തടവിലിട്ട മനസ്-ചെസ്ലാവ് മിലോഷിൻ്റെ The Captive Mind

   23-Oct-2026 : 12:36 PM   0      18

ഒരു ഭരണകൂടത്തിന് മനുഷ്യൻ്റെ ശരീരത്തെ നിയന്ത്രിക്കാൻ ജയിലുകൾ ആവശ്യമായേക്കാം. എന്നാൽ അവൻ്റെ ചിന്തയെ നിയന്ത്രിക്കാൻ അതിനേക്കാൾ സൂക്ഷ്മമായ മാർഗങ്ങളുണ്ട്. മനുഷ്യൻ സ്വയം ചിന്തിക്കുന്നത് ഉപേക്ഷിച്ച് അധികാരം നൽകുന്ന ഉത്തരങ്ങൾ സ്വീകരിക്കാൻ തുടങ്ങുമ്പോൾ യഥാർഥ അടിമത്തം സംഭവിക്കുന്നു.

പോളിഷ് കവിയും എഴുത്തുകാരനുമായ ചെസ്ലാവ് മിലോഷ് (Czesław Miłosz) എഴുതിയ The Captive Mind ഈ പ്രശ്നത്തെ ആഴത്തിൽ പരിശോധിക്കുന്ന കൃതിയാണ്. 1953-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വിമർശനം മാത്രമല്ല. അധികാരത്തോടുള്ള മനുഷ്യൻ്റെ ബന്ധം, ബൗദ്ധിക സത്യസന്ധത, ആശയപരമായ അനുസരണം, വ്യക്തിയുടെ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണമാണ്.

ഒരു ഭരണകൂടം മനുഷ്യനെ എങ്ങനെ അനുസരണയുള്ളവനാക്കുന്നു? സ്വന്തം വിശ്വാസങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും എഴുതാനും ഒരു ബുദ്ധിജീവി എങ്ങനെ തയ്യാറാകുന്നു? അധികാരത്തിൻ്റെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ മനുഷ്യന് സ്വന്തം മനസ്സിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടോ?

ഇത്തരം ചോദ്യങ്ങളാണ് മിലോഷിൻ്റെ പുസ്തകത്തിന്റെ കേന്ദ്രത്തിലുള്ളത്. അതുകൊണ്ടുതന്നെ ഈ കൃതി ഒരു പ്രത്യേക കാലഘട്ടത്തിൻ്റെയോ രാഷ്ട്രീയ വ്യവസ്ഥയുടെയോ അതിരുകളിൽ ഒതുങ്ങുന്നില്ല. ജനാധിപത്യത്തിലും മതത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സർവകലാശാലകളിലും മാധ്യമങ്ങളിലും മനുഷ്യൻ്റെ ചിന്തയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നിടത്തെല്ലാം ഇതിലെ ആശയങ്ങൾക്ക് പ്രസക്തിയുണ്ട്.

ഒരു കവിയുടെ രാഷ്ട്രീയാനുഭവം

1911-ൽ ജനിച്ച മിലോഷ് യൂറോപ്പിലെ യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ഏകാധിപത്യത്തിൻ്റെ വളർച്ചയും നേരിട്ടറിഞ്ഞ എഴുത്തുകാരനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പോളണ്ട് സോവിയറ്റ് സ്വാധീനത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിൻ്റെ ഭാഗമായി. രാഷ്ട്രീയ അധികാരം സാഹിത്യത്തെയും വിദ്യാഭ്യാസത്തെയും മാധ്യമങ്ങളെയും പൊതുജീവിതത്തെയും നിയന്ത്രിക്കാൻ ശ്രമിച്ച കാലമായിരുന്നു അത്.

മിലോഷ് പോളിഷ് നയതന്ത്രസേവനത്തിൽ പ്രവർത്തിച്ചിരുന്നു. 1951-ൽ പാശ്ചാത്യരാജ്യങ്ങളിൽ അഭയം തേടിയ അദ്ദേഹം പിന്നീട് The Captive Mind പ്രസിദ്ധീകരിച്ചു. 1980-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി. 

ഈ പശ്ചാത്തലം പുസ്തകം മനസ്സിലാക്കാൻ പ്രധാനമാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പുറത്തുനിന്ന് നിരീക്ഷിച്ച ഒരു രാഷ്ട്രീയ വിമർശകൻ്റെ രചന മാത്രമല്ല ഇത്. അതേ രാഷ്ട്രീയ ലോകത്തിൻ്റെ ഭാഗമായിരുന്ന, അതിൻ്റെ ആകർഷണവും സമ്മർദവും അനുഭവിച്ച ഒരു ബുദ്ധിജീവിയുടെ ആത്മപരിശോധന കൂടിയാണ്.

മിലോഷിൻ്റെ പ്രധാന ചോദ്യം ഇതാണ്: ഒരു ബുദ്ധിജീവി സ്വന്തം ചിന്താശേഷി നിലനിർത്തിക്കൊണ്ട് അധികാരത്തോട് എങ്ങനെ ജീവിക്കും?

ഒരു ഭരണകൂടം ഭീഷണിപ്പെടുത്തുന്നതുകൊണ്ടു മാത്രം മനുഷ്യർ അതിനെ പിന്തുണയ്ക്കുന്നില്ല. ചിലർ അതിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നു. ചിലർ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ അതിനൊപ്പം ചേരുന്നു. ചിലർ തങ്ങളുടെ തൊഴിലും സാമൂഹികപദവിയും സംരക്ഷിക്കാൻ അതിനോട് അനുസരിക്കുന്നു. മറ്റുചിലർ അതിനെ എതിർക്കാൻ കഴിയില്ലെന്നു കരുതി പതുക്കെ കീഴടങ്ങുന്നു.

ഈ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതാണ് മിലോഷിൻ്റെ രചനയുടെ സവിശേഷത.

പുസ്തകം യഥാർഥത്തിൽ പരിശോധിക്കുന്നത് എന്താണ്?

