രാജകുമാരിയിലെ തേനറകൾ . ഒരു ദേശത്തിൻ്റെ മുദ്രണം .
ശ്രീ ബാബു പോൾ മാവേലിയുടെ "രാജകുമാരിയിലെ തേനറകൾ" പ്രകാശിതമായിരിക്കുന്നു.
ഈ അനുഭവക്കുറിപ്പ് ഒരു ദേശത്തിൻ്റെ ,ജീവിതാവസ്ഥകളുടെ,
കാലഘട്ടങ്ങളുടെയെല്ലാം സത്യസന്ധമായ അടയാളപ്പെടുത്തലായി തോന്നി .
ഒരർത്ഥത്തിൽ രാജകുമാരിയിൽ അഞ്ചലാപ്പീസിലെ പോസ്റ്റ്മാസ്റ്ററിൽ നിന്ന്,
മാവേലിയമ്മയിൽ നിന്നെല്ലാം പൈതൃകമായി ലഭിച്ച ഉൾക്കാഴ്ച്ചകളെ
സഹൃദയലോകത്തിന് പകർന്നപ്പോൾ നല്ലൊരു വായനാനുഭവമായി മാറുന്നു.
ആ പോസ്റ്റ് മാസ്റ്ററും, മാവേലിയമ്മയും, കോലോത്തെ വല്യപ്പനും,
വെങ്ങോലയിലെ വല്ല്യമ്മായിയും , കുട്ടിമാമേടെ വീട്ടിലെ ഗോപിച്ചേട്ടനും,
പ്രിയസോമിനി ടീച്ചറും, 8 D യിലെ എൽദോയുമെല്ലാം നമ്മുടെ ആരെല്ലാമോ ആകുന്നുണ്ട്.
ഹൈറേഞ്ചിലെ ആനവണ്ടിയിലൂടെ സഞ്ചരിച്ച്
യു.സി കോളേജ് വരെ....
പിന്നീട് കോതമംഗലംകാരനായ ദൂരമെല്ലാം
ഈ എഴുത്തുകാരൻ നടന്നു തീർത്ത
വഴികളാണ്.
അധ്യാപകനായും,സർക്കാരുദ്യോഗസ്ഥനായും കർമ്മ വഴികളിൽ തിളങ്ങിയ
ഇദ്ദേഹത്തിൽ ഇപ്പോഴും, ഷെല്ലിയും, കീറ്റ്സും, വേർഡ് വർത്തും,
ഷെക്‌സിപിയറുമെല്ലാം ഉറങ്ങി കിടക്കുന്നു.
അക്ഷരങ്ങളിലൂടെ,
ജീവിതചിത്രണങ്ങളിലൂടെ അവ പുനർജനിക്കുന്നു.
ശ്രീ.ബാബു പോൾ മാവേലി
ജന്മദേശം പോലെ തന്നെ ജീവിക്കുന്ന ദേശത്തേയും
എന്നും ഹൃദയത്തോട് ചേർക്കുന്ന ഈ എഴുത്തുകാരന്
കഥാപാത്രങ്ങളെ തേടി പോകേണ്ട ആവശ്യമില്ല.
ജീവിതയാത്രയിൽ കാണുന്ന മുഖങ്ങളുടെ സൂക്ഷ്മമായ ആവിഷ്കരണം.
നാടിനെ അറിയുന്ന, സത്യസന്ധമായി ആവിഷ്‌കരിക്കുന്ന നാട്ടുകാരൻ!
നാട്ടുവഴികളും, ഞാവൽപ്പഴങ്ങളും, സേനാപതിയിലെ ഇല്ലിപ്പാലവും,
കുംഭ മഴയും, കപ്പകൃഷിയും , ഓണവിശേഷങ്ങളും, നെല്ലിക്ക കഥകളും
എന്തിനേറെ രാജകുമാരിയിലെ വൈദ്യന്മാരും, മീനുവും,
പപ്പടവും വരെ കഥാപാത്രങ്ങളായി മാറിയപ്പോൾ
ഒരർത്ഥത്തിൽ പ്രകൃതിയേയും, പരിസരത്തേയും ഈ തൂലിക ഒപ്പിയെടുക്കുകയാണ്.
ഇവിടെ ആ വഴിയിലൂടെ നമ്മെ നടത്തുകയല്ല ....
നാം അറിയാതെ ആ വഴികളിലൂടെ സഞ്ചരിക്കുകയാണ്.
ഒരർത്ഥത്തിൽ ആത്മകഥാംശത്തെ അതിഭാവുകത്വമില്ലാതെ ആവിഷ്‌കരിച്ച
ഈ എഴുത്തുകാരന് അക്ഷരലോകത്ത്
തൻ്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു
What's Your Reaction?

