കോൺക്രീറ്റ് കാട്ടിലെ പുഴു
കോൺക്രീറ്റ് കാട്ടിലെ പുഴു
ആലുവയിൽനിന്നും യാത്രയാരംഭിക്കുന്ന പുഴു, കോൺക്രീറ്റ് കാട്ടിലൂടെയുളള ഇടുങ്ങിയ ഇടനാഴിയിലൂടെ ഓടി വന്ന് എന്നെ വിഴുങ്ങുന്നത് പേട്ടയിൽ വെച്ചാണ്.പിന്നെ തിരിഞ്ഞോടി, വളഞ്ഞ് പുളഞ്ഞ് പാഞ്ഞ് കളമശ്ശേരിയിൽ വെച്ച് എന്നെ പുറത്തേക്ക് തുപ്പും. കളമശ്ശേരിയിൽ നിന്ന് പുറത്തേക്കു വീണ എന്നെ വൈകുന്നേരം തിരികെ വിഴുങ്ങും. പേട്ടയിലെത്തി ഞാനതിൽനിന്നും പുറത്തേക്കിറങ്ങും. ആഴ്ചയവധി ഒഴികെ ഇത് ദിവസവും ആവർത്തിക്കും. പിന്നീടത് ഞായറാഴ്ചയും സംഭവിച്ചു തുടങ്ങി.അവധി ദിവസത്തെ ആലസ്യമില്ലാതെ മഹാരാജാസ് കോളേജ് ഗ്രൌണ്ടിലേക്കാണ് അതെന്നെ തുപ്പിയെറിയുക.അവിടെ നിന്ന് ഞാൻ പതിയെ എറണാകുളം പബ്ലിക്ക് ലൈബ്രറിയിലെ പുസ്തകക്കാട്ടിലേക്ക് നടന്ന് കയറും.അവിടെ ഞാനൊരു പുസ്തകപ്പുഴുവായ് മാറി പുസ്തകങ്ങൾ കരണ്ടു തുടങ്ങും.ഇടയ്ക്ക് വിശക്കുമ്പോൾ ഇന്ത്യൻ കോഫീ ഹൌസിൽ കയറി ബീറ്റ്റൂട്ട് കലർത്തിയ മസാലദോശയും കട്ലറ്റും ചായയും അകത്താക്കും.കോഫീഹൌസിൽ കയറി ചായ ഓർഡർ ചെയ്യുന്നതിലെ വൈരുദ്ധ്യത അറിയായ്കയല്ല. അവിടുത്തെ കാപ്പി മണം ശ്വസിച്ച് ചായകുടിക്കാനാണ് പക്ഷെ ഇഷ്ടം. ചായയിൽ ബീറ്റ്റൂട്ട് കലർത്താത്തതിൽ അവരെപ്പോലെ ഞാനും ശോകം പൂണ്ട് നെടുവീർപ്പുമിട്ട് വീണ്ടും പുസ്തകക്കാട്ടിലേക്ക് കയറും. വൈകുന്നേരമാകുമ്പോൾ ഏറ്റവും കനമുള്ള നാല് പുസ്തകങ്ങളുമായി തിരികെ മഹാരാജാസ് കോളേജ് ഗ്രൌണ്ടിലെത്തി അത് എന്നെ വിഴുങ്ങാനായ് കാത്തിരിക്കും.അതോടി വന്ന് എന്നെ വിഴുങ്ങി പേട്ടയിലെത്തി എന്നെ തുപ്പിയെറിഞ്ഞ് തെല്ലു വിശ്രമിച്ച് വീണ്ടും പലരേയും വിഴുങ്ങി തന്റെ യാത്ര തുടരും.