The Captive Mind ഒരു നോവലല്ല. രാഷ്ട്രീയവും മനഃശാസ്ത്രവും ചരിത്രവും സാഹിത്യവിമർശനവും കൂടിച്ചേരുന്ന ഒരു ചിന്താപരമായ കൃതിയാണ്.

സ്റ്റാലിൻ്റെ കാലത്തെ കിഴക്കൻ യൂറോപ്പിൽ ബുദ്ധിജീവികൾ എങ്ങനെ ജീവിച്ചു, അധികാരത്തിൻ്റെ പ്രതീക്ഷകൾക്കനുസരിച്ച് അവരുടെ ചിന്തയും എഴുത്തും എങ്ങനെ മാറി എന്നതാണ് ഇതിൻ്റെ പ്രധാന വിഷയം. കമ്മ്യൂണിസത്തിൻ്റെ അടിച്ചമർത്തൽ മാത്രമല്ല, അതിൻ്റെ ആശയപരമായ ആകർഷണവും മിലോഷ് പരിശോധിക്കുന്നു.
യുദ്ധം തകർത്ത സമൂഹത്തിന് ഒരു പുതിയ ലോകം ആവശ്യമായിരുന്നു. പഴയ സാമൂഹികക്രമങ്ങളോടും ചൂഷണത്തോടും അസമത്വത്തോടും പലർക്കും എതിർപ്പുണ്ടായിരുന്നു. ശാസ്ത്രീയമായ അറിവിൻ്റെ അടിസ്ഥാനത്തിൽ നീതിയുള്ള സമൂഹം നിർമിക്കാമെന്ന വാഗ്ദാനം കമ്മ്യൂണിസം മുന്നോട്ടുവച്ചു.

ഈ വാഗ്ദാനത്തിന് യഥാർഥമായ ആകർഷണമുണ്ടായിരുന്നു. എന്നാൽ ഒരു വലിയ പ്രശ്നം ഉയർന്നു. ഭാവിയിൽ നീതിയുള്ള സമൂഹം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തിൻ്റെ പേരിൽ വർത്തമാനകാലത്തെ മനുഷ്യൻ്റെ സ്വാതന്ത്ര്യം നിഷേധിക്കാമോ?

ഒരു രാഷ്ട്രീയ സിദ്ധാന്തം മാത്രമാണ് ചരിത്രത്തിൻ്റെ ശരിയായ വ്യാഖ്യാനം എന്ന് പ്രഖ്യാപിച്ചാൽ എന്തു സംഭവിക്കും? ആ സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി മുദ്രകുത്തിയാൽ എന്തു സംഭവിക്കും? അധികാരത്തിൻ്റെ തീരുമാനങ്ങളെ വിമർശിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയാൽ ബുദ്ധിജീവിയുടെ ധർമം എന്തായിരിക്കും?

ഇവയാണ് പുസ്തകത്തിൻ്റെ രാഷ്ട്രീയവും ധാർമികവുമായ അടിത്തറ.
മിലോഷിൻ്റെ കാഴ്ചപ്പാടിൽ, അധികാരം മനുഷ്യരെ നിശ്ശബ്ദരാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവർ എന്താണ് വിശ്വസിക്കേണ്ടത്, എന്താണ് എഴുതേണ്ടത്, എന്താണ് സത്യമെന്ന് പറയേണ്ടത് എന്നിവയും നിർണയിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം ഇതിനെ ആശയങ്ങളിലൂടെ നടത്തുന്ന അധികാരവാഴ്ചയായി കാണുന്നു. 

മുർത്തി-ബിങ് ക്യാപ്സ്യൂൾ   : അസ്വസ്ഥമായ ചിന്തയിൽനിന്ന് രക്ഷപ്പെടാനുള്ള വഴി

പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആശയങ്ങളിലൊന്നാണ് The Pill of Murti-Bing — മുർത്തി-ബിങ് ക്യാപ്സ്യൂൾ .

പോളിഷ് എഴുത്തുകാരനായ സ്റ്റാനിസ്ലാവ് ഇഗ്നസി വിറ്റ്കിവിച്ചിൻ്റെ ഒരു നോവലിൽനിന്നാണ് മിലോഷ് ഈ സങ്കൽപ്പം സ്വീകരിച്ചത്. മനസ്സിലെ സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കി, വ്യക്തിയെ ഒരു പുതിയ ചിന്താവ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുന്ന സാങ്കൽപ്പിക ഗുളികയാണിത്.

ഇത് യഥാർഥത്തിൽ കഴിക്കാവുന്ന ഗുളികയല്ല. മനുഷ്യൻ്റെ മനസ്സിൽ സംഭവിക്കുന്ന ഒരു മാറ്റത്തിൻ്റെ രൂപകമാണ്.

ഒരു വ്യക്തി ലോകത്തെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കുന്നു എന്നു കരുതുക. സമൂഹത്തിൽ അനീതിയുണ്ട്. അധികാരം തെറ്റുകൾ ചെയ്യുന്നു. മനുഷ്യരുടെ അനുഭവങ്ങൾ രാഷ്ട്രീയ സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നതുപോലെ ലളിതമല്ല. ഈ വൈരുധ്യങ്ങൾ അയാളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു.

പക്ഷേ, ഒരു സമഗ്രമായ സിദ്ധാന്തം അയാൾക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു. ലോകത്ത് സംഭവിക്കുന്നതെല്ലാം ആ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാമെന്ന് അയാൾ വിശ്വസിക്കുന്നു. സിദ്ധാന്തത്തിന് വിരുദ്ധമായ തെളിവുകൾ പോലും അയാൾ അതേ സിദ്ധാന്തം ഉപയോഗിച്ച് ന്യായീകരിക്കുന്നു.ക്രമേണ, അയാൾക്ക് സംശയങ്ങൾ കുറയുന്നു. എന്നാൽ അത് സത്യത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടാണോ? അതോ സംശയിക്കാനുള്ള സ്വാതന്ത്ര്യം ഉപേക്ഷിച്ചതുകൊണ്ടാണോ?

