴിവുകളാക്കി മാറ്റുകയുണ്ടായി.
ഇരുവരും അനാഥരായിരുന്നു, ദരിദ്രമായ അന്തരീക്ഷത്തിൽ ഒപ്പം താങ്ങും തണലുമായി ഒരുമിച്ചു ജീവിച്ചു. ഒരിക്കലും വേർപിരിയാത്ത ഉറ്റ ചങ്ങാതിമാരായി. ഒടുക്കം വിധി മരണത്തിന്റെ രൂപത്തിൽ സമീറിനെ ആദ്യം അപഹരിച്ചു കൊണ്ടുപോയപ്പോൾ, തന്റെ പ്രിയസുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് മുഹമ്മദ് ഏഴ് ദിവസം തുടച്ചയായി കരഞ്ഞു, ഏഴാം നാൾ അവനും ഇഹലോകവാസം വെടിഞ്ഞു.
ഈ രണ്ടു പേരുടെയും പേരുകളുടെയും വ്യക്തിഗത ചരിത്രത്തിന്റെയും ആധികാരികത രേഖപ്പെടുത്തുന്ന സ്രോതസ്സുകളൊന്നുമില്ലെങ്കിലും അവരെ ചിത്രീകരിക്കുന്ന ഫോട്ടോ യഥാർത്ഥമാണ്.ഫോട്ടോ യുണൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പ്രിന്റ്സ് ആൻഡ് ഫോട്ടോഗ്രാഫ് ഡിവിഷനിൽ നിന്ന് cph.3b41806 എന്ന ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ നമ്പറിൽ ലഭ്യമാണ്. ചിത്രം വിക്കിമീഡിയ കോമൺസിലും ലഭ്യമാണ്.പക്ഷാഘാതം ബാധിച്ച ക്രിസ്ത്യാനിയുടെയും അന്ധനായ മുസ്ലീമിന്റെയും യഥാർത്ഥ കഥ എന്തായിരുന്നാലും , വംശീയതയുടെയും മതത്തിന്റെയും മറ്റെല്ലാ പ്രതിബന്ധങ്ങൾക്കുമപ്പുറം എന്നത്തേക്കാളും മനുഷ്യൻ ഇക്കാലത്ത് പരസ്‌പരം കൈകോർക്കേണ്ടിവരുമ്പോൾ ഈ ചിത്രം ഒരു പ്രചോദനമാകട്ടെ…
Link : https://www.loc.gov/resource/cph.3b41806/
What's Your Reaction?