പരിചയപ്പെടുത്താൻ മറന്നു, ഞാൻ നിരഞ്ജൻ ദാസ്, 40 വയസ്സായി, വിഭാര്യനാണ്, കുട്ടികളില്ല. തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള അപ്പോളോയിൽ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്നിട്ട് കഷ്ടിച്ച് രണ്ടുമാസം. കണ്ണൂരിലെ പുഴാതിയിലാണ് വേരുകൾ. തറവാട്ടിൽ അനിയനും കുടുംബവും താമസിക്കുന്നു.അമ്മയും അനിയന്റെ കൂടെയാണ്.എം.ബി.എ ഫിനാൻസ് ആണ് പഠിച്ചത്.അപ്പോളോവിൽ ഫിനാൻസ് മാനേജർ. സുഹൃത്തുക്കൾ ഇല്ല എന്നുതന്നെ പറയാം. ജോലിക്കപ്പുറമുള്ള ഏകാന്തത ശ്വാസം മുട്ടിച്ചപ്പോഴാണ് എറണാകുളം പബ്ലിക്ക് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്ത് വായനാശീലം തുടങ്ങിയത്.ഇപ്പോൾ ജോലി അതുകഴിഞ്ഞാൽ വായന, ഇതിലൊതുങ്ങി ജീവിതം മുന്നോട്ട് പോകുന്നു.
അവധിദിവസങ്ങളിൽ മഹാരാജാസ് കോളേജ് ഗ്രൌണ്ടിലേക്ക് അതെന്നെ തുപ്പിയെറിഞ്ഞ് മുന്നോട്ട് വളഞ്ഞ് പുളഞ്ഞ് ഓടിപ്പോകും. ജോലിക്ക് പോകുന്ന ദിവസങ്ങളിൽ നീല കലർന്ന നരച്ച ഒരു പുഴുവായാണ് എനിക്കതിനെ കാണാനാവുക.ഭാവനാസമൃദ്ധമായ പുസ്തകക്കാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും കഥാകൃത്തുക്കളുടെയൊപ്പം എന്റെയും ക്രിയാത്മക സങ്കൽപ്പങ്ങൾക്ക് ചിറകുമുളക്കുന്നതുകൊണ്ടാവണം അതിനെ എനിക്ക് ഉയർന്നു പറക്കാൻ വെമ്പുന്ന ചിത്രശലഭപ്പുഴുവായാണ് തോന്നുക.
അതിന്റെ വയറിൽ നിന്നും പുറത്തിറങ്ങി ഞാൻ പതിയെ നടന്ന് പുസ്തകക്കാട്ടിലെത്തും. ആദ്യമായി പുസ്തകക്കാട്ടിലെത്തിയപ്പോൾ അവിടുത്തെ ബാഹുല്യം എന്നെ അമ്പരപ്പിച്ചു. എവിടുന്നെങ്കിലും പുസ്തകങ്ങളെ കരണ്ടു തുടങ്ങണമല്ലോ.അങ്ങനെയാണ് മലയാളം ഫിക്ഷൻ വിഭാഗത്തിനെ ലക്ഷ്യം വെച്ച് നീങ്ങിയത്.പുസ്തകക്കാട്ടിന് ഇടയിലൂടെയുള്ള ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്ന എനിക്ക് സ്വാഭാവികമായും വഴിതെറ്റി.വഴി ചോദിക്കാൻ അവിടെ കനത്ത നിശബ്ദത മാത്രമേ ഉണ്ടായിരുന്നു.അപ്പോഴാണ് ഞാനയാളെ കണ്ടത് ഗൌരവമുഖഭാവത്തോടെ ക്രൈം ഫിക്ഷൻ സെക്ഷനിൽ പുസ്തകങ്ങൾ തിരയുന്ന ആറടി പൊക്കമുള്ള ഒരാൾ.കൈയിൽ കോനൻ ഡോയലിന്റെ ഹൌണ്ട് ഓഫ് ബാസ്കർവിൽ, മലയാളം ഫിക്ഷൻ? ഞാൻ അയാളോട് ചോദിച്ചു. അയാൾ മൂന്നാമത്തെ റാക്കിലേക്ക് കണ്ണ് ചൂണ്ടി, തിരിച്ച് പുസ്കങ്ങളിലേക്ക് ഊളയിട്ടു. അവിടെ മലയാളം ഫിക്ഷന്റെ പുസ്തക ക്കാടുകൾ പൂത്തു നിൽക്കുന്നു.മലായാറ്റൂരിന്റെ യന്ത്രമാണ് ആദ്യം കണ്ടത്.പിന്നെ തകഴി,ബഷീർ,ലളിതാംബിക അന്തർജനം,അവരിലൂടെ കടന്ന് ചെറുപ്പം മുതൽ ഞാൻ കേട്ടുകൊണ്ടിരുന്ന പക്ഷെ ഒരു കഥപോലും വായിച്ചിട്ടില്ലാത്ത ആ കഥാകാരിയുടെ പുസ്തകങ്ങൾക്കടുത്തെത്തി. നീർമാതളം എനിക്ക് നിറയെ തണൽ തന്നു.ഞാനതിന്റെ ചുവട്ടിൽ തന്നെ ചുറ്റിപ്പറ്റിനിന്നു. കാരണം വേറൊന്നുമല്ല.ആ കഥ.
