ദസ്തയേവ്സ്കിയുടെ 'ഇഡിയറ്റ്': ആത്മീയതയുടെയും ദുരന്തത്തിൻ്റെയും ആഖ്യാനം
ദസ്തയേവ്സ്കിയുടെ വിഖ്യാത നോവൽ 'ഇഡിയറ്റ്' (1869)
നോവലും പശ്ചാത്തലവും
വിശ്വമഹാകവിയായ ദസ്തയേവ്സ്കിയുടെ നോവലുകൾ അവയുടെ രചനാകാലം തൊട്ട് ഇങ്ങോട്ട് പരക്കെ വിശകലനം ചെയ്യപ്പെട്ടു പോരുന്നു. ആ കൂട്ടത്തിൽ പരമപ്രധാനമായ ഒരു കൃതിയാണ് 'ഇഡിയറ്റ്'. 'കരമസോവ് സഹോദരന്മാരെ' പോലെ ബൃഹത്തും ഗംഭീരവും അനവധി ആഴങ്ങൾ പതിയിരിക്കുന്നതുമായ ഒരു കൃതി എഴുതിയ ദസ്തയേവ്സ്കി സ്വന്തം രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 'ഇഡിയറ്റി'നെയാണ്. സ്വാത്മാവിനെത്തന്നെ പകർത്തിവെക്കുവാനുള്ള ശ്രമമായിരുന്നതിനാലാവാം അങ്ങനെയായത്. ഈ സത്യം 'ഇഡിയറ്റി'ൻ്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.
1869-ലാണ് ഈ നോവലിൻ്റെ ആദ്യ പതിപ്പിൻ്റെ പ്രസിദ്ധീകരണം. ദസ്തയേവ്സ്കിയുടെ ഒരു ഉപകഥാപാത്രത്തെപ്പോലും നാം ഉപേക്ഷിച്ചുകൂടാ എന്ന് ആന്ദ്രേ ഴിദ് (André Gide) പറയുമ്പോൾ, 'ഇഡിയറ്റ്' പോലെ ഐതിഹാസികമാനങ്ങളും അനവധി സങ്കീർണ കഥാപാത്രങ്ങളുമുള്ള ഒരു നോവലിനെ വിശകലനം ചെയ്യുക എളുപ്പമല്ല. ദസ്തയേവ്സ്കിയുടെ 'ഇഡിയറ്റ്' ഉൾക്കൊള്ളണമെങ്കിൽ "അത് വായിക്കുക, വീണ്ടും വായിക്കുക, ആവർത്തിക്കുക" എന്ന ഒരു പാശ്ചാത്യ നിരൂപകൻ പ്രസ്താവിച്ചത് ഏറ്റവും യുക്തമാണെന്ന് അനുഭവപ്പെടും.
ഫിയോദോർ ദസ്തയേവ്സ്കി (1821–1881)
പ്രഭു മൈഷ്കിൻ: കറതീർന്ന നന്മയുടെ പ്രതിരൂപം
കറതീർന്ന നന്മയുടെ അഥവാ ക്രിസ്തുവിൻ്റെ സാദൃശ്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിക്കുക സാധ്യമാണോ എന്ന ഭയം തൻ്റെ മാനസപുത്രിയായിരുന്ന മരുമകൾ സോണിയയോട് ദസ്തയേവ്സ്കി പ്രകടിപ്പിച്ചിരുന്നു. ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങൾ ആശയങ്ങളുടെ ഉടലാർന്ന രൂപങ്ങളാണ് എപ്പോഴും. ലൗകികദൃഷ്ടിയിൽ ഈ കഥാപാത്രങ്ങൾക്ക് വിശദീകരണങ്ങൾ അസാധ്യമാണ്; സാമാന്യ അർത്ഥത്തിലുള്ള റിയലിസത്തിന് ഈ കഥാപാത്രങ്ങളെ ന്യായീകരിക്കുവാൻ പ്രാപ്തി ഉണ്ടാവുകയുമില്ല.
