എൻ്റെ ചോക്കുമല - നിങ്ങളുടെയും.
പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ എന്നാണല്ലോ അഗർബത്തിയുടെ കാലാതിവർത്തിയായ പരസ്യം.
ഓർത്താൽ നിരാശപ്പെടാൻ ആർക്കാണ് കാരണങ്ങൾ ഇല്ലാത്തത് ! ഓരോരുത്തർക്കും ഓരോ തരം ജീവിതം. ഓരോരോ അനുഭവങ്ങൾ. ഓരോരോ മുറിവുകൾ.
ജീവിതം എന്നാൽ ആകെ മൊത്തം ഓർമ്മകളുടെ കൂമ്പാരമാണ്. ബാല്യം. കൗമാരം. യൗവ്വനം. ഓരോന്നും ഓർമ്മകളാണ്. ചിലർക്ക് ഓർമ്മകളിൽ മധുരം കിനിയും. മറ്റു ചിലർക്ക് കയ്പ്പും.
വീണ്ടും വീണ്ടും കൂടുതലായി ഓർമ്മയിൽ വരുന്നത് മധുരമാണെങ്കിൽ ജീവിതം ഭാഗ്യമായിരുന്നു. കയ്പെങ്കിൽ അതും ഭാഗ്യം തന്നെയാണ് - അതിനെ ഔഷധമായിക്കണ്ട് ഉപയോഗിച്ചാൽ.
ഗ്യാരൻ്റി എന്നൊന്നില്ല ജീവിതത്തിൽ. എല്ലാം കേവല ഭാഗ്യങ്ങൾ മാത്രം. നല്ല വീട്ടിൽ പിറന്നാൽ ഭാഗ്യം. രക്ഷിതാക്കൾ നന്നായിരുന്നാൽ ഭാഗ്യം. പട്ടിണിയും ദാരിദ്ര്യവുമില്ലാതിരുന്നാൽ ഭാഗ്യം. രോഗം വരാതിരുന്നാൽ ഭാഗ്യം. വിദ്യാഭ്യാസം ഭാഗ്യം. ജോലി ഭാഗ്യം.
നല്ല ലൈഫ് പാർട്ണറെ ഒത്തു കിട്ടിയാൽ ഭാഗ്യം. ആരോഗ്യമുള്ള കുട്ടികൾ ഭാഗ്യം. പുത്രദുഃഖമില്ലാത്ത ജീവിതവും ഭാഗ്യം.
വരുമാനത്തിന് സ്ഥിരം മാർഗങ്ങളുണ്ട് എങ്കിലതും ഭാഗ്യം. രാത്രി കിടന്നാൽ നല്ല ഉറക്കവും പകൽ മനസമാധാനവും ഉണ്ടെങ്കിൽ ജീവിതകാലത്തെ ഏറ്റവും വലിയ ഭാഗ്യം.
ഒന്നും നേടിയില്ല എന്നും, സന്തോഷിക്കാൻ ഒന്നുമില്ല എന്നും പറയരുത്. കയ്യിലുള്ള ഫോണിൻ്റെ, ആഭരണങ്ങളുടെ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ, ഗൃഹോപകരണങ്ങളുടെ, വസ്തുവിൻ്റെ, വീടിൻ്റെ, വസ്ത്രങ്ങളുടെ ആകെ വില ഒന്ന് എഴുതിക്കൂട്ടാമോ? അത്രയും ആസ്തികൾ നേടാൻ തക്കവിധം ജീവിതം നമ്മെ എത്തിച്ചില്ലേ? നേടിയ ബാങ്ക് ലോൺ പോലും നമുക്കുള്ള അംഗീകാരമല്ലേ? പ്രാപ്തിയില്ലാത്തവന് ആരു ലോൺ കൊടുക്കും? മക്കൾ പഠിക്കുന്ന സ്കൂളും, നേടുന്ന വിദ്യാഭ്യാസവും, ഒരു ഫോണിൻ്റെ മറുതലയ്ക്കൽ വിളിച്ചാൽ ഓരോ ആവശ്യങ്ങൾക്കു ലഭ്യമായ സൗഹൃദങ്ങളും നമ്മുടെ ആസ്തികൾ തന്നെയല്ലേ ?
