പൂച്ചജന്മം
കനത്ത ഇരുട്ടിൽ നിന്ന് ഞാൻ നേർത്ത വെളിച്ചത്തിലേക്കു പതുക്കെ മിഴി തുറന്നു ... എൻ്റെ കൺപീലികളിൽ ആരോ നക്കുന്നു....അരണ്ട വെളിച്ചത്തിലൂടെ കാഴ്ചകൾ പതിയെ.. പതിയെ വ്യക്തമായി വരുന്നു ..ഓല കീറുകളിലൂടെ വെളിച്ചം അരിച്ചെത്തുന്നു ...ഒരു തടിച്ചുരുണ്ട വാൽ മുകളിലേക്കും താഴേക്കും ചലിക്കുന്നു .... അതിനൊപ്പം ചാടി കളിക്കുന്ന പല നിറങ്ങളിൽ ഉള്ള അരുമയായ പൂച്ച കുട്ടികൾ ...ഞാൻ എൻ്റെ ശരീരത്തിലേക്ക് , നോക്കി വെള്ളയിൽ സ്വർണ്ണ നൂലുകൾ ഇഴ ചേർന്ന പോലെ…
എവിടെ നിന്നോ ഒരു അശരീരി " എന്ത് ഭംഗിയാ ഈ പൂച്ച കുട്ടിക്ക്... വലിയ കണ്ണുകൾ ...തടിച്ചുരുണ്ട സ്വർണ നിറത്തിലുള്ള വാൽ ...എല്ലാം കൊണ്ടും നമ്മുടെ ചക്കി പെറ്റതിൽ സുന്ദരൻ ഇവൻ തന്നെ .... ഇവനെ ഞാൻ വളർത്തും'' .... എന്നെ എൻ്റെ അമ്മയുടെ അകിടിൽ നിന്ന് അവൻ അടർത്തി മാറ്റി ... ആ നേർത്ത ചൂടിൽ നിന്നും എന്നെ മാറ്റിയപ്പോൾ അമ്മക്ക് അരിശം വന്നു ... 'അമ്മ അവൻ്റെ നേരെ ചീറി ...അരികിൽ കിടന്ന വിറക് എടുത്ത് അവൻ അമ്മയെ തല്ലി ഓടിച്ചു ....
എൻ്റെ ചെവിട് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു .....തൊണ്ടക്കുഴിയിൽ നിന്നും ഒരു നേർത്ത ശബ്ദം പുറത്തേക്കു വന്നു ....മീൻ നന്നാക്കുകയായിരുന്ന അവൻ്റെ 'അമ്മ പറഞ്ഞു '' നല്ല സുന്ദരൻ പൂച്ച കുട്ടിയാണല്ലോ " ...അവൻ അവൻ്റെ കട്ടിലിനു താഴെ ചാക്ക് വിരിച്ചു അതിൽ എന്നെ കിടത്തി , അരികിൽ ഒരു ചിരട്ടയിൽ കുറച്ചു പാൽ അവൻ വച്ച് തന്നു ... അവനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി .... എൻ്റെ അമ്മയുടെ കരച്ചിൽ എൻ്റെ കാതിൽ പെരുമ്പറ മുഴക്കി ... പാൽ ഞാൻ കുടിച്ചില്ല , അവൻ എന്നെ ചിരട്ടയിലേക്ക് മുക്കി ബലമായി പാൽ കുടിപ്പിക്കാൻ നോക്കി ... എൻ്റെ ശിരസിലേക്ക് പാൽ തുള്ളികൾ ഇരച്ചുകേറി ... കണ്ണുകൾ തുറിച്ചു ..''.വിശന്നാൽ നീ തന്നെ കുടിക്കും ''..എന്ന് പറഞ്ഞു എവിടേക്കോ അവൻ പോയ് മറഞ്ഞു ....
