സാജിതയുടെ വാപ്പ
ജനുവരി മാസത്തിലെ ഒരു വെള്ളിയാഴ്ച പ്രഭാതത്തിൽ ഞാൻ മകളൊടൊപ്പം ഭക്ഷണം കഴിക്കാനായി പള്ളിക്കരികിലെ പാർക്കിനെ കുറുകെ കടക്കുമ്പോഴാണ് അയാളെ ശ്രദ്ധിച്ചത്..
അമ്പത് വയസ്സിന് മുകളിൽ പ്രായം വരുന്ന താടിയും മുടിയും നീട്ടി വളർത്തിയ ക്ഷീണിച്ച ഒരു രൂപം. തണുത്ത് വിറച്ചിരിക്കുന്നു. മകളാണ് അയാളെ ചൂണ്ടി കാണിച്ച് തന്നത്. ഞാൻ അയാളുടെ അരികെയെത്തി. എന്നെയും മകളേയും ഉപേക്ഷിച്ച് ഫിലിപ്പിനി സുന്ദരിയുടെ കൂടെ പോയ അയാളുടെ തനി സ്വരൂപം. മനസ്സൊന്ന് പിടഞ്ഞു അങ്ങിനെ ആയിരിക്കരുതേ എന്ന് ആനി മനമുരുകി പ്രാർത്ഥിച്ചു.
അയാളല്ല തനിക്ക് തോന്നിയതാണ്..
പിന്നിട്ട ആ കയ്പേറിയ കാലത്തിലേക്ക് മനസ്സൊന്ന് പിന്നോട്ടോടി.കൈക്കുഞ്ഞായിരുന്ന മകളെയും കൊണ്ട് താൻ പിന്നിട്ട ആ നൊമ്പരക്കാലത്തിൻ്റെ തിണർപ്പുകൾ . തണുപ്പിന് കാഠിന്യം കൂടി . ശരീരത്തിലൂടെ തുളച്ചുകയറാൻ തുടങ്ങി. പുതച്ചിരുന്ന ഷാൾ പോരായെന്ന് അവർക്ക് തോന്നിച്ചു.
വല്ലതും കഴിച്ചോ...? അയാളുടെ അരികിലെത്തി ഞാൻ ചോദിച്ചു.
ഇല്ല , അയാൾ തലയാട്ടി...
ഞാൻ പുതച്ചിരുന്ന ഷാൾ കൊണ്ട് അയാളെ പുതപ്പിച്ചു.
മകളെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു . ഒരാൾക്കുള്ള ഭക്ഷണവും ചൂട് ചായയും കൊണ്ട് തിരികെ അയാളുടെ അടുത്തെത്തി .
ഇതാരാ അമ്മേ .....? മകൾ ചോദിച്ചു...
അതു കേട്ട അയാൾ മകളെ വാത്സല്ല്യത്തോടെ നോക്കി...ആ മയങ്ങിയ കണ്ണിൽ ഒരു പുതിയ തിളക്കം ഞാൻ കണ്ടു. അയാളുടെ വരണ്ട ചുണ്ടിൽ നിന്ന് ഒരു നേർത്ത ചിരി പടർന്നു.
ആർത്തിയോടെ ആയാൾ ഭക്ഷണം വാരി കഴിച്ചു.ചൂട് ചായ കഴിച്ച അയാൾക്ക് ഒരുണർവ്വ് വന്ന പോലെ.
എൻ്റെ ചോദ്യങ്ങൾക്ക് പലതിനും അയാൾ ഉത്തരം പറഞ്ഞില്ല.
ചൂടും തണുപ്പും സഹിച്ച് ഈ പാർക്കിൽ തന്നെയാവും അയാളുടെ സ്ഥിരം കിടപ്പ് . അതുകൊണ്ടാകാം പലവട്ടം അതേസ്ഥലത്ത് അയാളെ കാണാറുണ്ട്. പലപ്പോഴും അയാൾക്ക് ഭക്ഷണവും അത്യാവശ്യം കുറച്ച് പൈസയും കൊടുക്കും. എന്നാൽ എൻ്റെ ചോദ്യങ്ങൾക്കൊന്നും അയാൾ ഉത്തരമൊന്നും തന്നില്ല.
ഒടുവിൽ ഒരു ദിവസം അയാളുടെ പഴകിയ ബാഗിൽ നിന്ന് ഒരുതുണ്ട് കടലാസ് എനിക്കുനേരെ നീട്ടി. ഞാൻ അത് വാങ്ങി. സിഗരറ്റിൻ്റെ കവർ ആയിരിക്കണം. നീല മഷിയിൽ ചിതറിയ പോലെ അക്കങ്ങൾ.
ഇതാരുടെ നമ്പരാ..? ആ ചോദ്യത്തിനും മറുപടി താല്പര്യമില്ലാതെ , നാട്ടിലെ എന്നോ എന്തോ പിറുപിറുത്തു.
ഒരു കച്ചിതുരുമ്പു കിട്ടിയ പോലെ ഞാൻ ആ നമ്പറിൽ വിളിച്ചു. അങ്ങേ തലക്കൽ മറുപടിയൊന്നുമില്ല.
ഞാൻ വീണ്ടും വിളി തുടർന്നു.. കുറേക്കഴിഞ്ഞ് ആരോ ഫോൺ എടുത്തു . മറുതലയ്ക്കൽ ദയനീയമായ ഒരു സ്ത്രീ ശബ്ദം.
ഹലോ ...,ആരാ?
ഞാൻ ഷാർജയിൽ നിന്നാണ് വിളിക്കുന്നത്....!