ക്രിസ്തുസദൃശനായ മൈഷ്കിൻ എന്ന യുവപ്രഭുവാണ് 'ഇഡിയറ്റി'ലെ നായകൻ. സാമാന്യലോകം വിരുദ്ധധ്രുവങ്ങളിൽ വിശ്വസിക്കുന്നു; പക്ഷേ മൈഷ്കിന് ലിഖിത നിയമങ്ങളെ മാറ്റിപ്പറയാനും ഇരുധ്രുവങ്ങളെയും സമീകരിച്ചു കാണാനും കഴിയുന്നു. നിയമങ്ങളെ അയാൾ ഉല്ലംഘിക്കുന്നില്ല; അവയുടെ മറുപുറം പിടിക്കുകയും പിൻവശത്ത് അതിൻ്റെ വിരുദ്ധധ്രുവം കുറിച്ചിട്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കുകയുമാണ് അയാൾ ചെയ്യുന്നത്. ലജ്ജാലുത്വവും ശിശുസഹജമായ ആകർഷണീയതയും സ്വാർത്ഥരാഹിത്യവും ലാളിത്യവുമുള്ള ഒരു മനുഷ്യനായാണ് ക്രമങ്ങളുടെ ഈ വിദ്ധ്വംസകൻ മുന്നോട്ടുപോകുന്നത് എന്നതാണ് ഈ നോവലിൻ്റെ രഹസ്യം.
പ്രഭു മൈഷ്കിൻ — കറതീർന്ന നന്മയുടെയും നിഷ്കളങ്കതയുടെയും പ്രതിരൂപം
തിന്മയെ സാധൂകരിക്കുന്ന ഈ ലോകത്ത് സ്വയം ദുരിതത്തിന് വിധേയരാകുന്ന ദസ്തയേവ്സ്കിയൻ കഥാപാത്രങ്ങൾക്കിടയിൽ നടുനായകത്വം വഹിക്കുന്ന ഈ 'ഇഡിയറ്റി'ന് താൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പദവി ഭാരമായി അനുഭവപ്പെടുന്നു. ഒരു ആറാം ഇന്ദ്രിയമാണ് അധികം വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അയാളെ നയിക്കുന്നത് എന്ന് തോന്നും. സ്വന്തം മനസ്സാക്ഷിയുടെയും ഹൃദയത്തിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ ഓരോ പ്രതികൂലതയെയും അയാൾക്ക് നേരിടാനാകൂ. ക്രിസ്തുവിനെപ്പോലെ അന്ത്യത്തിൽ സകലരിൽനിന്നും തിരസ്കാരമാണ് അയാൾ ഏറ്റുവാങ്ങുന്നത്. ആത്മീയവും ഭൗതികവുമായ ലോകങ്ങളുടെ സമന്വയം 'ഇഡിയറ്റി'നെ സംബന്ധിച്ച് യാഥാർഥ്യവും ജീവിതം തന്നെയും ആകുമ്പോൾ, ലോകസാമാന്യത്തിന് അത് അസാധ്യമാകുന്നു.
നസ്താസ്യ ഫിലിപ്പോവ്ന: ആത്മസംഘർഷങ്ങളും ദുരന്തവും
ഈ നോവലിലെ നായികയായ നസ്താസ്യയുടെ (Nastasya Filippovna) ആദ്യരൂപം അബദ്ധസഞ്ചാരത്തിന് പ്രേരിപ്പിച്ച മാതാപിതാക്കളോടുള്ള പ്രതികാരം വീട്ടാൻ വീടിന് തീവെച്ച ഒരു 14-കാരിയെക്കുറിച്ചുള്ള പത്രവാർത്തയിൽ നിന്നാണ് ദസ്തയേവ്സ്കി കണ്ടെത്തിയത്. കടുത്ത സൗന്ദര്യവും ആകർഷണീയതയുമുള്ള നസ്താസ്യ യൗവനത്തിലെത്തിയതോടെ ആത്മനാശക പ്രവണതകൾക്ക് അടിമയാവുകയുണ്ടായി. സങ്കീർണവും ഇരുണ്ടതുമായ ഭൂതകാലം അവളെ കശക്കിക്കൊണ്ടേയിരുന്നു. ആത്മപീഡനത്തിനുള്ള കാരണങ്ങൾ തിരഞ്ഞുനടക്കുന്ന ഈ വിചിത്രസ്വഭാവിനി സാഹസികവും ഉപദ്രവകരവുമായ മട്ടിൽ പെരുമാറുകയും തനിക്ക് ചുറ്റുമുള്ളവരെ വിധേയരാക്കുകയും ചെയ്യുന്നു.