നേർത്ത മയക്കത്തിൽ എന്തൊക്കെയോ ഓർമ ചീളുകൾ എന്നിലൂടെ ഓടി മറഞ്ഞു കൊണ്ടിരുന്നു ....നേർത്ത ചിത്രങ്ങൾ തെന്നി മറയുന്നു...ഒന്നും വ്യക്തമാകുന്നില്ല ... ഒരു മൂടൽ മഞ്ഞുപോലെ ... . ..ചിരട്ടയിലെ പാലിൽ ചോണനുറുമ്പുകൾ ഘോഷ യാത്ര നടത്തുന്നു .. വിശപ്പ് അധികരിച്ചു എന്നിട്ടും എനിക്ക് പാൽ കുടിക്കാൻ തോന്നുന്നില്ല ...ഞാൻ ആരാണ്? ...
പാതി തുറന്ന ജനൽ അഴികളിലൂടെ... എൻ്റെ 'അമ്മ എന്നരികിൽ എത്തി ..വാത്സല്യത്താൽ എന്നെ ആകെ നക്കി തുടച്ചു ... എനിക്ക് അറപ്പു തോന്നി ... കുതറിമാറിയ എന്നെ അകിടിലേക്കു അണച്ചു...ആ ഇളം ചൂടിൽ ഞാൻ അലിഞ്ഞു ..ഒരു നേർത്ത തുണി കഷ്ണം പോലെ ഞാൻ അമ്മയുടെ വായിൽ തൂങ്ങി കിടന്നു ...വിറക് പുരയിലേക്കു ഞാൻ വീണ്ടും എത്തി ..എന്നെ കണ്ടതോടെ കറുമ്പനും വെളുമ്പനും ഉച്ചത്തിൽ കരഞ്ഞു ... അവർ എന്നരികിലെത്തി
കറുമ്പനും വെളുമ്പനും കുത്തി മറിഞ്ഞു .. എന്നാൽ ആ കളിയിൽ എനിക്ക് ചേരാൻ തോന്നുന്നില്ല ...എൻ്റെ ചിന്തകൾ എന്നെ
പിന്നോട്ട് വലിക്കുന്നു.. എന്നാൽ ഒന്നും വ്യക്തമാകുന്നില്ല , ആരാണ് ഞാൻ...? എത്ര നോക്കിയിട്ടും ഒന്നും വ്യക്തമാവുന്നില്ല
വിശപ്പ് സഹിക്കാൻ പറ്റുന്നില്ല പതുക്കെ... പതുക്കെ...ഞാൻ അടുക്കളയിലേക്ക് നടന്നു . പാൽപ്പാത്രത്തിലേക്കു ചാടി കയറി . പാൽപ്പാത്രം വലിയ ശബ്ദത്തോടെ താഴേക്കു വീണു ... എൻ്റെ ഇടതു ചെവിക്കരികിലൂടെ ഒരു കാറ്റ് പാഞ്ഞു പോയി ...ഞാൻ പുറത്തേക്കു പാഞ്ഞു ...പിന്നിൽ ഒരു കനത്ത സ്ത്രീ ശബ്ദം " ഒരിക്കൽ കട്ട പൂച്ച പിന്നെയും കക്കും''...
കുളത്തിനരികിലുള്ള മുള കാട്ടിലെ പൊന്തക്കുള്ളിൽ ഞാൻ ഒളിച്ചിരുന്നു...എൻ്റെ ഹൃദയം പട.... പട .. ഇടിക്കുന്നുണ്ടായിരുന്നു ... നേർത്ത മഴ നൂലുകൾ എന്നെ ആശ്വസിപ്പിച്ചു ---
മഴ നനഞ്ഞ മണ്ണിൽ നിന്നും ... ഈയലുകൾ പൊങ്ങിയുയർന്നു ....മഴകനത്തു ... വിറകു പുരയിലേക് ഞാൻ ഓടി .. അവിടെ അമ്മയെയും കറുമ്പനെയും വെളുമ്പനെയും കണ്ടില്ല ... ഞാൻ നേർത്ത തണുപ്പിൽ മയക്കത്തിലേക്ക്... കണ്ണുകൾ ഇറുകെ അടച്ചു ...