അല്പസമയത്തെ മൗനം,
പിന്നെ അലമുറയിടുന്നത്പോലൊരു ചോദ്യം.
ൻ്റെ ഇക്കാൻ്റെ അടുത്തൂന്നാണോ? അലമുറ ഒരു ദയനീയമായ തേങ്ങലായി മാറുന്നത് ഞാനറിഞ്ഞു.
അയാളിൽ നിന്ന് മറുപടി കിട്ടാത്ത എല്ലാ ചോദ്യങ്ങൾക്കും തേങ്ങലുകളുടെ അകമ്പടിയിൽ ഉത്തരമായി.
കല്യാണം കഴിഞ്ഞ്കുറേ കൊല്ലങ്ങൾക്ക് ശേഷമാണ് ഇക്കാക്കയ്ക്ക് നാട് കടക്കണം എന്ന ആഗ്രഹം വന്നത്.അത്യാവശ്യം അല്ലലില്ലാതെ കഴിഞ്ഞരുന്നതാണ്.കൂലിവേല ആയിരുന്നു. സാജിത പിറന്നശേഷമാണ് ഗൾഫിൽ പോകണമെന്ന ആഗ്രഹം ഒരു ഭ്രാന്തായത്. ഒട്ടും വൈകാതെ വീടും പുരയിടവും പണയത്തിലാക്കി അങ്ട്ട് പോന്നു.
ആദ്യം,.. ആദ്യം എന്നെ മുടങ്ങാതെ വിളിച്ചിരുന്നു..പിന്നെ വിളിച്ചിട്ട് മിണ്ടാതെ നിക്കും. എൻ്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയൂല്ല. ഒരു വഴീം ഇല്ലാണ്ടായപ്പോ ഞാൻ തൊഴിലുറപ്പിന് പോയി സാജിതാനേം ഉമ്മാനേയും നോക്കി.
പിന്നെ, ഇതുവരെ വിളിച്ചിട്ടില്ല.കൊല്ലം എട്ടായി ഞാൻ എല്ലാ പാർട്ടിക്കാരോടും പോയി പറഞ്ഞു. എല്ലാരും ഇക്കാൻ്റെ അഡ്രസ് ചോദിക്കും.
നീണ്ട് പരന്ന് കിടക്കുന്ന രാജകീയമായ പാർക്കിനെ കണ്ണുകൊണ്ട് അളന്ന് ആ വർത്തമാങ്ങൾ ഞാൻ പിന്നെയും കേട്ടു .
ഫോൺ അയാൾക്ക് കൈമാറി.വിറയലോടെ അയാൾ അത് വാങ്ങി. അങ്ങേ തലക്കൽ നിന്നും അവരുടെ ദയനീയമായ ശബ്ദം കരച്ചിലിലേക്ക് വഴിമാറി. അയാളും ഒന്നു മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു.
അയാളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി. അയാളെ എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തു. എങ്ങിനെ എന്ന് ഒരുരൂപവും അന്നേരം ഇല്ലായിരുന്നു.എന്നാലും അകത്ത് ഒരു ഉറപ്പ് തോന്നി,ഇയാളെ സഹായിക്കാൻ കഴിയും!
മലയാളി സമാജക്കാരുമായി ഞാൻ ബന്ധപ്പെട്ടു.. അവരെ കാര്യങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കി. വേണ്ടതെല്ലാം ചെയ്യാമെന്ന ഉറപ്പ് അവർ പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.
വൈകുന്നേരം, പണിയെല്ലാം ഒതുക്കി ഒന്ന് നിവന്നതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ഫ്ലാറ്റിലെ സുബൈദ വിളിക്കുന്നു.
'അറിഞ്ഞോ..,? നമ്മുടെ പള്ളീടെ അരികത്തെ പാർക്കിൽ ഒരാൾ മരിച്ചു കിടക്കുന്നത്രെ. മലയാളി ആണെന്നാണ് ആലുകൾ പറഞ്ഞത്.
പോലീസ് വന്ന് ബോഡി മോർച്ചറിയിലേക്ക് കൊണ്ടുപോയി.
. എൻ്റെ ഉള്ളൊന്ന് ആന്തി. തിടുക്കനെ പാർക്കിലേക്ക് നടന്നു. അയാൾ കിടന്നിരുന്ന ബെഞ്ചിൽ ആ പഴയ ബാഗ് ഉണ്ടായിരുന്നു. പക്ഷെ അയാൾ അവിടെ ഉണ്ടായിരുന്നില്ല.
അന്നുതന്നെ ഞാൻ നാട്ടിലേക്ക് വിളിച്ചു. അവരോട് ഞാൻ അയാളുടെ പാസ്പ്പോർട്ട് കോപ്പിയും ഫോട്ടോയും അയച്ചു തരാൻ പറഞ്ഞു. വർത്തമാനത്തിനിടയിൽ സാജിത ഫോൺ വാങ്ങി കരഞ്ഞ് കൊണ്ട് പറഞ്ഞു.
ചേച്ചി..ഞാൻ., എൻ്റെ വാപ്പയെ ഇതുവരെ കണ്ടിട്ടില്ല .
എന്ത് മറുപടി പറയണമെന്ന് അറിയാതെ. എൻ്റെ ചുണ്ടുകൾ വിറച്ചു..
അതെ, വിമാനത്തിൽ ഒരു വെള്ള പുതപ്പിനുള്ളിൽ ഒരു പേരും വിലാസവും തിരിച്ച് കിട്ടിയ മൃതദേഹമായി......!
എൻ്റെ തൊണ്ടയിൽ എന്തോ വിങ്ങുന്ന പോലെ.......!
വര : സുധി അന്ന
What's Your Reaction?