'നെയ്പ്പായസം'
അതാണ് എന്നെ വല്ലാതെ ഉലച്ചുകളഞ്ഞത്. എന്റെ ഭാര്യ,സാക്ഷി നന്നായി നെയ്പ്പായസം ഉണ്ടാക്കുമായിരുന്നു.ഓട്ടുരുളിയിൽ ഉണക്കലരിയും ശർക്കരയും നെയ്യും ഉണക്കമുന്തിരിയും ആവശ്യത്തിന് ചേർത്തിളക്കി അവസാനം നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും വിതറി അവൾ എനിക്ക് നെയ്പ്പായസമുണ്ടാക്കിത്തരും. അവളുടെ സ്നേഹം മുഴുവനും ആ നെയ്പ്പായസത്തിൽ മുങ്ങിക്കിടക്കും ഞാനതിൽ മുങ്ങാങ്കുഴിയിടും. ഞങ്ങളുടെ ഫ്ലാറ്റിൽ അവളുണ്ടാക്കിത്തന്ന നെയ്പ്പായസവും കഴിച്ച് ബാൽക്കണിയിൽ അവളോട് ചേർന്നിരുന്ന് മേഘങ്ങളെ കണ്ടിരിക്കുമ്പോഴാണ് അവൾ ഒരു ചെറിയ ഏങ്ങലോടെ എന്റെ കയ്യിലേക്ക് കുഴഞ്ഞ് വീണ് മരിച്ചത്. അങ്ങനെയാണ് ഞാൻ വിഭാര്യനായിപ്പോയത്. അവളുടെ ശ്വാസം തിങ്ങിയ ഫ്ലാറ്റിൽ തനിച്ചായിപ്പോയ എനിക്ക് ശ്വാസം മുട്ടി. അവളില്ലാത്ത പട്ടണത്തെ ഞാൻ വെറുത്തു. നഗരത്തിൽ നിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു. അപ്പോഴാണ് കൊച്ചി അപ്പോളോയിൽ ഫിനാൻസ് മാനേജറുടെ ഒഴിവ് വന്നത്. നഗരത്തിലെ ഫ്ലാറ്റ് വിറ്റു. എറണാകുളത്ത് നഗരം അവസാനിക്കുന്ന പേട്ടയിൽ ഒരു നല്ല അപ്പാർട്ട്മെന്റ് വാങ്ങി.അവിടെ നിന്നും കളമശ്ശേരി അപ്പോളോയിലേക്ക് പതിനൊന്ന് കിലോമീറ്റർ.ഒറ്റത്തൂണിൽ തങ്ങി നിന്ന് ഒറ്റയടിപ്പാതയിലൂടെ കോൺക്രീറ്റ് കാടിന്റെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞോടുന്ന ആ നീലപ്പുഴുവിന്റെ വയറ്റിലേക്ക് ദിവസവും കയറുവാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലമായി പേട്ട,എന്ന പൂണിത്തുറ.
