ഒടുവിൽ ...,

   08-Mar-2025 : 3:07 PM   0      30

തിരികെത്തരാമെന്നു നീ കടം കൊണ്ടൊരാ ചിരി മടക്കിത്തന്ന നീലരാവിൽ 
അരികത്തിരുന്നെൻ വിരൽത്തുമ്പിലറിയാതെ വിരൽ കോർത്തു കഥകൾ പറഞ്ഞ നാളിൽ 

അറിയാതിരുന്നു നാം അകലങ്ങളില്ലെന്ന മൂഢസ്വപ്നം ജലരേഖയെന്നും 
ഇരവിന്നൊരല്പം വെളിച്ചം നനക്കും നിലാവിന്നുമുണ്ടറ്റമെന്ന സത്യം.

കള്ളിമുൾച്ചെടികൾക്കു കോറിക്കളിക്കുവാൻ മനസ്സിന്നറകൾ തുറന്നുവെക്കേ 
നമ്മളില്ലാതെ നീ നീയായി ഞാനായി മാറുന്ന മരവിപ്പറിഞ്ഞിരിക്കേ

വിധിയല്ല വീര്യമാണക്ഷരം തെറ്റാതെ ജീവിതം എഴുതുന്നതെന്ന കാര്യം 
നീയായ് പറഞ്ഞെന്നിലേക്കെത്തിയുള്ളൊരാ നാളാണു ഞാൻ കടം കൊണ്ട കാലം.

പിന്നെയൊരുമിച്ചു പോകുന്ന ദൂരങ്ങളിൽ നമ്മളൊരു യാത്രികർ മാത്രമായിരുന്നു
പലവഴിയിലെവിടെയും വിരഹക്കനൽപൊള്ളലറിയാതെ വിരലുകൾ കോർത്തിരുന്നു.

തിരികെത്തരാനെത്ര ഞാൻ കടം കൊണ്ടുള്ള നിമിഷങ്ങളോർക്കുകിൽ എത്ര ജന്മം,
ഇതുപോലിരുന്നാലുമൊരുപോലെ വാസ്തവം, 
നേടില്ല നിന്നോടു ഋണമോചനം.

What's Your Reaction?