എൻ്റെ മൂക്കിലേക്ക് സിമൻറു പൊടി ഇരച്ചു കേറി ... ഞാൻ ഇപ്പോൾ ഒരു സിമൻ്റ് ചാക്കിനകത്താണ്... ചാക്കിൻ്റെ നേർത്ത ദ്വാരത്തിലൂടെ ഞാൻ പുറത്തേക്കു നോക്കി ... ഒന്നും വ്യക്തമാവുന്നില്ല ...എന്നാൽ ഓർമകൾക്ക് ഒരു തെളിച്ചം വന്നു ...ഇതുപോലെ ഞാനും അനിയനും പൂച്ചക്കുട്ടികളെ ചാക്കിനകത്താക്കി നാട് കടത്താൻ പോയ ആ പഴയ കാലം ...ചാക്ക് കെട്ട് കറക്കി കറക്കി ആരാൻ്റെ വേലിക്കകത്തേക്കു എറിഞ്ഞു പോരുന്ന വഴി മിന്നാമിനുങ്ങുകളെ പിടിച്ച് ചാക്കിനകത്താക്കി ജേതാവിനെ പോലെ പാട വരമ്പിലൂടെ പോകുന്ന എൻ്റെ അനിയൻ. എല്ലാം മിന്നായം പോലെ തെളിഞ്ഞു വരുന്നു .
ചാക്ക് കെട്ട് കറങ്ങി കൊണ്ടിരിക്കുന്നു .... സിമന്റു പൊടി എൻ്റെ മൂക്കിലേക്ക് ഒരു ചുഴലി കാറ്റുപോലെ ഇരച്ചു കയറുന്നു ....ബോധം മറയുന്നു .
മൂക്കു തുളച്ചു കയറുന്ന ദുർഗന്ധം എന്നെ മയക്കത്തിൽ നിന്ന് ഉണർത്തി . ഞാനിപ്പോൾ മാലിന്യ കൂമ്പാരത്തിനരികെയാണ് വീണുകിടക്കുന്നത് ....നാറ്റം സഹിക്കാനാകാതെ ഞാൻ പുറത്തേക്കു ഓടി. നന്നായി ദാഹിക്കുന്നു, പഞ്ചായത്തിൻ്റെ പൈപ്പിന് ചോട്ടിൽ വെള്ളം കെട്ടികിടക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ്റെ മനസ്സ് എന്നെ കുടിക്കാൻ അനുവദിക്കുന്നില്ല. വല്ലാത്ത ഒരു ജന്മം തന്നെ... മനുഷ്യൻ്റെ മനസ്സും പൂച്ചയുടെ രൂപവും . എനിക്ക് മടുത്തു ...ഞാൻ റോഡിലേക്കു ഓടി. പെട്ടന്ന് ചീറിപ്പാഞ്ഞു വന്ന ലോറി പൊടുന്നനെ നിർത്തി. എന്നെ കണ്ട അയാളുടെ മുഖത്ത്...എൻ്റെ മനോഹര രൂപം അയാളുടെ മിഴികളിലൂടെ ഞാൻ വായിച്ചറിഞ്ഞു. എന്നെ പൊക്കിയെടുത്തു അയാൾ ലോറിയുടെ പുറകിലേക്ക് എടുത്തു വച്ചു. എന്നിട്ട് അയാൾ എന്നെ അരുമയോടെ തലോടി . ഞാൻ വീണ്ടും ഒരു പതിഞ്ഞ പൂച്ച കുട്ടിയായി!