സുതാര്യമായ പുഴു വയറിലൂടെ ഞാൻ കാണാറുള്ള പുറം കാഴ്ചകൾ പൊതുവേ വിരസമാണ്. പേട്ടയിൽ നിന്ന് അതിനൊപ്പം യാത്ര തുടങ്ങുമ്പോൾ മീൻ മണമുള്ള ചമ്പക്കര മാർക്കറ്റ് കഴിഞ്ഞ് താഴെ ചമ്പക്കര കനാൽ തെളിയും. വൈറ്റില ഹബ്ബിലെത്തുന്നതിനു മുൻപ് വലതുഭാഗത്തായി കുറച്ച് പച്ചപ്പ്. ശേഷം കോൺക്രീറ്റ് കാടുകൾക്കിടയിലുള്ള ഇടുങ്ങിയ ഇടനാഴിയിലേക്ക് പുഴു പ്രവേശിക്കും.എനിക്ക് ശ്വാസം മുട്ടിത്തുടങ്ങും.പുറം കാഴ്ചകളിൽ നിന്നും രക്ഷപ്പെടാനായി ഞാൻ കൈയിൽ കരുതാറുള്ള പുസ്തകത്തിലേക്ക് തല പൂഴ്ത്തും. പതിവായി അങ്ങനെ ചെയ്യാറുള്ളതുകൊണ്ടായിരിക്കണം ആ മനോഹര കാഴ്ച ഞാൻ ഇതുവരെ കാണാതെ പോയത്.പോരാത്തതിന് പുഴുവയറിനുള്ളിൽ ഇടതുവശം പറ്റിച്ചേർന്നിരുന്നാൽ മാത്രമേ ആ കാഴ്ച വ്യക്തമായി കാണാനാകുമായിരുന്നുള്ളൂ.
മിനുസമുള്ള ഒറ്റക്കൽ തൂണുകളുടെ മുകളിലൂടെ സൃഷ്ടിച്ച ഒറ്റയടിപ്പാതയിലൂടെ അത് പതിവുപോലെ വളഞ്ഞുപുളഞ്ഞ് ഓടുകയായിയിരുന്നു. ശമീകമഹർഷിയുടെ മകൻ ശൃംഗിയാൽ ശാപഗ്രസ്ഥനായ പരീക്ഷിത്ത് മഹാരാജാവ് ഒറ്റക്കൽ തൂണിനുമേൽ പണികഴിപ്പിച്ച മന്ദിരത്തിനുള്ളിൽ മഹാഭാരതകഥകൾ കേട്ട്,പഴത്തിനുള്ളിൽ പുഴുവായ് ഒളിച്ചിരുന്ന തക്ഷകനാൽ ദംശിക്കാൻ കാത്തിരുന്നു. ഞാനാകട്ടെ ഒറ്റക്കൽ തൂണിനു മേലേ കുതിച്ചുപായുന്ന പുഴുവയറിനുള്ളിൽ വ്യാസഭാരത കഥക്കുള്ളിലും. അപ്പോഴാണ് ആ മണം എനിക്ക് ചുറ്റും വീശിയടിച്ചത്.
കൊതിപ്പിക്കുന്ന പായസത്തിന്റെ, എന്റെ പ്രിയപ്പെട്ട നെയ്പ്പായസത്തിന്റെ മണം, പഴയ ഫ്ലാറ്റിലാണ് എന്നാണ് ആദ്യം വിചാരിച്ചത്. സാക്ഷി അടുക്കളയിൽ നെയ്പ്പായസമുണ്ടാക്കുന്നുവെന്നും. 'ഭാരതത്തിൽ' നിന്നും ഞെട്ടി മാറി ചുറ്റും പകച്ചു നോക്കി. നീലപ്പുഴുവിന്റെ ഉള്ളിൽ തന്നെയാണ് ഞാൻ.കടവന്ത്ര കടന്ന് അത് സൌത്തിലെത്താറായി. സുതാര്യമായ അതിന്റെ വയറിനുള്ളിലിരുന്ന് ഞാനാ കാഴ്ച കണ്ടു.