ഇതാണ് മുർത്തി-ബിങ് കാപ്സ്യൂളിൻ്റെ   പ്രസക്തി.

മനുഷ്യർക്ക് ഉറപ്പുകൾ ആവശ്യമാണ്. ജീവിതത്തിലെ അനിശ്ചിതത്വം അസ്വസ്ഥത സൃഷ്ടിക്കുന്നു. സങ്കീർണമായ ലോകത്തെ ലളിതമായി വിശദീകരിക്കുന്ന ആശയങ്ങൾ ആശ്വാസം നൽകുന്നു. എന്നാൽ ആ ആശയങ്ങൾ ചോദ്യം ചെയ്യാനാവാത്ത സത്യങ്ങളായി മാറുമ്പോൾ ചിന്തയുടെ സ്വാതന്ത്ര്യം അപകടത്തിലാകുന്നു.ഇത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനത്തിൽ മാത്രം ഒതുങ്ങുന്നില്ല. മതപരമായ വിശ്വാസങ്ങൾ, ദേശീയത, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, നേതാക്കളോടുള്ള അന്ധമായ ആരാധന എന്നിവയിലും സമാനമായ മാനസിക പ്രക്രിയകൾ സംഭവിക്കാം. ഒരു ആശയത്തോടുള്ള പ്രതിബദ്ധത തെറ്റല്ല. ആ ആശയത്തിന്റെ പേരിൽ യാഥാർഥ്യത്തെ നിഷേധിക്കുകയും എല്ലാ വിമർശനങ്ങളെയും ശത്രുതയായി കാണുകയും ചെയ്യുന്നതാണ് പ്രശ്നം.

കെറ്റ്മാൻ: ഉള്ളിൽ സംശയം, പുറത്ത് അനുസരണം

മിലോഷിൻ്റെ ഏറ്റവും ശക്തമായ ആശയങ്ങളിലൊന്നാണ് Ketman — കെറ്റ്മാൻ.

മറ്റുള്ളവരുടെ മുന്നിൽ ഒരു വിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ അതിനോട് വിയോജിപ്പ് സൂക്ഷിക്കുന്ന അവസ്ഥയെയാണ് ഈ ആശയം വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിക്കുന്നത്. സത്യം തുറന്നുപറയുന്നത് അപകടകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ വ്യക്തി തൻ്റെ യഥാർഥ ചിന്ത മറച്ചുവയ്ക്കുന്നു. 


ഒരു എഴുത്തുകാരന് ഭരണകൂടത്തിൻ്റെ നയങ്ങളോട് വിയോജിപ്പുണ്ടെന്ന് കരുതുക. എന്നാൽ അയാൾക്ക് ജോലി നഷ്ടപ്പെടാം. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയാതാകാം. സുഹൃത്തുക്കൾക്കും കുടുംബത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതിനാൽ പൊതുവേദിയിൽ അയാൾ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു. സ്വകാര്യ സംഭാഷണങ്ങളിൽ മാത്രം യഥാർഥ അഭിപ്രായം പറയുന്നു.

തുടക്കത്തിൽ ഇത് സ്വയംരക്ഷയുടെ മാർഗമായിരിക്കാം. പക്ഷേ, ഈ ഇരട്ടജീവിതത്തിന് ഒരു വിലയുണ്ട്. അയാൾ എഴുതുന്ന ഓരോ വാചകവും യഥാർഥ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല. പൊതുവേദിയിൽ പറയുന്ന വാക്കുകളും സ്വകാര്യമായി ചിന്തിക്കുന്ന കാര്യങ്ങളും തമ്മിൽ അകലം വളരുന്നു. ഒടുവിൽ, സ്വന്തം ചിന്തകൾ എത്രത്തോളം സത്യസന്ധമാണെന്ന് അയാൾക്കുതന്നെ സംശയം തോന്നാം.ഇവിടെ ഒരു പ്രധാന വ്യത്യാസം തിരിച്ചറിയണം. ഭീഷണിക്കു മുന്നിൽ മൗനം പാലിക്കുന്ന ഒരാളെ അധികാരത്തെ സ്വതന്ത്രമായി പിന്തുണയ്ക്കുന്ന വ്യക്തിയുമായി തുലനം ചെയ്യാനാവില്ല. അടിച്ചമർത്തലിൽ ജീവിക്കുന്ന മനുഷ്യർക്ക് സ്വയംരക്ഷയുടെ അവകാശമുണ്ട്. അവരുടെ മൗനത്തെ മാത്രം അടിസ്ഥാനമാക്കി അവരെ കുറ്റപ്പെടുത്തുന്നത് നീതിയല്ല.

മിലോഷിൻ്റെ ആശയം നമ്മെ ചിന്തിപ്പിക്കുന്നത് അതിനപ്പുറമാണ്. നിർബന്ധിതമായ അനുസരണം ദീർഘകാലം തുടരുമ്പോൾ അത് വ്യക്തിയുടെ ചിന്തയെയും സ്വഭാവത്തെയും എങ്ങനെ മാറ്റുന്നു? സ്വന്തം വിശ്വാസം മറച്ചുവയ്ക്കുന്നത് ക്രമേണ ഒരു ശീലമാകുമോ? അധികാരം മാറിയാലും ആ ശീലം തുടരുമോ? ഇതാണ് കെറ്റ്മാൻ എന്ന ആശയത്തിന്റെ ദീർഘകാല സാമൂഹിക പ്രസക്തി.