ലോറി ദേശങ്ങൾ താണ്ടി പാഞ്ഞു . കാഴ്ചകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. ആകാശം ചുവന്നു തുടുത്തു . മേഘങ്ങൾ ശോണിമ പടർന്ന് തെന്നി മാറി കൊണ്ടിരുന്നു . കിളികൾ കൂടണയാൻ പറന്നണയുന്നു. പരിചിതമായ ഒരു ദേശത്തു എത്തിയ പോലെ. അകലെ ദീപാരാധനയുടെ വിളക്കുകൾ തെളിഞ്ഞ ഒരു കുഞ്ഞമ്പലം . ഇടതൂർന്ന സർപ്പ കാവിൽ നിന്ന് പുള്ളുവൻ പാട്ടിൻ്റെ ഈണം .ഓർമ്മകൾ തെളിയുന്നു ,എല്ലാം വ്യക്തമായി വരുന്നു . ഞാൻ ജനിച്ചു വളർന്ന ദേശം ..
ലോറിക്കാരൻ ചായകുടിക്കാൻ ഒരു പെട്ടിക്കടയുടെ മുൻപിൽ പതിയെ നിർത്തി . സ്ഥലകാല ബോധം വന്ന ഞാൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി . കരിങ്കൽ കൂനയിലേക്ക് ആണ് ഞാൻ ഇറങ്ങിയത് ,ദേഹത്ത് എവിടെല്ലാമോ പരിക്ക് പറ്റി. വേദന പൊട്ടിയൊലിക്കുന്നു. അകലെ അലങ്കാര പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന ആ വീടിനെ ലക്ഷ്യമാക്കി ഞാൻ ഓടി. എല്ലാം വ്യക്തമായി ഞാൻ. ജനിച്ചുവളർന്ന വീട് . മുറ്റത്തെ കരിയിലകളിലൂടെ വെളിച്ചം കണ്ട ദിക്കിലേക്ക് ഏന്തി വലിഞ്ഞു നടന്നു . മനസ്സ് ശക്തമാണ് ശരീരം അതിനെ അനുഗമിച്ചേ തീരു .
ജനാല പഴുതിലൂടെ ഞാൻ അകത്തേക്കു നോക്കി . ഈറനണിഞ്ഞ കണ്ണുകളോടെ എൻ്റെ 'അമ്മ രാമായണം ഇടറുന്ന ശബ്ദത്തിൽ വായിക്കുന്നു . ഇടക്കിടെ ചുമരിൽ തൂക്കിയിട്ട കരിഞ്ഞ മാലയണിഞ്ഞ എൻ്റെ ചിത്രത്തിലേക് നോക്കി വേവലാതിപ്പെടുന്നു . എന്തിനായിരുന്നു ഞാൻ അത് ചെയ്തത് . നിശ്ചലമായ പൊടിപിടിച്ച ഫാനിൻ്റെ ആ ദയനീയമായ രൂപത്തിലേക്ക് ഞാൻ ഭീതിയോടെ നോക്കി .ശ്വാസം കിട്ടാതെ ചങ്കു വള്ളി മുറുകി വലിയുന്നു, ജീവൻ്റെ അവസാന പിടച്ചിൽ എൻ്റെ ബോധം നഷ്ടപ്പെടുന്നു.
ബോധമുണർന്നപ്പോൾ ഞാൻ എൻ്റെ അമ്മയുടെ മടിയിൽ ആയിരുന്നു . നേർത്ത വേദനയുണ്ടെങ്കിലും ഞാൻ അമ്മയുടെ മുഖത്തേക്ക് സാകൂതം നോക്കി, കണ്ണിന് താഴെ കറുപ്പ് പടർന്നിരിക്കുന്നു .മുഖത്ത് ചുളിവുകൾ ഏറിയിരിക്കുന്നു , 'അമ്മ എൻ്റെ പഞ്ഞിക്കെട്ട് പോലെയുള്ള ദേഹത്തിലൂടെ അരുമയോടെ വിരലുകൾ ഓടിച്ചു ...അനിയൻ്റെ കുട്ടികൾ കൈ കൊട്ടി ചിരിച്ചു കൊണ്ട് ഈണത്തിൽ പാടുന്നു'' പാല് വെച്ച പാത്രം പൂച്ച വൃത്തിയാക്കി വെച്ചു'' .....