കുറച്ചു ദൂരെയായി ഒരു അപ്പാർട്ട്മെന്റിന്റെ വലിയ വിസ്താരമേറിയ ബാൽക്കണി. അതിൽ കൊത്തുപണികളോടുകൂടിയ ഭംഗിയുള്ള ഒരു മരക്കസേരയിൽ അവർ.
'നെയ്പ്പായസമെഴുതിയ കഥാകാരി'!!
ചുവന്ന കരയുള്ള പച്ചപ്പട്ടുസാരി ചുറ്റി, ചുവന്ന കുപ്പിവളകളണിഞ്ഞ്, പ്രകാശപൂരിതമായ മുഖം.മുൻപിൽ ടീപ്പോയിലെ കപ്പിൽ നിന്നും ആവി പൊന്തുന്നു. അടുത്ത് മദ്ധ്യവയസ്സു കഴിഞ്ഞ മറ്റൊരു സ്ത്രീ ഭവ്യതയോടെ നിൽക്കുന്നുണ്ട്. കണ്ടിട്ടുള്ള ഫോട്ടോകളുടേയും വീഡിയോ ദൃശ്യങ്ങളുടേയും പിൻബലത്തിൽ ഞാനുറപ്പിച്ചു. അത് അവർ തന്നെ.
'നെയ്പ്പായസത്തിന്റെ കഥാകാരി'!!
ഏതാണ്ട് പതിനഞ്ച് സെക്കന്റ് നേരം ഞാനാ കാഴ്ച കണ്ടു.നീലപ്പുഴു മുന്നോട്ടോടി ആ ദൃശ്യത്തെ പിന്നിലാക്കി, പിന്നെ അതിനെ മറച്ചുകളഞ്ഞ് സൌത്തിലെത്തി നിന്നു. ചിലരെ തുപ്പി പുറത്തിട്ടു മറ്റു ചിലരെ വിഴുങ്ങി,പിന്നെ വീണ്ടും വളഞ്ഞു പുളഞ്ഞ് ഓടിത്തുടങ്ങി.
മഹാഭാരത വായനയിലേക്ക് തിരികെ ചെല്ലാൻ ശ്രമിച്ചെങ്കിലും എനിക്ക് ഭാരത യാത്രയിൽ മനസ്സുറച്ചില്ല. ഉള്ളം നിറയെ ആ കാഴ്ചയായിരുന്നു,ആ ദിവസം മുഴുവനും. ജോലികഴിഞ്ഞ് അതിനുള്ളിലിരുന്ന് തിരികെ മടങ്ങിയപ്പോൾ രാത്രി കനത്തിരുന്നു.അപ്പാർട്ട്മെന്റാകെ ഇരുട്ടിലാണ്ടുകിടന്നു. കഥാകാരി ഉറങ്ങിക്കാണും. അടുത്ത ദിവസം മുതൽ കൊച്ചിയെ നനച്ചു കൊണ്ട് പ്രളയമഴയെത്തി. എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അവരുടെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണി ചില്ലുജനൽപ്പാളി കൊണ്ട് അടച്ച് കർട്ടനുകൾ വലിച്ചിട്ടിരുന്നു. അവർക്ക് മഴ കണ്ട് കഥയെഴുതിക്കൂടായിരുന്നോ? മഴ കവികൾക്കും കഥയെഴുതുന്നവർക്കും വലിയ പ്രചോദനമാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത്. അങ്ങനെ പെയ്യുന്ന മഴത്തുള്ളിക്കിടയിലൂടെ എനിക്ക് അവരേയും കാണാമായിരുന്നു. പിന്നീടുള്ള ദിവസങ്ങളും എനിക്ക് നിരാശയാണ് സമ്മാനിച്ചത്. വരും ദിനങ്ങളിലും, കനത്ത മഴയും അടഞ്ഞ ബാൽക്കണിയും സുന്ദരമായ ആ കാഴ്ച എനിക്ക് നിഷേധിച്ചുകൊണ്ടിരുന്നു. പക്ഷെ എന്റെ യാത്രക്കിടയിൽ കടവന്ത്ര കഴിയുമ്പോൾത്തന്നെ കഥാകാരിയുടെ ശക്തമായ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു തുടങ്ങും. ആ കാഴ്ച വീണ്ടും വീണ്ടും കാണാൻ ഞാൻ അതിശക്തമായി ആഗ്രഹിച്ചു.
