അന്യഗ്രഹജീവികൾ
വെളുപ്പാൻ കാലത്ത് മൊബൈൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.
കമ്പിളി വകഞ്ഞുമാറ്റി ഫോണെടുത്തു. അബുദാബിയിൽനിന്ന് രാജുവാണ്!
ഈ വെളുപ്പാൻകാലത്ത് ഈ പഹയൻ എന്തിനാണ് എന്നെ വിളിക്കുന്നത്?
അങ്ങേത്തലയ്ക്കൽ രാജുവിന്‍റെ ശബ്ദം:
"ടാ, ഞാൻ നിന്നോട് പറയാറില്ലേ അന്യഗ്രഹ ജീവികൾ എന്നെ വിളിക്കാറുണ്ടെന്ന്? അവർ എന്നെ ഇപ്പോഴും വിളിച്ചു. ഞാൻ അവരോട് പഴയപോലെ പറഞ്ഞു, എനിക്ക് രണ്ടു ലക്ഷം രൂപ കടം വീട്ടാനുണ്ട്, അതു കഴിഞ്ഞു ഞാൻ വരാമെന്ന്. പക്ഷേ അവർ സമ്മതിക്കുന്നില്ല, ഞാൻ എന്തു ചെയ്യും?"
ഉറക്കം പോയ ദേഷ്യം കടിച്ചമർത്തി ഞാൻ പറഞ്ഞു:
"നീ അവരോട് പറ, ഒരാൾക്കും കടക്കാരനായിരിക്കാൻ ഇഷ്ടമല്ലെന്ന്."
പത്തനംതിട്ടക്കാരനായ രാജുവും ഞാനും കുറേനാൾ ദുബായിൽ ഒരുമിച്ചു താമസിച്ചവരാണ്. ഒരു സ്വതന്ത്രചിന്തകനായ അവനും ഞാനും ആരോഗ്യപരമായ സംവാദങ്ങളിൽ ഏർപ്പെടുമായിരുന്നു. ഞാൻ ആണെങ്കിൽ ചിലപ്പോൾ വിശ്വാസിയും ചിലപ്പോൾ അവിശ്വാസിയുമായിരുന്നു.
രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കാതെ ഏതെങ്കിലും ഒരിടത്തു നിൽക്ക് എന്ന് എന്നോടവൻ പറയാറുണ്ട്.
വിവാഹജീവിതം വേർപെട്ടതിനു ശേഷം അവന് അബുദാബിയിൽ ജോലി കിട്ടിപ്പോയി. സ്വന്തം വീട്ടുകാരും നാട്ടുകാരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച അവൻ എന്നെ എല്ലാ ദിവസവും വിളിക്കുമായിരുന്നു.
അവൻ ഇടയ്ക്കിടെ പറയുന്ന കാര്യമാണ് എന്നെ അന്യഗ്രഹ ജീവികൾ അവരുടെ ലോകത്തേക്ക് ക്ഷണിക്കുന്നു എന്ന്.
"എടാ, നീ എങ്ങനെയാണ് അവരുമായി സംവദിക്കുന്നത്?"
"അതു നമ്മുടെ സിസ്റ്റത്തിലൊക്കെ ബഗ്ഗ് കയറുന്നത് പോലെയാണ്. നമ്മുടെ ചിന്തകളെ അവർ സ്വാധീനിക്കുന്നു. അവരുടെ അത്യാധുനിക സൗകര്യങ്ങളും സഞ്ചാരവാഹനങ്ങളും എല്ലാവിധ മായാകാഴ്ചകളുമായി എന്നെ ഭ്രമിപ്പിക്കുന്നു.
എല്ലാം നമ്മുടെ ചിന്തകൾക്കപ്പുറമാണ്. നമ്മൾ പ്രകാശവർഷങ്ങളെക്കുറിച്ചൊക്കെ പഠിച്ചിട്ടുണ്ടല്ലോ, അതിനും പതിന്മടങ്ങാണ് അവരുടെ വേഗത. അതിനായി ചിന്തകളുടെ വേഗത്തിനൊപ്പം അവർക്ക് നമ്മുടെയൊപ്പം എത്താൻ കഴിയും."
"നീ പറയുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഇത് എല്ലാ മതക്കാരും പറയുന്നതുപോലെ തന്നെയാണ്. നീ അവരുടേതിന് പകരം ഒരു അന്യഗ്രഹലോകം കാണുന്നു, അത്ര തന്നെ."
ഇതു കേട്ട് ദേഷ്യം പിടിച്ച് അവൻ ഫോൺ കട്ട് ചെയ്യും.
പിന്നീട് പല തിയറികളുമായി അവൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു.
ഞാൻ അവന്‍റെ കഥകൾ കേട്ട് ഗൂഗിളിൽ പരതും; അവൻ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന്. പല വിവരണങ്ങളും കേട്ട് ഞാനും ഒരു പ്രത്യേക ലോകത്തിലേക്ക് പ്രവേശിച്ചു. പൈലറ്റുമാർക്ക് ദൃശ്യമായ പറക്കുംതളികകൾ, ഏലിയൻസ്... അങ്ങനെ ഞാനും അന്യഗ്രഹജീവികളെക്കുറിച്ച് അവനോടൊപ്പം മല്ലിടാനുള്ള അറിവു ശേഖരിച്ചു.