അമ്മയുടെ മകനാണ് ഞാൻ എന്നുപറയാൻ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു . എന്നാൽ എൻ്റെ പൂച്ച ശബ്ദം അവിടെ മുഴങ്ങി . അതിനു മറുപടിയായി എനിക്ക് ഒരു സ്റ്റീൽ പാത്രത്തിൽ നിറയെ പാലുമായി അനിയൻ്റെ ഭാര്യ എത്തി ,'' അതിന് നന്നായി വിശക്കുന്നുണ്ടാവും അതാണ് ഉറക്കെ കരയുന്നത് ''
ഞാൻ തോറ്റു പിന്മാറി ആർത്തിയോടെ പാൽ നക്കി കുടിച്ചു ,'' നന്നായി വിശക്കുന്നുണ്ടായിരുന്നു കണ്ടോ അത് കരച്ചിൽ നിർത്തിയത്'' , അനിയന്റെ ഭാര്യക്ക് സന്തോഷമായി , കുട്ടികൾ വീണ്ടും ഈണത്തോടെ പാട്ടു പാടി ..
ദിനങ്ങൾ വളരെ വേഗ ഓടി മറഞ്ഞു ..എൻ്റെ മുറിയിൽ പുസ്തക ഷെൽഫുകൾ വൃത്തിയാക്കി കൊണ്ടിരുന്ന 'അമ്മ പെട്ടന്ന് താഴെ വീണു . കണ്ണുകൾ മുകളിലേക്കു പായിച്ചു ശ്വാസം കിട്ടാതെ 'അമ്മ നിലവിളിക്കാൻ ശ്രമിച്ചു , അരികിൽ ഉണ്ടായിരുന്ന ഞാൻ ഉറക്കെ കരഞ്ഞു ...
മുറ്റത്തു പന്തലുയർന്നു . നാളികേര പാതിയിൽ തിരിതെളിഞ്ഞു ...പൂജാരി പരേതൻ്റെ ആത്മാവിനായി ഈണത്തിൽ ശ്ലോകങ്ങൾ ചൊല്ലുന്നു .. അതിനിടയിൽ സ്ത്രീ ജനങ്ങൾ കുശു കുശുക്കുന്നു ...'' മകൻ്റെ ആത്മഹത്യാ അവരെ വല്ലാതെ തളർത്തി അതാണ് ഇത്രയും പെട്ടന്ന് ''...
എനിക്ക് സകല നിയന്ത്രണവും വിട്ടു ഞാൻ ഉറക്കെ കരഞ്ഞു ... ഉറക്കെ..... ഉറക്കെ...കരഞ്ഞു ...പൂച്ചയുടെ ശബ്ദത്തിൽ നിന്ന് അത് ഒരു മനുഷ്യൻ്റെ ശബ്ദത്തിലേക് പരിണമിച്ചു . ആളുകൾ ഇളകി ,അപശകുനം പിടിച്ച പൂച്ച മോങ്ങുന്നു, തല്ലി ഓടിക്കു അതിനെ ...ആരോ നീളൻ വടിയുമായി ഓടി വന്നു ഞാൻ പുറത്തേക്കു ഓടി .
വിജനമായ പാതയിലൂടെ ലക്ഷ്യമില്ലാതെ ഞാൻ ഓടി... ആകാശത്തിലെ നക്ഷത്ര കുരുന്നുകൾ എന്നെ നോക്കി മന്ദഹസിച്ചു ....ഒരു ഇളം കാറ്റ് എന്നെ തലോടി പതിയെ കടന്നു പോയി ....നെല്പാടങ്ങളിലെ കതിർ കുലകൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു ...ദൈവമേ ഇതൊന്നും ഇതുവരെ ഞാൻ കണ്ടില്ലല്ലോ . എൻ്റെ മനസ്സിൽ ഒരു ലക്ഷ്യ മുണ്ടായിരുന്നു. എത്രയായാലും ഈ ജീവിതം മഹത്തരമാണ്. ആകാശ കോണിൽ നിന്ന് കിളികൾ അതേറ്റു പാടുന്ന പോലെ എനിക്ക് തോന്നി ...
What's Your Reaction?