നന്ദി,
ചുള്ളിക്കാട്.. നന്ദി
നന്ദി, ഒഥെല്ലോ.
നൂറ്റാണ്ടുകൾക്കു ശേഷം
എന്നെപ്പോലും രക്ഷിച്ചതിന്!
ചുള്ളിക്കാടിൻ്റെ പുതിയകവിത
അവസാനിക്കുന്നത് ഇങ്ങനെയാണ്.
'ഏവണി'ലെ വിശ്വോത്തരകവിയും
നാടകകൃത്തുമായ ഷേക്സ്പിയർ അവർകളുടെ
ആ എ_വൺ ദുരന്ത നായകന് തലമുറകൾക്കിപ്പുറം നിന്നുള്ള
നന്ദി സമർപ്പണത്തോടെ
ജീവിതപങ്കാളി ഡെസ്ഡിമോണയെ ഒരു ഭൂലോക-കപടിയുടെ വാക്കുകൾ കേട്ട് ദുശ്ശങ്ക മുഴുത്ത് അവളുടെ ശ്വാസത്തിൽ
താൻ ഇടപെടുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഭാവിച്ച് കഴുത്തുഞെരിച്ചു കൊന്ന
മൂർവംശജനായ വെനീഷ്യൻ സൈനികമേധാവി ഒഥെല്ലോയ്ക്ക് കവി നന്ദി
പറയുന്നതെന്തിന്?
പ്രേയസിയുടെ പ്രാണനെടുക്കും മുമ്പ് ഒഥെല്ലോ പറഞ്ഞ വാക്കുകളാവാം ഈ നന്ദിക്ക് കാരണമായത്.
ഡെസ്ഡിമോണയുടെ ശയ്യാ ഗൃഹത്തിലേക്ക് പ്രവേശിക്കും മുമ്പ്
ആ ദുരന്തജീവിതസേനാനി പറയുന്നു.
Yet I will not shed her blood,
Nor Scar that whiterskin of hers than snow
and smooth aട monumental alabaster
yet She must die, else she’ll betray moremen!
ഈ വാക്കുകളിൽ ആ നന്ദിക്ക് ആധാരമായ രണ്ടു സാദ്ധ്യതകൾ തുറക്കുന്നുണ്ട്.
ഹിമത്തേക്കാൾ മാരകസുന്ദരമായ വെൺമയും ശവസ്മാരകങ്ങളിലെ വെണ്ണക്കല്ലിൻ്റെ മിനുസവുമുള്ള ആ വശ്യശരീരം
ഒരു തുള്ളി രക്തം പോലും ചിന്താതെ
ഒഥെല്ലോ തലമുറകൾക്കിപ്പുറമുള്ള താനടക്കമുള്ള സൗന്ദര്യാരാധകർക്ക് സമ്മാനിച്ചുവല്ലോ!
ക്ഷണികസൗന്ദര്യത്തിൽ അഭിരമിക്കുന്നവരെ നിത്യമായ ആ പതിതസുന്ദരകലാപുഷ്പത്തിൻ്റെ ദർശനം
വിമലീകരിക്കുകയല്ലേ ചെയ്യുന്നത്.
ഈ വായനാസാദ്ധ്യതയിൽ മാന്യവായനക്കാർ നെറ്റിചുളിക്കുന്നുണ്ടോ.
എങ്കിൽ ചുള്ളിക്കാടിൻ്റെ ഡ്രാക്കുളയിലെ ഈ നാലുവരികൾ ഉരുക്കഴിച്ചാലും
"നാഗദന്തം മുലക്കണ്ണിലാഴ്ത്തിജ്ജീവ /
നാകം ദഹിപ്പിച്ച ഭോഗസമ്രാജ്ഞിതൻ /
ലോകാഭിചാരകമാം മൃതദേഹത്തെ /
നീ വെഞ്ചെരിച്ചെന്നോടൊന്നിണ ചേർക്കുക"
2)
കഴിഞ്ഞില്ല ഒഥല്ലോ അഞ്ചാമങ്കം രണ്ടാം രംഗത്തിലെ അതേ ആത്മഗതത്തിലെ
അവസാനവരികൾ ശ്രദ്ധിച്ചാലും.
She must die, else she’ll betry more men!
ആദ്യസാദ്ധ്യത സദാചാര കുതുകികൾ തള്ളിക്കളയുകയാണെങ്കിൽ ഡെസ്ഡിമോണയുടെ വശ്യചാരുതയിൽ
പുരുഷപരമ്പരകൾ ദേശകാലാതീതമായി വ്യാമുഗ്ദ്ധരാവാതിരിക്കാനാണ് ഒഥല്ലോ ആ നിഷ്ഠുരകൃത്യം അനുഷ്ഠിച്ചത്!