ബുദ്ധിജീവിയുടെ ധാർമിക പ്രതിസന്ധി
പുസ്തകത്തിൻ്റെ പ്രധാന ഭാഗങ്ങളിലൊന്ന് സ്റ്റാലിനിസ്റ്റ് ഭരണക്രമവുമായി പലവിധത്തിൽ ഒത്തുപോയ നാല് പോളിഷ് എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ചുള്ള വിശകലനമാണ്. മിലോഷ് അവരെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ പേരുകളിൽ അവതരിപ്പിക്കുന്നു. അവരുടെ രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകൾക്ക് പിന്നിലെ മാനസികവും സാമൂഹികവുമായ കാരണങ്ങളാണ് അദ്ദേഹം പരിശോധിക്കുന്നത്. 

ഇവിടെ മിലോഷ് ഉയർത്തുന്ന ചോദ്യം ലളിതമാണ്: ഒരു എഴുത്തുകാരൻ അധികാരത്തെ പിന്തുണയ്ക്കുമ്പോൾ അതിനു പിന്നിൽ എന്താണ്? അയാൾക്ക് ആശയപരമായ വിശ്വാസമുണ്ടാകാം. ചരിത്രം ഒരു പ്രത്യേക ദിശയിലേക്കാണ് നീങ്ങുന്നതെന്ന് അയാൾ കരുതിയേക്കാം. പുതിയ ഭരണക്രമത്തെ എതിർക്കുന്നത് വ്യർഥമാണെന്ന് തോന്നിയേക്കാം. അധികാരത്തോടൊപ്പം നിന്നാൽ തൻ്റെ കൃതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് അയാൾ വിചാരിച്ചേക്കാം.

ഇതിൽ വ്യക്തിപരമായ നേട്ടങ്ങളും തൊഴിൽസുരക്ഷയും സാമൂഹിക അംഗീകാരവും ഇടപെടാം. ചിലപ്പോൾ ഭയവും പ്രതീക്ഷയും ഒരേസമയം പ്രവർത്തിക്കും. ഒരു എഴുത്തുകാരൻ തൻ്റെ സൃഷ്ടിപരമായ കഴിവുകൾ അധികാരത്തിൻ്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങുമ്പോൾ വലിയൊരു ധാർമിക പ്രശ്നം ഉയരുന്നു. അയാളുടെ പ്രതിഭ ഇല്ലാതാകുന്നില്ല. മറിച്ച്, അതേ പ്രതിഭ അധികാരത്തിൻ്റെ ഭാഷയെ കൂടുതൽ ആകർഷകമാക്കാൻ ഉപയോഗിക്കപ്പെടുന്നു.

ഇതാണ് ബുദ്ധിജീവിയുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള മിലോഷിൻ്റെ പ്രധാന മുന്നറിയിപ്പ്.

ബുദ്ധിജീവി എന്നതുകൊണ്ട് ഒരാൾക്ക് എല്ലായ്പ്പോഴും ശരിയായ രാഷ്ട്രീയ നിലപാടുണ്ടാകുമെന്ന് ഉറപ്പില്ല. വലിയ അറിവുള്ളവർക്കും സ്വന്തം താൽപര്യങ്ങളെ ന്യായീകരിക്കാൻ കഴിയും. മികച്ച എഴുത്തുകാർക്കും അധികാരത്തിൻ്റെ പ്രചാരണത്തിൽ പങ്കാളികളാകാം.

അതിനാൽ ബുദ്ധിജീവിയുടെ മൂല്യം അയാളുടെ പാണ്ഡിത്യത്തിൽ മാത്രം അളക്കാനാവില്ല. അധികാരത്തെ ചോദ്യം ചെയ്യാനുള്ള സന്നദ്ധതയും സ്വന്തം വിശ്വാസങ്ങളെ വിമർശനാത്മകമായി പരിശോധിക്കാനുള്ള കഴിവും അതിൽ ഉൾപ്പെടണം.


രാഷ്ട്രീയത്തിന്റെ ഭാഷ:                                                                                                                                                                                                 വാക്കുകൾ എങ്ങനെ അധികാരത്തിന്റെ ഉപകരണങ്ങളാകുന്നു?ഒരു ഭരണകൂടം മനുഷ്യരുടെ ചിന്തയെ നിയന്ത്രിക്കുന്നത് നിയമങ്ങളിലൂടെയും ശിക്ഷകളിലൂടെയും മാത്രമല്ല. ഭാഷയിലൂടെയും അത് സാധ്യമാക്കാം.

ഒരു രാഷ്ട്രീയ വ്യവസ്ഥയിൽ ചില വാക്കുകൾക്ക് പ്രത്യേക അർഥം നൽകുന്നു. ഭരണകൂടത്തെ പിന്തുണയ്ക്കുന്നത് പുരോഗമനപരമായ നിലപാടായി അവതരിപ്പിക്കുന്നു. അതിനെ വിമർശിക്കുന്നത് പിന്നാക്കചിന്തയായി ചിത്രീകരിക്കുന്നു. അധികാരത്തെ അനുകൂലിക്കുന്നവരെ ദേശസ്നേഹികളായും വിമർശകരെ ശത്രുക്കളായും വിശേഷിപ്പിക്കുന്നു.

ഇങ്ങനെ സംഭവിക്കുമ്പോൾ രാഷ്ട്രീയ ചർച്ചയുടെ സ്വഭാവം മാറുന്നു. ഒരു നിലപാട് ശരിയാണോ തെറ്റാണോ എന്നതിനു പകരം, അത് ആരുടെ നിലപാടാണ് എന്നതാകും പ്രധാന ചോദ്യം.മിലോഷിൻ്റെ കൃതിയിലെ രാഷ്ട്രീയഭാഷയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഈ പ്രശ്നം മനസ്സിലാക്കാൻ സഹായിക്കുന്നു. ആശയപരമായ നിയന്ത്രണം മനുഷ്യർക്ക് എന്തു ചിന്തിക്കാമെന്നതിൽ മാത്രമല്ല ഇടപെടുന്നത്. അവർക്ക് എന്തു പറയാൻ കഴിയുമെന്നതിലും ഇടപെടുന്നു. ഇതിന് ജനാധിപത്യസമൂഹത്തിലും വലിയ പ്രാധാന്യമുണ്ട്.