രാജു പങ്കുവെച്ച അവന്‍റെ കുട്ടിക്കാലം...
ഭക്തയായ അമ്മയുടെ ഭക്തി അവനിലും ഉണ്ടായിരുന്നു. പുലർകാലേ തന്നെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിരുന്ന കാലം. കുഞ്ഞനിയൻ വളർന്നപ്പോൾ അവനും അവനൊപ്പം കൂടി. മണ്ഡലമാസക്കാലത്ത് ചേട്ടനും അനിയനും കൂടി വെളുപ്പിന് മൂന്നു മണിക്ക് കുളിച്ച് തോർത്തി, ഭക്തിയോടെ ശരണം വിളിച്ചിരുന്നതും, മയിൽപീലി വെച്ച ശരക്കോലുമായി അഭിമാനത്തോടെ സ്കൂളിൽ പോയിരുന്നതും...
പിന്നീട് ജോലി കിട്ടി ദുബായിൽ എത്തി. പലപല കമ്പനികളിൽ ജോലി ചെയ്ത് ഒടുവിൽ ഒരു നല്ല കൺസൾട്ടിങ് കമ്പനിയിൽ സീനിയർ ഡ്രാഫ്റ്റ്‌സ്മാനായി. നാട്ടിൽ നല്ലൊരു സ്ഥലവും വീടും വെച്ച് സുഖകരമായി പോകുന്നതിനിടയിൽ നാട്ടിൽനിന്നൊരു ഫോൺ കോൾ വന്നു; കുഞ്ഞനിയൻ ബോധസീമകൾ വിട്ട് ഭ്രാന്തനായി വീടുവിട്ട് എവിടേക്കോ പോയെന്ന്.
നാട്ടിലെത്തി അവനെ കണ്ടുപിടിച്ചെങ്കിലും അവൻ മറ്റൊരു ലോകത്തായിരുന്നു. പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നു. ഡോക്ടറെ കാണിച്ചെങ്കിലും മരുന്നുകൾ കൊടുക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല. ശത്രുദോഷമാണെന്ന് പറഞ്ഞ് അമ്പലത്തിലെ പ്രസാദവും പുണ്യാഹവും കൊണ്ടുള്ള ചികിത്സയിൽ അമ്മ ഉറച്ചുനിന്നു. അമ്മയെ ധിക്കരിക്കാനാവാതെ അവൻ ദുബായിലേക്ക് മടങ്ങി. വീണ്ടും വീണ്ടും അനിയൻ വീടുവിട്ട് എവിടേക്കോ അലഞ്ഞുതിരിയും, പലരും അവനെ വീട്ടിലെത്തിക്കും.
ആ പ്രാവശ്യം ഉറച്ച തീരുമാനവുമായാണ് രാജു നാട്ടിലേക്ക് തിരിച്ചത്. ഡോക്ടറെ കാണിക്കാതെ ഇനി ഞാൻ ദുബായിലേക്ക് വരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞെങ്കിലും അമ്മ ഡോക്ടറെ കാണിക്കാൻ സമ്മതിച്ചില്ല. പിന്നീട് രാജു നാട്ടിലേക്ക് പോയില്ല.
നാടുമായും വീടുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച അവന് ആകെയുള്ള ആശ്വാസം ഞാൻ മാത്രമായിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് അവൻ അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിച്ചത്. അവർ ഗൂഗിളിൽ തിരഞ്ഞ് പല വാദമുഖങ്ങളുമായി എന്നെ വിളിച്ചുകൊണ്ടിരുന്നു.
ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു:
"അവർ എന്തൊക്കെയാണ് നിന്നോട് പറയുന്നത്?"
"ഞാൻ ഭൂമിയിലെ ഈ നാട്യക്കാരുടെ ഇടയിൽ ജീവിക്കേണ്ടവനല്ല. നിനക്ക് ഇത്രയധികം ശമ്പളം ലഭിച്ചിട്ടും നിനക്ക് നിന്‍റെ കടം വീട്ടാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ്? നീ വിശക്കുന്ന എല്ലാവർക്കും ഭക്ഷണം വാങ്ങിക്കൊടുക്കുന്നു; അതിൽ മനുഷ്യരുണ്ട്, മൃഗങ്ങളുണ്ട്, പറവകളുണ്ട്. എന്നാൽ നീ ഇതൊന്നും ആരോടും പറയുന്നില്ല. പക്ഷേ, ഭൂമിയിലെ മനുഷ്യർ എന്താണ് ചെയ്യുന്നത്? ക്യാമറക്കാരുമായി നടന്ന് ഫോട്ടോയെടുത്ത് അവരുടെ പേരും പ്രശസ്തിയും ബിസിനസ്സും വർദ്ധിപ്പിക്കുന്നു. ഞങ്ങളുടെ ലോകത്ത് ഭക്ഷണം ഒന്നും ആവശ്യമില്ല. വേർതിരിവുകളില്ലാത്ത ഒരു ലോകമാണത്. എത്രയും വേഗം കടം വീട്ടി നീ ഞങ്ങളുടെ ലോകത്തിലേക്ക് വരിക."
