മലയിറങ്ങവേ . ....!
മലയിറങ്ങവേ
നിലച്ചുപോയൊരാ-
ഹൃദയകോശങ്ങൾ
മിടിക്കുന്നു വീണ്ടും
പതിഞ്ഞ താളത്തിൽ ...
പകൽ വെയിലിൻ
നടുത്തളത്തിൽ നാം
ഉണക്കുവാന്നിട്ട
നനഞ്ഞൊരോർമ്മകൾ
ഉറുമ്പരിക്കാതെ, ഉള്ളിൽ മധുരനാരക
മിഠായിയെന്ന പോൽ
മണം പരത്തുന്നു.
മലയിറങ്ങവേ...
കുതിച്ചു കേറുന്നു,
അനാദികാലത്തിൻ
തിരയിളക്കങ്ങൾ .....
ഇലകൾ വേവും മണം കാറ്റിൽ, ഇളവേൽക്കുന്നു
സിരയിൽ വെയിൽ പൂക്കൾ
ദീർഘ ചത്വരജാലകക്കാഴ്ച പോൽ
ഒഴുകി നീങ്ങുന്നു, വാനവും മേഘവും...
വഴികൾ നീളെ
പ്രണയ സാക്ഷ്യം പോൽ
സാന്ധ്യ വെയിൽ തരും
അനഘ ചുംബനം.
ഒരു മഴമേഘ-
നിഴലിന്നോർമയിൽ
ഒരു മഴക്കാലം
നനഞ്ഞു തീർത്തു നാം!
What's Your Reaction?