ഒരു സർക്കാർ തെറ്റായ തീരുമാനമെടുത്താൽ അതിനെ വിമർശിക്കുന്നത് സർക്കാരിൻ്റെ ശത്രുവാകുന്നതല്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്ന വ്യക്തി അതിൻ്റെ എല്ലാ തീരുമാനങ്ങളെയും അംഗീകരിക്കണമെന്നുമില്ല. സ്വന്തം രാഷ്ട്രീയപക്ഷത്തിൻ്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത സാഹചര്യം ജനാധിപത്യത്തിൻ്റെ ആരോഗ്യത്തെ ബാധിക്കും.

വിമർശനത്തെ വ്യക്തിവിരോധമായി ചിത്രീകരിക്കുകയും വിയോജിപ്പിനെ വിശ്വാസവഞ്ചനയായി കാണുകയും ചെയ്യുന്നിടത്ത് സ്വതന്ത്രമായ രാഷ്ട്രീയസംവാദം ദുർബലമാകുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ രാഷ്ട്രീയ പ്രചാരണവും എല്ലാ പൊതുസന്ദേശവും ചിന്തയുടെ അടിമത്തമല്ല. രാഷ്ട്രീയ ആശയങ്ങൾ അവതരിപ്പിക്കുന്നതും അവയ്ക്കുവേണ്ടി വാദിക്കുന്നതും ജനാധിപത്യത്തിൻ്റെ ഭാഗമാണ്. എന്നാൽ ഒരു ആശയത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കുമ്പോഴാണ് അത് അപകടകരമാകുന്നത്.


സാമൂഹിക പ്രാധാന്യം: ഭയത്തിൻ്റെ സംസ്കാരം                                                                                                                                                        രാഷ്ട്രീയ അടിച്ചമർത്തലിൻ്റെ ആഘാതം വ്യക്തിയിൽ മാത്രം ഒതുങ്ങുന്നില്ല. അത് സമൂഹത്തിൻ്റെ പെരുമാറ്റത്തെയും മാറ്റുന്നു.ഒരു സമൂഹത്തിൽ അധികാരത്തെ വിമർശിച്ചാൽ ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്ന് കരുതുക. വിമർശനത്തിൻ്റെ  പേരിൽ സാമൂഹികമായ ഒറ്റപ്പെടുത്തൽ നേരിടേണ്ടിവരുമെന്ന ആശങ്കയും നിലനിൽക്കുന്നു. അപ്പോൾ പലരും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാതിരിക്കാൻ പഠിക്കും. ക്രമേണ, യഥാർഥ വിയോജിപ്പുകൾ പൊതുചർച്ചയിൽനിന്ന് അപ്രത്യക്ഷമാകാം. എല്ലാവരും ഒരേ അഭിപ്രായം പങ്കിടുന്നതായി തോന്നും. എന്നാൽ ആ ഏകാഭിപ്രായം യഥാർഥമാണോ എന്നറിയാൻ കഴിയില്ല.

ഇത് ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. ആളുകൾ പരസ്യമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും സ്വകാര്യമായി വിശ്വസിക്കുന്ന കാര്യങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ടാകാം.അത്തരം സാഹചര്യത്തിൽ അധികാരത്തിന് സ്വന്തം ജനപിന്തുണയെക്കുറിച്ച് തെറ്റായ ധാരണ ലഭിക്കാം. ജനങ്ങൾക്കും മറ്റുള്ളവരുടെ യഥാർഥ അഭിപ്രായം തിരിച്ചറിയാൻ കഴിയാതെ വരാം. എല്ലാവരും അനുസരിക്കുന്നതായി തോന്നുന്നതിനാൽ അനുസരണം കൂടുതൽ ശക്തമാകുകയും ചെയ്യും.

 2026 ലെ കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ LDF നും CPM നും സംഭവച്ചത് എന്താണ് എന്ന് മനസിലാക്കാൻ ഈ വീക്ഷണത്തിന് കഴിയും. അത്രയേറെ ഉറപ്പുമായിട്ടാണ് തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വരെ ഭരണകക്ഷിക്കാർ ജീവിച്ചത്. അവരോടു സത്യം പറയാൻ ഭയമുള്ളവർ അവരെ പറഞ്ഞു പറ്റിച്ചതാണ്.

കെറ്റ്മാൻ എന്ന ആശയം ഈ സാമൂഹിക പ്രതിഭാസം മനസ്സിലാക്കാൻ സഹായിക്കുന്നു. അത് വ്യക്തിയുടെ ഇരട്ടജീവിതത്തെക്കുറിച്ചുള്ള ആശയം മാത്രമല്ല. പരസ്പരവിശ്വാസം തകരുന്ന ഒരു സമൂഹത്തിൻ്റെ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയാണ്.

ഇവിടെനിന്ന് ഒരു പ്രധാന നിഗമനത്തിലെത്താം: ഭയം മനുഷ്യരെ മിണ്ടാതാക്കുന്നു; ദീർഘകാലത്തെ മൗനം സമൂഹത്തിന് സ്വന്തം സത്യത്തെ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുത്താം. അതുകൊണ്ടാണ് അഭിപ്രായസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ അവകാശം മാത്രമല്ലാത്തത്. സമൂഹത്തിന് സ്വയം തിരുത്താനുള്ള ശേഷി നിലനിർത്താനും അത് ആവശ്യമാണ്.