നസ്താസ്യ ഫിലിപ്പോവ്ന — ആത്മസംഘർഷങ്ങളുടെ കനലെരിയുന്ന നായിക
മാപ്പ് നൽകപ്പെടാനുള്ള അഗാധമായ ദാഹം പേറുന്ന അവൾ ആത്മീയമായ ഒരു വിമോചനമാർഗം തിരയുന്നുണ്ടെന്ന് സൂക്ഷ്മദൃക്കുകൾക്ക് ബോധ്യപ്പെടും. തനിക്ക് അനുഭവിക്കേണ്ടിവന്ന ലൈംഗികചൂഷണം ആത്മാവിൽ ഉണങ്ങാത്ത വടുക്കൾ സൃഷ്ടിച്ചിട്ടുള്ളതിനാൽ ആരെയും വിശ്വസിക്കുവാൻ അവൾക്ക് വയ്യ. സ്നേഹത്തിനായുള്ള മോഹം ഇരിക്കെത്തന്നെ താൻ വീണ്ടും ആക്രമിക്കപ്പെടുമോ എന്ന ഭയവും അവൾക്കുണ്ട്. അതിശക്തമായ അഭിനിവേശങ്ങളും വൈകാരിക സങ്കീർണതകളും അംഗീകാരത്തിനായുള്ള വൈവശ്യവും ആ യുവമോഹിനിയിൽ മനഃപോരാട്ടങ്ങൾക്ക് വഴിവെക്കുന്നു. മൈഷ്കിൻ മാത്രമാണ് സ്വാർത്ഥരഹിതനായി അവളെ സ്നേഹിക്കുന്നതെങ്കിലും അത് അവൾക്ക് സ്വീകരിക്കുവാനും ആകുന്നില്ല — അത് മൈഷ്കിൻ്റെ രക്ഷയെക്കരുതി മാത്രമാണ് താനും!
നിയുക്തവരനായ മൈഷ്കിനെ ഉപേക്ഷിച്ച് വിവാഹമണ്ഡപത്തിൽനിന്നും ഓടിപ്പോകുന്ന നസ്താസ്യ ഖലനായകനായ റോഗോഷിനിൽ അഭയം തേടുന്നത് സ്ഥബ്ധരായ വായനക്കാർക്ക് കണ്ടിരിക്കാനാകൂ. "നോവലിൻ്റെ രണ്ടാം നായകനാണ് നസ്താസ്യ" എന്ന് വിശേഷിപ്പിക്കുവാൻ ഒരു നിരൂപകൻ ധൈര്യപ്പെട്ടിരിക്കുന്നു. മൈഷ്കിനും നസ്താസ്യയും തമ്മിലുള്ള വൈകാരിക സംഘട്ടനങ്ങളുടെ അത്യുച്ചതകൾ നമ്മെ പിടിച്ചുലയ്ക്കുന്നു. എന്നപോലെ പ്രധാനമാണ് നസ്താസ്യയും മൈഷ്കിനെ പ്രണയിക്കുന്ന അഗ്ലായ എന്ന നവയുവതിയുമായി അകത്തും പുറത്തും നടക്കുന്ന സംഘട്ടനങ്ങൾ. നോവലിലെ എല്ലാ കഥാപാത്രങ്ങളിലൂടെയും ഒരു കൊടുങ്കാറ്റ് പോലെ പാഞ്ഞ് ഒരു ശക്തികേന്ദ്രമായി മാറുന്ന നസ്താസ്യ അനിവാര്യമായ സ്വന്തം വിനാശത്തിലേക്ക് പാറിച്ചെല്ലുന്നു.
നസ്താസ്യയുടെ സ്വഭാവത്തിൻ്റെ സാംഗത്യം സാധൂകരിക്കുവാൻ വായനക്കാരന് സ്വന്തം ഭാവനയെത്തന്നെ ആശ്രയിക്കേണ്ടിവരും. നോവൽപാഠത്തിലെ ശൂന്യതകൾ പൂരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം വായനക്കാരന് ദസ്തയേവ്സ്കി വിട്ടുതന്നിരിക്കുന്നത് ബോധപൂർവ്വമാണോ എന്ന് സംശയിച്ചുപോകും. നസ്താസ്യ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെയും പീഡനങ്ങളുടെയും മൈഷ്കിൻ്റെ സഹാനുഭൂതിയുടെയും ഏറ്റുമുട്ടലത്രേ ഈ മഹത്തായ ആഖ്യായികയ്ക്ക് ഒരു കേന്ദ്രപ്രമേയം ഉണ്ടെങ്കിൽ അത്.