എറണാകുളം സൌത്തിൽ അമ്പാടി അപ്പാർട്ട്മെന്റ്, അവിടെയാണ് കഥാകാരി താമസിക്കുന്നത്. ദ്വാരക ഹോട്ടലിന് പുറകിൽ. ഇത് പറഞ്ഞു തന്നത് രാമുവാണ്. പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയൻ രാമചന്ദ്രൻ. എനിക്ക് ലൈബ്രറിയിൽ പരിചയമുള്ള, എന്നോട് സംസാരിക്കാറുള്ള ഒരേ ഒരാൾ. നിരഞ്ജൻ, ശരിക്കും നിങ്ങളാ കാഴ്ച കണ്ടോ,രാമുവിന്റെ ചോദ്യത്തിൽ കൌതുകമോ അവിശ്വസനീയതയോ കലർന്ന ഭാവമായിരുന്നു. രാമുവിന് എന്നെ വിശ്വാസമില്ലാത്തതുപോലെ. ഉവ്വ്, ഞാൻ ശക്തമായി തലയാട്ടി. ആ കാഴ്ച എന്റെ മനസ്സിൽ വീണ്ടും ഊറിവന്നു.
ആ ഒരൊറ്റ കാഴ്ചയിൽ കഥാകാരിയെ കണ്ടതുമുതൽ ആ ആഗ്രഹം ശക്തമായി തലപൊക്കിയിരുന്നു. രാമുവിനോടു മാത്രമേ അത് പറയാൻ പറ്റൂ. അങ്ങനെയാണ് ഞാനാ കാഴ്ചയെ പറ്റി പറഞ്ഞ് രാമുവിന്റെ മുന്നിൽ മനസ്സു തുറന്നത്.
എനിക്കവരെ കാണണം,നെയ്പ്പായസമെഴുതിയ കഥാകാരിയെ. എന്നിട്ട് എന്റെ സാക്ഷി ഉണ്ടാക്കുന്ന നെയ്പ്പായസത്തെ പറ്റി പറയണം. സാക്ഷി ബാനർജിയെ പരിചയമുണ്ടോ എന്ന് ചോദിക്കണം. സാക്ഷി കൊൽക്കത്തയിലാണ് ജനിച്ചു വളർന്നത്. കഥാകാരിയും അവിടെ ഉണ്ടായിരുന്നല്ലോ. അതിനാൽ പരിചയം കാണുമായിരിക്കും. അവൾ ഉണ്ടാക്കിയ നെയ്പ്പായസം അവർ കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അവളെ പരിചയമുണ്ടായിരുന്നു എങ്കിൽ അവൾ കഥയിൽ പറയുന്ന പോലെ ഹൃദയം നിലച്ച് മരിച്ചു പോയി എന്ന് പറയണം. അവരുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി തന്ന് എന്റെ സാക്ഷിയെ പറ്റി കേട്ടതിന് നന്ദി പറയണം, മടങ്ങണം, അത്രമാത്രം.