അതു കൊണ്ട് അദ്ദേഹത്തിന് നന്ദി..
നന്ദി ഒഥല്ലോ നന്ദി!
3) മാത്രമോ Desdemona lay Virgin in death എന്ന്
തൻ്റെ സ്വാമിനിയെക്കുറിച്ച് തോഴിയായ എമീലിയ പറഞ്ഞ വാക്കുകൾ
തലമുറകൾക്കിപ്പുറത്തേക്ക് വലിയൊരു രതിസമസ്യയായി അരിച്ചെത്തുന്നു.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ കന്യകമാരുടെ മരണശേഷം
മണാളന്മാരുടെ അനുഷ്ഠാനമെന്തെന്ന് അറിയുമ്പോഴേ
കവിയുടെ നന്ദിവാക്കുകളിൽ പതിയിരിക്കുന്ന മറ്റൊരു ഗൂഢാർത്ഥം വെളിച്ചപ്പെടൂ!
4)ഇല്ല നന്ദിപ്രഹേളിക അവസാനിച്ചിട്ടില്ല.
ഒടുക്കം സത്യമെന്തെന്ന് തിരിച്ചറിയുമ്പോൾ ശത്രുസൈന്യങ്ങളെ അരിഞ്ഞുതള്ളിയ തൻ്റെ ഉടവാൾ
അവനവൻശത്രുവിനുനേരെ പ്രയോഗിച്ച് ശത്രുരക്താഞ്ജലി വരുത്തി
പുരുഷരാശിയെ ഒന്നടങ്കം പാചമോചിതരാക്കിയ
പശ്ചാത്തപവിവശതയിൽ ആത്മഹാരിയായ
ഒഥല്ലോവിനും നന്ദി!
5)ഇല്ല
കഴിഞ്ഞിട്ടില്ല പ്രഹേളിക.
നാടകാന്തം
ഒഥെല്ലോയുടെ വാൾമുനയേറ്റ്
മുറിയുന്നുണ്ടൊരാൾ, പാപൻ!
ഉടവാൾ കൊണ്ട് ഒരു മുറിവേല്പിച്ച്
ക്ലാസിക്കിൻ്റെ സമസ്തദുരന്തഭാരവും ഭരമേല്പിച്ചുകൊണ്ട്
ഇയാഗോയെ ഒഥെല്ലോ കൊല്ലാതെ വിടുന്നു.
മാനവസത്തയിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെപ്പോലെ ഇയാഗോ
പറയുന്നു.
I bleed, Sir, but not killed!
ആത്മഹത്യയും കൊലയ്ക്കുമിടയിലൂടെ
ഒരാർത്തനാദം പോലെ പായുന്ന ഇയാഗോയുടെ ഒട്ടുമേ നിഷ്കളങ്കമല്ലാത്ത
ഈ രക്തപങ്കിലമായ മാപ്പുസാക്ഷിത്വമല്ലേ
എല്ലാ മഹത്തായ കലാസൃഷ്ടികളുടെയും പ്രഭവസ്ഥാനം,
ചുള്ളിക്കാടുകവിതകളുടെ ആരൂഢം!
വില്ലനിയുടെ ആ ‘ഉദാത്ത’ മാതൃകയെ
കൊല്ലാതെ വിട്ടുതന്നതിന് ഉദാരമായ ആ വിട്ടുവീഴ്ചയ്ക്ക് നന്ദി ഒഥെല്ലോ നന്ദി!
പ്രഹേളികാസൗന്ദര്യമുള്ള ഒറ്റവരിയിലൂടെ
നൂറ്റാണ്ടുകൾക്കുമുമ്പ് ഉരുവം കൊണ്ട മഹത്തായ ആ ക്ലാസിക്കിലേക്ക്
സങ്കീർണ്ണമായ മനുഷ്യാവസ്ഥയിലേക്ക് ഉപനയിച്ചതിന് നന്ദി ചുള്ളിക്കാട്,
നന്ദി.
ഒഥെല്ലോ ,
ഡെസ്ഡിമോണയെ ആദ്യം സ്പര്ശിച്ചപ്പോൾ
അവളുടെ ചർമം
അയാൾക്ക് എങ്ങനെ അനുഭവപ്പെട്ടു . ...........
...............................................................................
.............................................................................
................................................................................
..................................................................................
എങ്കിലും നന്ദി ഒഥെല്ലോ
നൂറ്റാണ്ടുകൾക്കുശേഷം ജനിക്കാനിരിക്കുന്ന
എന്നെപ്പോലും രക്ഷിച്ചതിന് ,
കവിത മാതൃഭൂമിആഴ്ചപ്പതിപ്പിൽ വായിക്കുക .