റോഗോഷിനും നസ്താസ്യയുടെ നാടകീയ മുഹൂർത്തങ്ങളും
ഉപകഥാപാത്രങ്ങൾ വിസ്തരിക്കുന്ന ഉള്ളതും ഇല്ലാത്തതുമായ കഥകളിലൂടെയാണ് നാം നസ്താസ്യയെപ്പറ്റി ആദ്യം അറിയുന്നത്. നസ്താസ്യയ്ക്ക് പിന്നാലെ ഇരിക്കപ്പൊറുതിയില്ലാതെ അലയുകയും, വ്യാപാരസംബന്ധമായി പിതാവ് ഏൽപ്പിച്ച പണം അവൾക്ക് കർണ്ണാഭരണങ്ങൾ വാങ്ങാൻ ധൂർത്തടിക്കുകയും ചെയ്ത റോഗോഷിൻ (Rogozhin) എന്ന ഒരു ഉന്മത്തകാമുകനാണ് അവളെപ്പറ്റി ആദ്യം നമ്മോട് പറയുന്നത്. താൻ രചിച്ചുവെച്ച തൻ്റെ ഭാവിയുടെ തിരക്കഥ പൂർത്തീകരിക്കുവാനും അപമാനത്തിൻ്റെയും മരണത്തിൻ്റെയും ഇരയാകുവാനും റോഗോഷിനെ തൻ്റെ ഇഷ്ടപ്പടി നസ്താസ്യ ഉപയോഗിക്കുകയായിരുന്നുവോ എന്നും സംശയിക്കേണ്ടിവരും.
അവൾ ശ്രദ്ധ ക്ഷണിക്കത്തക്കവിധത്തിൽ ആപൽക്കരങ്ങളായ രംഗങ്ങൾ ആളുകൾക്കിടയിൽ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഗാനമേള നടക്കുന്ന ഒരു മൈതാനത്തുവെച്ച് ഉന്നതനായ ഒരു സൈനിക ഉദ്യോഗസ്ഥനെ ഭർത്സിച്ചു സംസാരിക്കുകയും അപമാനിക്കുകയും ചെയ്ത നസ്താസ്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഗോഷിൻ്റെ അനുചരസംഘത്തിലുണ്ടായിരുന്ന ഒരു മല്ലയുദ്ധവീരൻ ഇടപെട്ടതുകൊണ്ടാണ് അവൾ രക്ഷപ്പെട്ടത്; നസ്താസ്യയെ രക്ഷിക്കാൻ ഇടപെട്ട പാവം മൈഷ്കനാകട്ടെ മർദ്ദനമേൽക്കേണ്ടിയും വന്നു.
മുൻപ് മിക്ക കഥാപാത്രങ്ങളും സന്നിഹിതരായിരുന്ന അവളുടെ ജന്മദിനാഘോഷരാവിൽ, ഒരു നിയുക്തവധു നിലവിട്ട് സ്വന്തം ശരീരത്തിന് വിലപറയുന്ന ലജ്ജാഹീനയും ഗർവ്വിഷ്ഠയും ധിക്കാരിയുമായ ഒരു അഭിസാരികയെപ്പോലെയായി നസ്താസ്യ. സ്വന്തം സ്വത്വം ഒളിപ്പിച്ചു വെച്ച് അഭിനയിക്കുകയായിരുന്നു അവളെന്ന് മൈഷ്കിൻ തിരിച്ചറിഞ്ഞു. 'ഇഡിയറ്റി'ലെ ഏറ്റവും പ്രധാനപ്പെട്ട ആ രംഗത്തിൻ്റെ സംവിധായികയും നായികയും ആയിരുന്നു നസ്താസ്യ. ആ നാടകത്തിൽ ഉൾപ്പെട്ടവരെയെല്ലാം സ്വന്തം അഭീഷ്ടങ്ങൾക്കനുസരിച്ച് പാവകളിപ്പിക്കുവാൻ, അധികമധികം മദ്യപിച്ച് വികാരവിവശയായ അവൾ തയ്യാറാവുകയുമുണ്ടായി.