വിദ്യാഭ്യാസവും സർവകലാശാലകളും: അറിവിൻ്റെ സ്വാതന്ത്ര്യം                                                                                                               മിലോഷിൻ്റെ ചിന്തകൾ വിദ്യാഭ്യാസമേഖലയ്ക്കും പ്രസക്തമാണ്. ഒരു സർവകലാശാലയുടെ പ്രധാന ലക്ഷ്യം അറിവ് പകർന്നുനൽകുക മാത്രമല്ല. നിലവിലുള്ള അറിവുകളെയും വിശ്വാസങ്ങളെയും അധികാരഘടനകളെയും വിമർശനാത്മകമായി പരിശോധിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക കൂടിയാണ്. അധ്യാപകൻ പറയുന്നതിനെ ചോദ്യം ചെയ്യാൻ കഴിയാത്ത ക്ലാസ് മുറിയിൽ പഠനം അപൂർണമാകുന്നു. ഒരു രാഷ്ട്രീയ സിദ്ധാന്തത്തെ വിമർശിക്കാൻ കഴിയാത്ത വിദ്യാഭ്യാസക്രമത്തിൽ ഗവേഷണത്തിൻ്റെ സ്വാതന്ത്ര്യം ദുർബലമാകുന്നു. ഭരണകൂടത്തിൻ്റെ നിലപാടുകൾക്ക് അനുകൂലമായ നിഗമനങ്ങൾ മാത്രം അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിൽ അറിവ് അധികാരത്തിൻ്റെ ഉപകരണമായി മാറാം.

ഇതിൻ്റെ മറുവശവും പ്രധാനമാണ്. എല്ലാ വിമർശനവും സ്വതന്ത്രചിന്തയല്ല. തെളിവുകൾ പരിശോധിക്കാതെ എതിർക്കുന്നതും മുൻവിധികളെ അറിവായി അവതരിപ്പിക്കുന്നതും വിമർശനാത്മക ചിന്തയല്ല.

യഥാർഥ ബൗദ്ധിക സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസങ്ങളെയും എതിർപക്ഷത്തിൻ്റെ വാദങ്ങളെയും ഒരുപോലെ പരിശോധിക്കാനുള്ള കഴിവാണ്. തെളിവുകൾ പുതിയ നിഗമനങ്ങളിലേക്ക് നയിക്കുമ്പോൾ നിലപാട് തിരുത്താനുള്ള സന്നദ്ധതയും അതിൻ്റെ ഭാഗമാണ്.

ഈ അർഥത്തിൽ The Captive Mind അധ്യാപകരോടും വിദ്യാർഥികളോടും ഗവേഷകരോടും ഒരു പ്രധാന ചോദ്യം ഉന്നയിക്കുന്നു: നമ്മൾ അറിവ് നേടുകയാണോ, അതോ നേരത്തേ അംഗീകരിച്ച വിശ്വാസങ്ങളെ ന്യായീകരിക്കാനുള്ള വാദങ്ങൾ ശേഖരിക്കുകയാണോ?                           
ഇന്നത്തെ ഇന്ത്യയിലും കേരളത്തിലും ഈ കൃതിയുടെ പ്രസക്തി
മിലോഷ് എഴുതിയത് സ്റ്റാലിനിസ്റ്റ് കിഴക്കൻ യൂറോപ്പിനെക്കുറിച്ചാണ്. അതിനാൽ അദ്ദേഹത്തിൻ്റെ ചരിത്രപരമായ സാഹചര്യത്തെ ഇന്നത്തെ ഇന്ത്യയുമായോ കേരളവുമായോ നേരിട്ട് തുലനം ചെയ്യുന്നത് ശരിയല്ല. വ്യത്യസ്ത രാഷ്ട്രീയ വ്യവസ്ഥകൾക്കും കാലഘട്ടങ്ങൾക്കും വ്യത്യസ്തമായ ചരിത്രസാഹചര്യങ്ങളുണ്ട്. എന്നാൽ അദ്ദേഹം പരിശോധിച്ച മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ ഇന്നും പഠനയോഗ്യമാണ്.

രാഷ്ട്രീയപക്ഷത്തോടുള്ള അന്ധമായ വിധേയത്വം
ഒരു പാർട്ടിയെ പിന്തുണയ്ക്കുന്ന വ്യക്തി അതിൻ്റെ എല്ലാ തീരുമാനങ്ങളെയും ശരിയാണെന്ന് കരുതുമ്പോൾ വിമർശനാത്മക ചിന്ത ദുർബലമാകുന്നു. പാർട്ടിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ രാഷ്ട്രീയ ശത്രുക്കളായി മാത്രം കാണുന്ന സമീപനം ഇതിൻ്റെ ഭാഗമാണ്. ജനാധിപത്യത്തിൽ രാഷ്ട്രീയപക്ഷത്തോടുള്ള പ്രതിബദ്ധതയ്ക്കും സ്വതന്ത്രമായ വിധിനിർണയത്തിനും ഒരുപോലെ ഇടമുണ്ടാകണം.                                                                                                                                                                                                                                               
നേതാക്കളോടുള്ള ആരാധന
ഒരു നേതാവിൻ്റെ സംഭാവനകളെ അംഗീകരിക്കുന്നതും അദ്ദേഹത്തെ തെറ്റുകൾക്കതീതനായി കാണുന്നതും രണ്ടാണ്. നേതാവിൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വ്യക്തിപൂജ രാഷ്ട്രീയചിന്തയെ ബാധിക്കുന്നു.നേതാവിൻ്റെ ഉദ്ദേശ്യം നല്ലതാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് അദ്ദേഹത്തിൻ്റെ എല്ലാ തീരുമാനങ്ങളും ശരിയാകുന്നില്ല. ഉദ്ദേശ്യത്തോടൊപ്പം ഫലങ്ങളും പരിശോധിക്കണം. 