അവനെ ഇവിടെ പിടിച്ചുനിർത്താനായി ഞാൻ പറഞ്ഞു:
"നീ നിന്‍റെ അനിയനോട് കരുണ കാട്ടുന്നുണ്ടോ? പ്രായപൂർത്തിയായ അവന്‍റെ ലൈംഗികചേതനകൾ അവൻ പൂർത്തീകരിച്ചിട്ടുണ്ടോ? നല്ല ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഇതെല്ലാം പൂർത്തീകരിച്ചിട്ട് നിനക്ക് അവരുടെ ലോകത്തിലേക്ക് പോകാം."
ഇതുകേട്ട് അവൻ കുറച്ചുനേരം മൗനം പൂണ്ടു.
"നീ പറഞ്ഞത് ശരിയാണ്. ഞാൻ അത്രയ്ക്കധികം കടന്നു ചിന്തിച്ചില്ല. ഞാൻ എമർജൻസി ലീവിൽ നാട്ടിലേക്ക് പോകുന്നു."
അവൻ ഫോൺ കട്ട് ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് അവന്‍റെ വിളി വന്നു. ഓഫീസിലെ തിരക്കുകൾക്കിടയിലായിരുന്നെങ്കിലും ഞാൻ പുറത്തുകടന്ന് അവന്‍റെ കഥകൾക്കായി കാതോർത്തു.
നാട്ടിൽ പോയി അനിയന് നല്ല വസ്ത്രങ്ങൾ വാങ്ങിച്ചുകൊടുത്ത്, പട്ടണത്തിലെ സുന്ദരിയായ ഒരു വേശ്യയുടെ മുറിയിലേക്ക് പറഞ്ഞയച്ചു. കുറച്ചധികം നേരം കഴിഞ്ഞ് അവർ മുറി തുറന്നു. അവരുടെ കണ്ണുകളിൽനിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. സന്തോഷത്തിന്‍റേതാണോ ദുഃഖത്തിന്‍റേതാണോ എന്ന് എനിക്ക് തിരിച്ചറിയാനായില്ല. അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത്; അവരുടെ തുറന്നുകിടക്കുന്ന ബ്രേസിയറിൽനിന്ന് സ്തനങ്ങൾ പാൽ ചുരത്തുന്നു!
അവർ കണ്ണീരോടെ പറഞ്ഞു..
"അവന് അത്തരം വികാരങ്ങളൊന്നുമില്ല. ഒരു അമ്മയുടെ അകിടിൽനിന്ന് പാൽ കുടിക്കുന്നതുപോലെ അവൻ എന്‍റെ മുലകൾ ആഞ്ഞുവലിച്ചു. എന്‍റെ മുലകൾ അവനായി അമൃത് ചുരത്തി... അത് ആവോളം നുകർന്ന് അവനിതാ സംതൃപ്തനായി കിടന്നുറങ്ങുന്നു."
ഈ കഥ കേട്ട് ഞാൻ ഞെട്ടിത്തെറിച്ചു! ഇനി എന്തു പറഞ്ഞ് ഈ ലോകത്ത് ഞാൻ അവനെ പിടിച്ചുനിർത്തും?
അങ്ങനെയാണ് ഈ തണുത്ത വെളുപ്പാൻകാലത്ത് അവൻ എന്നെ വിളിക്കുന്നത്. ഞാൻ പല വാദമുഖങ്ങൾ നിരത്തി അവനെ തളർത്താൻ നോക്കിയെങ്കിലും അവൻ എന്നോട് കലഹിച്ച് ഫോൺ കട്ട് ചെയ്തു.
അടുത്ത ദിവസം അബുദാബി പോലീസിൽനിന്ന് എനിക്ക് വിളി വന്നു. ഞാൻ അവിടെ ഹാജരായി. മോർച്ചറിയിൽ രാജുവിന്‍റെ പാതി വിരിഞ്ഞ ചിരിയുള്ള മുഖത്ത് ഞാൻ അന്യഗ്രഹജീവികളെ കണ്ടു!
അവർ എന്നെയും അവരുടെ ലോകത്തിലേക്ക് ക്ഷണിക്കുന്നതുപോലെ... എന്തോ അദൃശ്യകിരണങ്ങൾ എന്‍റെ ബോധസീമയിൽ കയറുന്നതുപോലെ... എന്‍റെ ചുറ്റും എന്തൊക്കെയോ മുഴങ്ങുന്നതുപോലെ... ബോധസീമകൾ കീഴ്മേൽ മറിയുന്നു .
വര : സുധി അന്ന
What's Your Reaction?