'ഇഡിയറ്റി'ലെ പ്രധാന കഥാപാത്രങ്ങൾ (ആവിഷ്കാരം)
നന്മയുടെ പരാജയവും ചലച്ചിത്രാവിഷ്കാരവും
മൈഷ്കിൻ്റെ ആത്യന്തിക പരാജയത്തിന് വഴിവെച്ചത് ആത്മീയാകർഷങ്ങളുടെ സങ്കീർണമായ വെല്ലുവിളികൾ ഈ ലോകത്ത് അയാൾ ഉയർത്തിപ്പിടിച്ചു എന്നത് തന്നെയാണ്. നസ്താസ്യയുടെ ദുരന്തം തടയുവാനോ അവളെ വീണ്ടെടുക്കുവാനോ പവിത്രഹൃദയനായ മൈഷ്കിന് സാധിച്ചില്ല. പരിമിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ അയാളുടെ മൂല്യസംഹിതകൾ തകർന്നുചിതറി. ഈ പരാജയം ഉളവാക്കിയ മാനസിക ശൈഥില്യം അയാളെ പഴയപടി മനോരോഗത്തിലേക്ക് നയിക്കുന്നിടത്താണ് ദസ്തയേവ്സ്കി നോവൽ അവസാനിപ്പിച്ചത്. ഇത്തരം ഒരു പരാജയം നോവലിസ്റ്റും നേരിട്ടിരുന്നു എന്ന് തോന്നുന്നു. "ഈ നോവൽ എന്നെ സന്തുഷ്ടനാക്കിയില്ല; ഞാൻ പകരുവാൻ ആഗ്രഹിച്ചതിൻ്റെ പത്തിലൊന്നുപോലും എനിക്ക് സാധിച്ചില്ല. എങ്കിലും ഞാൻ എൻ്റെ ആശയത്തെ സ്നേഹിക്കുന്നു, ഞാൻ അതിനെ വിടാതെ പിടിക്കും, ഇപ്പോൾ അതൊരു പരാജയമായി കലാശിച്ചു എങ്കിലും" എന്നാണ് അദ്ദേഹം പറഞ്ഞത്.
"സൗന്ദര്യം ലോകത്തെ രക്ഷിക്കും" എന്ന് മൈഷ്കിനെപ്പോലെ നസ്രേത്തുകാരനും വിശ്വസിച്ചിരുന്നു. ദുരനുഭവങ്ങൾ ആ വിശ്വാസത്തെ കീഴ്മേൽ മറിച്ചു; തിന്മയുടെ ലോകത്ത് സൗന്ദര്യത്തെ സംരക്ഷിക്കേണ്ടിയിരിക്കുന്നു! ഒരു മാതൃകാപുരുഷനായി കണ്ട് മൈഷ്കിനോട് അടുത്തവരെല്ലാം അവസാനം എത്തുമ്പോൾ അയാളെ അപമാനിക്കുകയും അപഹസിക്കുകയും ആണല്ലോ ചെയ്തത്. വിരുദ്ധപ്രകൃതികളായ രണ്ട് സ്ത്രീകളാണ്, രണ്ടു തരത്തിലാണെങ്കിലും, മൈഷ്കിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചത്. താൻ ആരെ സാന്ത്വനിപ്പിക്കണമെന്നും ആർക്ക് വിധേയനാകണമെന്നും തിരിച്ചറിയാനാവാതെ പ്രഭു ധർമ്മസങ്കടത്തിൽ മുഴുകി. അത്തരം സന്നിഗ്ദ്ധതകൾ ചിത്രീകരിക്കാൻ ദസ്തയേവ്സ്കിയും നന്നേ ക്ലേശിച്ചിരിക്കുന്നു.
