വിരല് പൊള്ളിച്ചതെല്ലാം
കുടഞ്ഞെറിഞ്ഞിട്ടുണ്ട്,
ഉള്ള് പൊള്ളിച്ചതും
പൊള്ളവാക്കും
പൊലിമയും
ആഞ്ഞെറിഞ്ഞറിഞ്ഞ്
അകറ്റിയിട്ടുണ്ട്.
പാകമായ ഉടുപ്പും
പരിപാകമായ നടപ്പും
പാഴിലാകാത്ത എടുപ്പും
പാദമെത്തും കിടപ്പും
പാതിരാവിലുമുറപ്പിച്ചിട്ടുണ്ട്.
ആഹാരവും
വിഹാരവും
ദഹനവും വിരേചനവും
വ്യവസ്ഥയാക്കിയിട്ടുണ്ട്.
ഭാണ്ഡമൊന്നുമില്ലയിനി
കാണ്ഡമൊന്നുമെഴുതാനുമില്ല
വെറുതേയിനി
അലസഗമനം......,
വർഷങ്ങളേ വന്നു പോവുക.