കാണാമറയത്ത്
കറുപ്പിന് കാളിമ പോരെന്നുതോന്നുന്ന ഈ രാത്രിയിൽ ഞാൻ എന്നെ മറയ്ക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഒളിച്ചുകളിയിൽ അല്ലെങ്കിലും അത്ര മിടുക്കൊന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ലല്ലോ. ഇന്നിവിടെ ഇങ്ങനെ പതുങ്ങിയിരിക്കുമ്പോൾ ആ പരാജയബോധം മനസ്സിനെ കീഴടക്കുന്നുണ്ടോ.
ഇനിയും ഒതുങ്ങാൻ ഇരുട്ടിവിടെ അല്പം പോലും ബാക്കിയില്ലാതെ...
ആരെങ്കിലും കണ്ടാൽ...
പിടിക്കപ്പെട്ടാൽ...
ഞാനാരാണെന്നും ഇവിടെ എന്തിനാണെന്നും...
എന്ത് പറയും.
ഒട്ടും പരിചയമില്ലാത്ത ഇടം. കാറൊതുക്കിയിട്ടയിടം ഇവിടെ നിന്നും നോക്കിയാൽ കാണാം. അതൊരു വിളക്കുകാലിന് താഴേയായി ഒതുങ്ങിക്കിടക്കുന്നതുകൊണ്ട് ആർക്കും അങ്ങനെ സംശയം തോന്നാനിടയില്ല.
ഒന്നു കാണണം... മടങ്ങിപ്പോവണം.
എന്തേ അതു പകൽവെളിച്ചത്തിലായാൽ...
വേണ്ട.. ഇതുമതി. ഇങ്ങനെ മതി.
കാണേണ്ടത് തനിക്കല്ലെ. എന്നും കണ്ടിരുന്നിട്ട് ഇപ്പോൾ കാണാതെയാകുമ്പോഴുള്ള വീർപ്പുമുട്ടൽ തനിക്കല്ലെ.
ഇങ്ങനെ മതി.
സമയം ഏറെയൊന്നുമായിട്ടില്ല. ഈ വഴിയിൽ അധികം വാഹനങ്ങൾ ഇല്ലാത്തത് നന്നായി. നേർവഴിയായതിനാൽ അത്യാവശ്യം വേഗത്തിലാണ് ഓരോ വാഹനങ്ങളും. ആർക്കും സ്വന്തമായി സമയങ്ങളില്ലല്ലോ. വേണ്ടപ്പെട്ടവർക്കു വീതിച്ചുവെച്ച ഘടികാരസൂചകങ്ങൾ ഒന്നിന് പിറകെ ഒന്നായി ഓർമ്മിപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ...
നിഴലിനെ ഒളിപ്പിക്കാൻ മാവിനും മതിലിനും ഇടയിലേക്ക് ഒന്നുകൂടി ഒതുങ്ങിയ നേരത്ത്...
അതെ... ഇതവരുടെ കാറാണ്. നീല നിറത്തിലുള്ള സ്വിഫ്റ്റ്.
ഗേറ്റിനുമുന്നിലെത്തിയപ്പോഴേക്കും സിറ്റൗട്ടിൽ നിന്നും അവൾ ഇറങ്ങിവരുന്നുണ്ട്. കയ്യിലുള്ള ഫോൺ ചെവിയിൽ നിന്നും എടുത്ത് അല്പം വേഗത്തിൽ നടന്ന് അവൾ ഗേറ്റ് തുറക്കുന്നു. കാർ ഗേറ്റും കടന്ന് അകത്തേക്ക് കയറിയപ്പോൾ അവൾ ഗേറ്റ് അടച്ച് കാറിനുപിന്നാലെ.
പോർച്ചിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി അടുത്തെത്തിയ അവളുടെ തോളത്ത് കയ്യുമിട്ട്, അതിനിടെ അവളുടെ നെറ്റിയിലൊന്ന് തന്റെ നെറ്റി മുട്ടിച്ച് അവൻ...