                                                                                                                                                                          
സാമൂഹിക ഒറ്റപ്പെടുത്തലും പൊതുജനാഭിപ്രായവും
വിയോജിക്കുന്നവരെ പരിഹസിക്കുക, അവരുടെ ഉദ്ദേശ്യങ്ങളെ സംശയിക്കുക, അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുക എന്നിവ സ്വതന്ത്രമായ ചർച്ചയെ ബാധിക്കും. ഇത് സർക്കാർ സംവിധാനങ്ങളിൽ മാത്രമല്ല സംഭവിക്കുന്നത്. രാഷ്ട്രീയ പാർട്ടികളിലും മതസംഘടനകളിലും സാമൂഹിക കൂട്ടായ്മകളിലും തൊഴിൽസ്ഥലങ്ങളിലും ഇത്തരം സമ്മർദങ്ങൾ ഉണ്ടാകാം.                                                           
മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും
ഇന്ന് വിവരങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നു എന്നതുകൊണ്ട് മാത്രം മനുഷ്യർ കൂടുതൽ സ്വതന്ത്രമായി ചിന്തിക്കുന്നു എന്നു പറയാനാവില്ല. സ്വന്തം വിശ്വാസത്തെ പിന്തുണയ്ക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുകയും എതിർക്കുന്ന തെളിവുകൾ അവഗണിക്കുകയും ചെയ്യുന്ന ശീലം വളരാം. ഒരു രാഷ്ട്രീയവിഭാഗത്തെക്കുറിച്ചുള്ള വിമർശനം മുഴുവൻ വ്യാജമാണെന്നും സ്വന്തം വിഭാഗത്തെക്കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം ഗൂഢാലോചനയാണെന്നും കരുതുന്ന സാഹചര്യം ഉണ്ടാകാം.                                                                                                                                                                                                                          ഇത് മുർത്തി-ബിങ് കാപ്സ്യൂളിൻ്റെ  ആശയത്തെ ഓർമിപ്പിക്കുന്നു. അസ്വസ്ഥമാക്കുന്ന സത്യങ്ങളെ പരിശോധിക്കുന്നതിനുപകരം അവയെ ഒഴിവാക്കാൻ സഹായിക്കുന്ന ചിന്താവ്യവസ്ഥകളിലേക്ക് മനുഷ്യർ ആകർഷിക്കപ്പെടാം.

എന്നാൽ ഇതെല്ലാം ഒരേ തരത്തിലുള്ള രാഷ്ട്രീയ അടിച്ചമർത്തലാണെന്ന് പറയാനാവില്ല. നിർബന്ധം, സാമൂഹിക സമ്മർദം, തെറ്റായ വിവരം, വ്യക്തിപരമായ പക്ഷപാതം എന്നിവ തമ്മിൽ വ്യത്യാസമുണ്ട്. അവയെ തിരിച്ചറിയുന്നതും വിശകലനത്തിന്റെ ഭാഗമാണ്.                   
 കൃതിയെ വിമർശനാത്മകമായി വായിക്കേണ്ടതെന്തിന്?
The Captive Mind വളരെ ശക്തമായ ഒരു രാഷ്ട്രീയ വിമർശനമാണ്. എന്നാൽ അതിനെ വിമർശനാതീതമായ ഒരു സത്യഗ്രന്ഥമായി കാണേണ്ടതില്ല. ഒന്നാമതായി, മിലോഷിൻ്റെ വിശകലനം ഒരു പ്രത്യേക ചരിത്രസാഹചര്യത്തിലാണ് രൂപപ്പെട്ടത്. സ്റ്റാലിനിസ്റ്റ് കിഴക്കൻ യൂറോപ്പിലെ അനുഭവങ്ങൾ അതിൻ്റെ കേന്ദ്രത്തിലാണ്. അതിനാൽ എല്ലാ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ഒരേ രീതിയിൽ വിശദീകരിക്കാൻ ഈ കൃതി മാത്രം മതിയാകില്ല.

രണ്ടാമതായി, രാഷ്ട്രീയമായി ഒത്തുപോകുന്നവരുടെ പ്രേരണകൾ ഒരുപോലെയല്ല. ഒരാൾ വിശ്വാസത്തിൻ്റെ പേരിൽ ഒരു പ്രസ്ഥാനത്തെ പിന്തുണയ്ക്കാം. മറ്റൊരാൾ ഭയത്താൽ അനുസരിക്കാം. മൂന്നാമത്തെയാൾ സാമൂഹികനീതിക്കായുള്ള യഥാർഥ പ്രതീക്ഷയോടെ അതിനൊപ്പം ചേരാം. ഈ വ്യത്യാസങ്ങൾ തിരിച്ചറിയാതെ എല്ലാവരെയും ഒരേ ധാർമിക കുറ്റത്തിൽ ഉൾപ്പെടുത്തുന്നത് നീതിയല്ല.

മൂന്നാമതായി, മിലോഷിൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് പിൽക്കാലത്ത് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. കിഴക്കൻ യൂറോപ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചില അവതരണങ്ങൾ പാശ്ചാത്യ കാഴ്ചപ്പാടുകളുടെ സ്വാധീനത്തിൽ രൂപപ്പെട്ടതാണെന്നും അവിടത്തെ ജനങ്ങളുടെ അനുഭവങ്ങളെ ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുക്കുന്നുവെന്നും ചില പണ്ഡിതർ വാദിച്ചിട്ടുണ്ട്. 

ഈ വിമർശനങ്ങൾ പുസ്തകത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നില്ല. മറിച്ച്, അതിനെയും വിമർശനാത്മകമായി വായിക്കേണ്ടതിൻ്റെ ആവശ്യകത ഓർമിപ്പിക്കുന്നു.

മിലോഷിൻ്റെ പ്രധാന മുന്നറിയിപ്പ് അധികാരത്തിൻ്റെ സ്വാധീനത്തിൽ മനുഷ്യൻ്റെ ചിന്ത എങ്ങനെ മാറുന്നു എന്നതാണ്. ആ മുന്നറിയിപ്പ് സ്വീകരിക്കുന്നതിൻ്റെ പേരിൽ മിലോഷിൻ്റെ സ്വന്തം നിഗമനങ്ങളെ ചോദ്യം ചെയ്യാതിരിക്കുന്നത് അദ്ദേഹത്തിൻ്റെ ചിന്തയുടെ ആത്മാവിനുതന്നെ വിരുദ്ധമായിരിക്കും.                                                                                                                                                                                                 
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: നാം സ്വയം ചിന്തിക്കുന്നുണ്ടോ?
ഈ പുസ്തകത്തിൻ്റെ പ്രാധാന്യം ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ പരാജയങ്ങൾ രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യൻ സ്വന്തം മനസ്സിൻ്റെ സ്വാതന്ത്ര്യം എങ്ങനെ നഷ്ടപ്പെടുത്തുന്നു എന്ന ചോദ്യത്തിലേക്കാണ് അത് നമ്മെ നയിക്കുന്നത്.

നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട് വിശ്വസിക്കുന്നു? അവയ്ക്ക് തെളിവുകളുണ്ടോ? നമ്മുടെ രാഷ്ട്രീയപക്ഷം തെറ്റുമ്പോൾ അത് അംഗീകരിക്കാൻ കഴിയുമോ? നമ്മൾ ബഹുമാനിക്കുന്ന നേതാവിനെ വിമർശിക്കാൻ കഴിയുമോ? സ്വന്തം വിശ്വാസത്തിന് വിരുദ്ധമായ ഒരു വാദം കേൾക്കുമ്പോൾ അതിനെ മനസ്സിലാക്കാൻ ശ്രമിക്കുമോ? ഇവ സാധാരണ ചോദ്യങ്ങളല്ല. സ്വതന്ത്രമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്.

മനുഷ്യൻ സ്വതന്ത്രനാകുന്നത് സ്വന്തം ഇഷ്ടപ്രകാരം എന്തും പറയാൻ കഴിയുന്നതുകൊണ്ടു മാത്രം അല്ല. സ്വന്തം വിശ്വാസങ്ങളെ പരിശോധിക്കാനും തെറ്റുകൾ തിരിച്ചറിയാനും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിലപാടുകൾ തിരുത്താനും കഴിയുമ്പോഴാണ് ചിന്തയുടെ സ്വാതന്ത്ര്യം അർഥവത്താകുന്നത്. അതുകൊണ്ട് The Captive Mind വായിക്കേണ്ടത് മറ്റുള്ളവരുടെ അടിമത്തം തിരിച്ചറിയാൻ മാത്രമല്ല. നമ്മുടെ സ്വന്തം ചിന്തകളിലും അത്തരം അടിമത്തത്തിൻ്റെ അടയാളങ്ങളുണ്ടോ എന്ന് പരിശോധിക്കാനുമാണ്.

 അധികാരത്തിൻ്റെ വിജയം എവിടെയാണ്?
ചെസ്ലാവ് മിലോഷിൻ്റെ The Captive Mind നമ്മെ അസ്വസ്ഥരാക്കുന്ന ഒരു സത്യത്തിലേക്ക് നയിക്കുന്നു. അധികാരത്തിൻ്റെ വിജയം മനുഷ്യരെ നിശ്ശബ്ദരാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവർ എന്തു ചിന്തിക്കണം, എന്തു വിശ്വസിക്കണം, എന്തിനെ സത്യമായി അംഗീകരിക്കണം എന്നിവ അധികാരം നിർണയിക്കാൻ തുടങ്ങുമ്പോഴാണ് അതിൻ്റെ സ്വാധീനം കൂടുതൽ ആഴത്തിലാകുന്നത്.

എന്നാൽ മനുഷ്യൻ്റെ മനസ്സ് ഒരിക്കലും പൂർണമായി അടച്ചുപൂട്ടാനാവില്ലെന്ന പ്രതീക്ഷയും ഈ ചർച്ചയിലുണ്ട്. ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം വിശ്വാസങ്ങളെ പരിശോധിക്കാനും അധികാരത്തിൻ്റെ അവകാശവാദങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനും മനുഷ്യർക്ക് കഴിയും. അതിന് സ്വതന്ത്രമായ വിദ്യാഭ്യാസവും തുറന്ന സംവാദവും വിമർശനത്തെ അംഗീകരിക്കുന്ന രാഷ്ട്രീയസംസ്കാരവും ആവശ്യമാണ്. അതോടൊപ്പം വ്യക്തിയുടെ ധാർമികമായ ഉത്തരവാദിത്തവും വേണം.

ഒരു വ്യക്തി സ്വന്തം രാഷ്ട്രീയപക്ഷത്തോട് വിയോജിക്കുമ്പോൾ, സ്വന്തം മതസമൂഹത്തിലെ അനീതിയെ ചൂണ്ടിക്കാണിക്കുമ്പോൾ, താൻ ബഹുമാനിക്കുന്ന നേതാവിൻ്റെ തെറ്റ് അംഗീകരിക്കുമ്പോൾ, അയാൾ വെറുമൊരു അഭിപ്രായം പ്രകടിപ്പിക്കുകയല്ല ചെയ്യുന്നത്. സ്വന്തം ചിന്തയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ്.

                                                                                              ചെസ്ലാവ് മിലോഷ് (Czesław Miłosz)

മിലോഷിൻ്റെ കൃതിയിൽനിന്ന് നമുക്ക് ഉൾക്കൊള്ളാവുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്:

ഒരു ആശയത്തോടുള്ള വിശ്വാസം മനുഷ്യനെ സ്വതന്ത്രനാക്കാം. എന്നാൽ ആ ആശയത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ഉപേക്ഷിക്കുമ്പോൾ അതേ വിശ്വാസം അവനെ തടവിലാക്കുകയും ചെയ്യാം. സ്വന്തം വിശ്വാസങ്ങളെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ധൈര്യം നഷ്ടപ്പെടുമ്പോഴാണ് മനസ്സ് അടിമത്തത്തിലേക്ക് നീങ്ങുന്നത്. ആ അടിമത്തത്തെ തിരിച്ചറിയുകയും അതിനെതിരെ ചിന്തിക്കുകയും ചെയ്യുക എന്നത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണ്.

The Captive Mind ഇന്നും വായിക്കപ്പെടേണ്ടത് അതുകൊണ്ടാണ്.

What's Your Reaction?