അതത്ര എളുപ്പമല്ല നിരഞ്ജൻ, ഒരർത്ഥത്തിൽ അത് അസാദ്ധ്യമാണ്. രാമു നിരുത്സാഹപ്പെടുത്താൻ നോക്കി. പക്ഷെ കഥാകാരിയെ നേരിട്ട് കാണാനുളള പോംവഴി പറഞ്ഞുതരാൻ ഞാൻ രാമുവിനെ നിർബന്ധിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ അറ്റ കൈയ്ക്കാണ് രാമു അയാളെ ചൂണ്ടിക്കാണിച്ചുതരുന്നത്. താൻ കഥാകാരിയുടെ ഒപ്പം മദ്ധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടു എന്നല്ലേ പറഞ്ഞത്. ആ സ്ത്രീയുടെ മകനാണ് അത്. ലൈബ്രറിയിൽ പുസ്തകങ്ങൾ തിരയുന്ന ഒരാളെ ചൂണ്ടി രാമു പറഞ്ഞു.അയാളെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ആദ്യമായി ലൈബ്രറിയിലേക്ക് കയറിയപ്പോൾ ഷെർലക് ഹോംസിനേയും കയ്യിൽ വെച്ച് എനിക്ക് മലയാളം ഫിക്ഷൻ സെക്ഷൻ കണ്ണുകൊണ്ട് ചൂണ്ടിക്കാണിച്ചുതന്ന മനുഷ്യൻ. അയാൾ ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങി ഇന്ത്യൻ കോഫീ ഹൌസിലേക്ക് നടക്കുന്നത് കണ്ട് ഞാനയാളെ പിൻതുടർന്നു.
അങ്ങനെയൊരു കാഴ്ച നിങ്ങൾ ശരിക്കും കണ്ടോ, കഥാകാരിയുടെ ഒപ്പം എന്റെ അമ്മയേയും നിങ്ങൾ കണ്ടോ. ആകാംക്ഷ കാരണം അയാളുടെ മുഖം ബീറ്റ്റൂട്ട് പോലെ ചുവന്നിരുന്നു. ഞങ്ങൾ ഇന്ത്യൻ കോഫീ ഹൌസിലെ ടേബിളിൽ വെച്ച മസാലദോശയുടെ ഇരുവശങ്ങളിൽ നിന്നും സംസാരിച്ചു തുടങ്ങി. ഞാൻ അവിടുത്തെ കസ്റ്റമറായും അയാൾ അവിടുത്തെ വിളമ്പുകാരനായും. വെള്ളവിശറിത്തലപ്പാവ് വെച്ച് അയാളായിരുന്നു ഞായറാഴ്ചകളിൽ എനിക്ക് ഭക്ഷണം വിളമ്പി തന്നുകൊണ്ടിരുന്നത്. പുസ്തകത്താളുകളിൽ നോക്കി ഭക്ഷണം കഴിക്കുക പതിവായതുകൊണ്ട് ഞാനയാളെ കണ്ടിരുന്നില്ല. ഞാൻ നിങ്ങളെ എല്ലാ ഞായറാഴ്ചയും കാണുമായിരുന്നു.നിങ്ങൾ എന്നെ ശ്രദ്ധിച്ചിരുന്നില്ല. അയാൾ പറഞ്ഞു. അന്ന് ഞായറാഴ്ചയിലെ അലസമാർന്ന ഉച്ചവേളയിൽ റസ്റ്റോറന്റിലെ മിക്കവാറും മേശകളും കാലിയായിരുന്നു. അതിനാൽ അയാൾക്ക് വലിയ ജോലിത്തിരക്കുണ്ടായിരുന്നില്ല.
അയാൾ ചോദ്യം ആവർത്തിച്ചു. നിങ്ങളാ കാഴ്ച ശരിക്കും കണ്ടോ.
ഉവ്വ്, കഥാകാരിയുടെ അടുത്തു നിന്ന നിങ്ങളുടെ അമ്മ ഒരു വയലറ്റ് നിറത്തിലുള്ള സാരിയും വെളുത്ത ബ്ലൌസുമാണ് ധരിച്ചിരുന്നത്. അവിശ്വസനീയതയോടെ അയാൾ എന്നെ തുറിച്ചു നോക്കി. കഥാകാരി അവസാനം നാലപ്പാട് സന്ദർശിച്ചപ്പോൾ അവരോടൊപ്പമുണ്ടായിരുന്ന അമ്മ ആ സാരിയാണ് ധരിച്ചിരുന്നത്. യൂ ടൂബിൽ അമ്മയെ അങ്ങനെയാണ് ഇടക്കിടക്ക് ഞാൻ കാണാറ്. അയാൾ അയാളോടു തന്നെ പിറുപിറുക്കുന്നത് എനിക്കും കേൾക്കാമായിരുന്നു. എന്റെ അമ്മയും അപ്പോഴാണ് കഥാകാരിയോടൊപ്പം നീർമാതളം പൂക്കുന്നത് കാണാൻ പോയത്. ആദ്യമായും, അവസാനമായും. ആ സന്ദർശനത്തിന് ശേഷം, ഒൻപതു കൊല്ലം മുന്നേയാണ് അമ്മ വീട്ടിൽ നിന്ന് ഇറങ്ങി പോയത്.
ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന് വന്നപോലെ അയാൾ പൊടുന്നനെ എന്നോട് ആവേശത്തോടെ സംസാരിക്കാൻ തുടങ്ങി. എനിക്കും ആ കാഴ്ച കാണണം. എന്നാലേ ഞാനത് വിശ്വസിക്കൂ, ഞാനും വരാം നിങ്ങളോടൊപ്പം.
അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അയാൾ എന്റെ ഫ്ലാറ്റിലെത്തി. ഞാൻ താമസിക്കുന്നതിന് അടുത്തു തന്നെയായിരുന്നു അയാളും താമസിച്ചിരുന്നത്. ഞങ്ങൾ പുഴുവിനുള്ളിൽ കയറാൻ വേണ്ടി പതിയെ നടക്കാൻ തുടങ്ങി. വഴിയിൽ നിറയേ എരകൻപുല്ലുകൾ. ഇരുതലമൂർച്ചയുള്ള അവ ഞങ്ങളെ രണ്ടുപേരേയും ഒരുമിച്ച് മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. മുറിവിൽ നിന്ന് ചോര പൊടിഞ്ഞു. പക്ഷെ ഞങ്ങൾ അതറിഞ്ഞതേ ഇല്ല.
നല്ല തെളിഞ്ഞ പ്രഭാതം, ഞാൻ ഉൽസാഹത്തിലായി, കുറേ നാളുകൾക്കുശേഷം മഴമാറി വെയിൽ തെളിഞ്ഞിരിക്കുന്നു.ഇന്ന് അവരുടെ ബാൽക്കണിയുടെ ജനാലകൾ തുറന്നിട്ടിട്ടുണ്ടാകും,തീർച്ച. എനിക്ക് ആ കാഴ്ച കാണാനാവും, കൂടെ അയാൾക്കും. ആലുവായിൽ നിന്നും പേട്ടയിലെത്തി തെല്ല് വിശ്രമിച്ച് പുഴു ഞങ്ങളെ വിഴുങ്ങി. അതിന് വിഴുങ്ങാൻ ഞങ്ങൾ മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ.
വേറെ ആരേയും കാത്തുനിൽക്കാതെ ഞങ്ങൾ പുറപ്പെട്ടു. താഴെ ജീവന്റെ കുഴൽ പോലെ ചമ്പക്കര കനാലിലെ ജലം. ദ്വാരകയിലേക്ക് നോക്കി അമ്പാടിയിലെ ബാൽക്കണിയിൽ കൊത്തുപണികൾ നിറഞ്ഞ ആ ഭംഗിയുള്ള കൈക്കസേരയിൽ അവർ ഇരിക്കുന്നുണ്ടാകും. അയാളുടെ അമ്മ കഥാകാരിയുടെ അടുത്ത് ഭവ്യതയോടെ നിൽക്കുന്നുണ്ടാവണം.
ഞങ്ങളെ ആ കാഴ്ച കാണിക്കാനായ് കോൺക്രീറ്റ് കാട്ടിലൂടെ ആ ചിത്രശലഭപ്പുഴു ഉൽസാഹത്തോടെ വളഞ്ഞ് പുളഞ്ഞ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. എനിക്ക് ചുറ്റും കൊതിയൂറുന്ന നെയ്പ്പായസത്തിന്റെ മണം ഉയരാൻ തുടങ്ങി.
What's Your Reaction?