ഇത് പണ്ട് താൻ ജോലി കഴിഞ്ഞ് വരുമ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി രാധികയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചിരുന്ന പോലെ...
അവനത് കുഞ്ഞിലേ മുതൽ കണ്ട് ഇന്ന് അവൻ്റെ ശീലമാക്കി തീർത്തിരിക്കുന്നു. അവനെന്തോ പറഞ്ഞതിന് അവളവന്റെ ചെവികേറി പിടിക്കുന്നുണ്ട്. ഒഴിഞ്ഞുമാറി, എന്നാൽ അവളെ ചേർത്തു പിടിച്ച് അവർ സിറ്റൗട്ടിലേക്ക്.
അവൻ... അല്ല, അവർ സന്തോഷത്തിലാണ്.
വാതിലടയുന്ന ശബ്ദം പിന്നിൽ കേട്ടു. അന്ന്...അവൻ ഇഷ്ടമുള്ളൊരു പെൺകുട്ടിയെ കൂടെക്കൂട്ടുന്നു എന്ന് പറഞ്ഞിറങ്ങിപ്പോകുമ്പോഴും വാതിൽ മെല്ലെ അടച്ചാണിറങ്ങിയത്. ദുശ്ശാഢ്യക്കാരനായ അച്ഛനോട് ഒരുപാട് സംസാരിച്ച് അവൻ അന്തരീക്ഷം വഷളാക്കിയില്ല. നിനക്കൊരനിയത്തിയുണ്ടെന്നുള്ള രാധികയുടെ ഓർമ്മപ്പെടുത്തൽ അവനൊട്ടും വകവെച്ചില്ലന്നതല്ലെ തന്നിലെ ദേഷ്യത്തെ ഉണർത്തിയത്. ഒടുവിൽ അവളും....
എന്നാലും നിങ്ങൾക്കവനോടൊന്ന് സൗമ്യമായി സംസാരിക്കാമായിരുന്നു എന്നായപ്പോൾ....
കാറിൽ കയറി ഫോണെടുത്തു. രാധികയുടെ മിസ്ഡ് കാൾ ഉണ്ട്. വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനോടൊപ്പം അവളെ വിളിച്ചു.
എവിട്യാ ഏട്ടാ...
ദാ വര്ണൂ. ഒരു അരമണിക്കൂർ.. നീ കഴിച്ചോ.
അപ്പോ നിങ്ങളോ..
എനിക്ക് നല്ല വിശപ്പ്. ഞാനെന്തെങ്കിലും കഴിച്ചാലോന്നാ...
ങാ... അതാ നല്ലത്. ഇവിടെ മോളും മര്വോനും വന്ന്ണ്ട്... നിങ്ങടെ കാര്യം കഷ്ടാ. ഞാനല്ലെങ്കിൽ ഉപ്പുമാവ് ണ്ടാക്കി വെക്കാം.
ഏയ് വേണ്ട. ഞാനത് പറയാൻ മറന്നതാ. അവളുച്ചയ്ക്ക് വിളിച്ചിരുന്നു. അപ്പോ ശരി. നിങ്ങള് കഴിച്ചോ.
ഞാൻ വരാം. അവരോട് പറയ് അച്ഛൻ അല്പം വൈകുംന്ന്.
ങും. ശരി.
ഫോൺ പോക്കറ്റിലേക്കിട്ട് സീറ്റിലൊന്നമർന്നിരുന്ന്.....
ഇനി ഒന്നര മണിക്കൂർ യാത്ര. ഇരുട്ടിന്റെ കാഠിന്യം കൊണ്ടാകാം, ഹെഡ്ലൈറ്റിന് നല്ല തെളിച്ചം. ഉള്ളിലും അങ്ങനെയെന്തോപോലെ.
What's Your Reaction?