എന്തായാലും ഈ യുവതികൾക്കിടയിലുണ്ടായിരുന്ന സ്നേഹദ്വേഷബന്ധത്തിൻ്റെ കടുത്ത സംഘർഷം ദസ്തയേവ്സ്കിയുടെ അർപ്പിതാരാധകനായിരുന്ന അകിര കുറോസാവ (Akira Kurosawa) 1951-ൽ 'ഹകുചി' (Hakuchi - The Idiot) എന്ന പേരിൽ നിർമ്മിച്ച 'ഇഡിയറ്റി'ൻ്റെ ചലച്ചിത്രരൂപത്തിൽ അതിശക്തമായി ചിത്രീകരിച്ചത് കാണാം. കത്തിയാളുകയും ചീറുകയും ചെയ്യുന്ന സമോവർ (Samovar) അടുപ്പിൻ്റെ പ്രതീകസാന്നിധ്യം കൊണ്ടാണ് കുറോസാവ ആ മുഹൂർത്തം ഉജ്ജ്വലമായി വിസ്തരിച്ചത്.
റോഗോഷിൻ, ഇപ്പൊലിറ്റ്, നോവലിൻ്റെ അന്തിമസന്ദേശം
നോവലിൻ്റെ ആദ്യത്തെ അധ്യായത്തിൽത്തന്നെ റോഗോഷിൻ മൈഷ്കിനെ "വിശുദ്ധ വിഡ്ഢി" എന്ന് വിളിക്കുന്നത് നാം കേൾക്കുന്നു. റോഗോഷിനും ഇപ്പൊലിറ്റുമാണ് മൈഷ്കിൻ്റെ തത്ത്വസംഹിതകൾക്കെതിരെ തർക്കിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ പ്രമുഖർ. 'ഇഡിയറ്റി'ലെ ഒരു പ്രധാന കഥാപാത്രമാണ് 18 വയസ്സ് മാത്രം പ്രായമുള്ള ലോകവിദ്വേഷിയും ക്ഷയരോഗിയുമായ ഇപ്പൊലിറ്റ് (Ippolit) എന്ന ബുദ്ധിജീവി. അസ്തിത്വം ഉളവാക്കുന്ന നൈരാശ്യം അയാളെ ജീവിതത്തിൻ്റെ അർത്ഥരാഹിത്യം, മരണത്തിൻ്റെ അനിവാര്യത, പ്രതീക്ഷാരാഹിത്യം എന്നിവയെക്കുറിച്ച് ധ്യാനിക്കുവാനാണ് പ്രേരിപ്പിച്ചത്. ജീവിതത്തിൻ്റെ ഒഴിവാക്കാനാകാത്ത ഭാഗമായി ദുരിതങ്ങളെ കാണുന്ന അയാൾ, ദുരിതങ്ങളെ അതിജീവിക്കുവാനല്ല, അംഗീകരിക്കുവാനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ സൗഹൃദത്തിനായി മോഹിക്കുകയും ആധികാരികമായ അനുഭവങ്ങൾക്കായി അഭിവാഞ്ഛ പുലർത്തുകയും ചെയ്യുന്നു ഇപ്പൊലിറ്റ്.
വിമർശനങ്ങളെ അത്യന്തം ഭയപ്പെട്ടിരുന്ന ദസ്തയേവ്സ്കി സ്വന്തം കാവ്യാദർശത്തെ തുറന്നു പ്രകടിപ്പിക്കുവാൻ തയ്യാറായിട്ടില്ല എന്ന് ചിലർ നിരീക്ഷിക്കുന്നു. നോവലിനെ വായനക്കാർ ഇഷ്ടപ്പെടുന്നില്ല എന്ന് ധരിച്ച അദ്ദേഹം സ്വയം വിമർശിക്കുവാനും ഒരുങ്ങി. പക്ഷേ വായനക്കാരിൽനിന്നും അന്നുമുതൽ ഇന്നുവരെ അകമഴിഞ്ഞ പ്രശംസയാണ് 'ഇഡിയറ്റ്' എന്ന നോവൽ കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. ആത്മീയമൂല്യങ്ങൾക്ക് ഭൗതികലോകത്തിൻ്റെ സമസ്യകൾക്ക് പരിഹാരം കാണാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന, എന്നെന്നും തന്നെ വേട്ടയാടിക്കൊണ്ടിരുന്ന പ്രശ്നം വായനക്കാരന് മുൻപിൽ 'ഇഡിയറ്റി'ലൂടെ അവതരിപ്പിക്കുകയായിരുന്നു ദസ്തയേവ്സ്കി.
{ആകാശവാണിയിൽ എഴുത്തുകാരൻ നടത്തിയ പ്രഭാഷണം }.
What's Your Reaction?

