അമ്മാതിരി . ..!
കിട്ടാനുണ്ടോ മരുന്നിനെങ്കിലും
വിശാല പള്ളിപ്പറമ്പിലെ അമ്പത്താറ് കളി സംഘത്തെ
തുറുപ്പിട്ട് വെട്ടുമ്പോ എതിരിരിക്കുന്നാളുടെ
അണ്ണാക്കീന്നെറിയുന്ന തെറി കേള്‍ക്കണം
ഓണ്‍ ലൈന്‍ റമ്മീന്ന് ഓഫാവണം
ഉണ്ടേൽ അയക്കണേ ഇങ്ങാടേക്ക് .
കിട്ടാനുണ്ടോ
കിടത്തിയിട്ട സിമൻ്റ് ലൈൻപോസ്റ്റ് സിറ്റിങ്ങാക്കിയ
പോസ്റ്റ് മോഡേൺ ബസ് സ്റ്റോപ്പിലിരുന്ന്
വരണോരുടേം പോണോരുടേം ജീനോളജി തപ്പുന്ന
തന്ത വൈബ് ടീംസിനെ..
തന്തയ്ക്കും തള്ളയ്ക്കും പിടികിട്ടാത്ത
ചില എം ഡി എമ്മേ പിള്ളാരുണ്ട്
അവന്മാരെ ഒരരുക്കാക്കണം
ഉണ്ടേല് ഞങ്ങട നാട്ടിലേക്കയക്കണേ...
കണികാണാൻ പറ്റുന്നുണ്ടാ
മതില് കെട്ടിത്തിരിച്ച പറമ്പിലെ
കൊക്കോ കൃഷിയിടത്തീന്ന്
മതില് ചാടി മൂക്കാത്ത കൊക്കോ വരെ
പറിച്ചു കൊണ്ട് വരുന്ന പിള്ളാരേ,
കൊക്കോ മാത്രല്ല
മാങ്ങയെറിയുന്നവരേയും കരിക്കിടുന്നവരേയും
ജാംമ്പക്ക പറിക്കുന്നവരെയും
ഉന്നം തെറ്റാതെ പുളി എറിഞ്ഞിടുന്നവരേയും
ആവിശ്യോണ്ട്
ഒന്നയച്ചേക്കണേ ..
നിങ്ങട നാട്ടിലുണ്ടാ
നൂൽ വണ്ണത്തി വരുന്ന പൊതുടാപ്പീ ചാരിനിന്ന്
റേഷൻ കടേല ഗോതമ്പിൻ്റ മാഹാത്മ്യം പറയുന്ന അമ്മച്ചിമാരേ..
ഉണ്ടേല് ഞങ്ങട നാട്ടിലേക്ക്
പകിടിക്ക് ട്രാൻസ്ഫറടിക്കാൻ പറ്റോ
ഈ സീസൺ കഴിയുമ്പ തിരിച്ചയക്കാ..
ഇരുപത്തിനാല് തരം ചായ വേണ്ട,
കല്യാണത്തിന് വീട്ടി വന്ന് ബിരിയാണി വെച്ച് തരുന്ന
കോക്കീന മതി
അസ്മാദികൾ ഞങ്ങ വാങ്ങിക്കൊടുത്തോളാമേ
ഉണ്ടേല് നേരത്തേ പറയണേ
പന്തലിനുള്ള ടർപ്പോളയെടുക്കാൻ പോവാണ്
വരുമ്പ പറഞ്ഞാലും മതി..
വരാന്തയിൽ വട്ടം വളഞ്ഞിരുന്നും പേൻ നോക്കിയും
ടാക്കീസിലിന്നലെ സെക്കണ്ട് ഷോ കണ്ട
സിനിമേലേ കഥ
ടൈറ്റിൽ മൊതല്
ലാസ്റ്റിലെ റോളിങ്ങും കഴിഞ്ഞ്
മൂന്ന് നാല് അഞ്ച് ന്ന് കാണിച്ച് കട്ടാവുന്നത് വരെ
ഫൈറ്റടക്കം വികാര വിക്ഷോഭങ്ങളോടെ
പറഞ്ഞ് തരുന്ന ചേച്ചിമാരുണ്ടോ..
ഓ . ടി . ടി . പ്ലാറ്റഫോമിൽ എപ്പിസോഡ്‌ഓരോന്നും
കണ്ടുകൺമിഴിച്ചങ്ങനെ
പിന്നത്തെ സീസണിലെ സീരിസിലെ നാലാമത്തെ എപ്പിസോഡ് കണ്ട്
ഏതാണെന്നറിയാതെ കൺഫ്യൂഷനടിച്ച് നിപ്പാന്ന്
വല്ല മാറ്റോണ്ടാവോന്നറിയാനാ...
ഈ ടീംസ് ഉറപ്പായും അവിടുണ്ടാവും
ഇടതൂർന്ന ആറ്റുവഞ്ചിയുടെ മറവിലിരുന്ന്
നിറഞ്ഞ മാറിടത്തിലും കവിഞ്ഞ തുടയിലും
സോപ്പ് തേക്കുന്നത് കണ്ട് ആത്മശാന്തിയടയുന്നവർ..
അത് വേണ്ട
അവര ഇങ്ങോട്ട് വിടണ്ട
അങ്ങനത്ത വാട്ട്സാപ്പ് വീഡിയോസ് പോലും നമ്മ നോക്കാണ്ടായീന്ന്
അത്രക്കുണ്ട് ഫോണില്
ജീമെയില്കാര് പതിനഞ്ച് ജി ബി
പൈസ കൊടുത്തു വാങ്ങിക്കണോന്നാ
ഇപ്പ പറഞ്ഞോണ്ടിരിക്കുന്നേ..
വേണ്ടാത്തോണ്ടാട്ടോ...
വര - സുധി അന്ന Sudhi Anna
What's Your Reaction?