ഈ പറഞ്ഞവയ്ക്ക് ഒന്നും അർഹതയില്ലാത്ത അനേകർ - തെരുവിലും ചേരികളിലും പിറന്നവർ, അച്ഛനെന്നോ അമ്മയെന്നോ വിളിക്കാൻ ആരുമില്ലാത്തവർ, എന്തു വേല ചെയ്താലും വയർ നിറയ്ക്കാൻ പോലും കിട്ടാത്തവർ, തൊഴിലിടത്ത് അടിയേൽക്കുന്നവർ, അവമാനിക്കപ്പെടുന്നവർ, ലൈംഗിക ചൂഷണം നേരിടുന്നവർ, ഒരു സൈക്കിളോ റേഡിയോയോ പോലും സ്വന്തമില്ലാത്തവർ, ചാരിക്കിടക്കാൻ ഒരു കസേരയും വിശ്രമസമയവും ഇല്ലാത്തവർ, ചികിൽസിക്കാൻ ആകാത്തവർ, പ്രാർത്ഥിക്കാമെന്നു പോലും പറയാനാരുമില്ലാത്തവർ, അംഗവൈകല്യം പേറുന്നവർ, ആയിരം രൂപയുടെ കടം പോലും ഓർത്തു നടുങ്ങുന്നവർ, ഹാപ്പി ബർത് ഡേ ഓർക്കാനും പറയാനും പാടാനും സ്റ്റാറ്റസിടാനും ആരുമില്ലാത്തവർ, പാഠപുസ്തകം കാണാത്തവർ, ഒരു എതിർവാക്ക് പറയാൻ പോലും ആത്മധൈര്യമില്ലാത്തവർ - ഇവരുടെയൊക്കെ ചെരുപ്പിൽ നിന്നിട്ട് നമ്മെ നോക്കിയാൽ മനസിലാകും നാമെത്ര വലിയ കോടീശ്വരൻമാരാണ് എന്നത്.
എന്നിട്ടും... നാം ദുഃഖിക്കുന്നു !
നമ്മുടെ ജീവിതഭംഗികൾക്ക് അൽപ്പം കൂടി പൂർണത ഇല്ലാത്തതിൽ നാം ദുഃഖിക്കുന്നു എന്നതല്ലേ ശരി.
ഡയറ്റിൽ ഏതു ഭക്ഷണം ഒഴിവാക്കണമെന്ന്, ഏതു ക്രെഡിറ്റ് കാർഡ് സ്വീകരിക്കണമെന്ന്, ഏതു ഡാറ്റാ പ്ലാൻ ലാഭമെന്ന്, മുറിപ്പെടുത്തിയവന് ഏതു സ്റ്റാറ്റസിട്ട് പഞ്ച് മറുപടി കൊടുക്കണമെന്ന്, ആരെ ബ്ലോക്ക് ചെയ്യണമെന്ന്, ഏതു ഡ്രസാണ് കൂടുതൽ ഫോട്ടോജെനിക്കെന്ന്, ഔട്ടിങ്ങിന് പോകുമ്പോ കഴിക്കേണ്ട ഭക്ഷണമേതെന്ന്, ഫോണിൻ്റെ മോഡൽ മാറാറായല്ലോ എന്ന് - എന്തെല്ലാം ദുഃഖങ്ങൾ ! ആകുലതകൾ!
ശ്രീബുദ്ധൻ പറഞ്ഞത് "ആഗ്രഹങ്ങളാണ് ദുഃഖഹേതു" എന്നാണ്. മാറ്റിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഓവർ തിങ്കിങ്ങ് ആണ് ദുഃഖഹേതു.
നാമൊക്കെ - ഞാനും നിങ്ങളും - കുറെക്കൂടി മാറി നിന്ന് ജീവിതത്തെ നോക്കി കാണേണ്ടതല്ലേ?
ചോക്കുമലയിലിരിക്കുന്നവൻ ചോക്കു കഷ്ണം തേടിപ്പോകും പോലെയാണ് എന്ന ലോഹിതദാസ് വചനം ഓർത്തു പോകുന്നു
നമ്മുടെയൊക്കെ സന്തോഷാന്വേഷണങ്ങളും ദുഃഖകാരണങ്ങളും ധ്യാനിക്കുമ്പോൾ.
What's Your Reaction?