ബുദ്ധ മാർഗത്തിന്റെ സഞ്ചാരപഥങ്ങൾ
ഭാരതത്തിൽ ബുദ്ധൻ ലോപിച്ചു ബുദ്ധമതമായി എന്ന് പറയുന്നതാവും ഉചിതം. വാക്യാർത്ഥം കൊണ്ടും ആളെണ്ണം കൊണ്ടും സംഗതി വികസനം ആണെങ്കിലും ആശയം കൊണ്ട് ലോപം തന്നെ ആയിരുന്നു എന്ന് വ്യക്തം!!
അക്കാലത്ത് ഗൗതമബുദ്ധന്റെ പാതയിലേക്ക് ആളുകൾ ധാരാളമായി കടന്നുചെന്നുകൊണ്ടിരുന്നു എന്ന് നമുക്കറിയാം. അങ്ങനെയൊരു പാത തിരഞ്ഞെടുക്കാൻ ആളുകൾക്ക് അവരുടേതായ കാരണങ്ങളും ഉണ്ടായിരുന്നു. അവ നമുക്കൊന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാരണമാണ് സമൂഹത്തിൽ ലഭിക്കാവുന്ന മാന്യത അഥവാ അന്തസ്സ് (social status). സംഘത്തിൽ ഉന്നതകുലജാതരായ ക്ഷത്രിയർ ഉള്ളതിനാലും പൂർവാശ്രമത്തിൽ ബുദ്ധൻ സ്വയമേവ ശാക്യകുലത്തിന്റെ യുവരാജാവ് ആയിരുന്നു എന്നതിനാലും സമീപരാജ്യങ്ങളിലും മഗധ പോലെയുള്ള മഹാജനപഥങ്ങളിലും ബുദ്ധഭിക്ഷുക്കൾക്ക് ലഭിച്ച സ്വീകാര്യത വളരെ വിപുലമായിരുന്നു.
ജാതിവിവേചനവും തൊട്ടുകൂടായ്മയും പുലർത്താതിരുന്ന ശാക്യമുനിയുടെ അനുയായികളാകാൻ ആഗ്രഹിച്ചവരിൽ കൂടുതലും അന്നത്തെ സമൂഹത്തിൽ തഴയപ്പെട്ട ജനതയായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിൽ നിന്ന് വരുന്ന സാധാരണജനങ്ങളെ സംബന്ധിച്ച് നല്ല നിലയിൽ ജീവിക്കാനുള്ള ആഗ്രഹമല്ലാതെ തീവ്രമായ ആത്മചോദന ഉണ്ടാകുക വിരളമാണ്.
അടുത്ത കാരണമായി കാണാവുന്നത് അക്കാലത്തെ യുവത്വത്തെ ആണ്. ഒരു കാലത്തു ഹിപ്പിസംസ്കാരം സ്വീകരിച്ച യുവാക്കളെ പോലെ, ഇന്ന് യോഗയ്ക്ക് പിന്നിലെ ഗഹനമായ വസ്തുതകൾ അറിയാതെ അതിനു പിന്നാലെ പോകുന്നവരെപോലെ, ആ കാലഘട്ടത്തിലും സമാജത്തിന്റെ ഗതിവിഗതികൾ (trends) അനുസരിച്ചു നീങ്ങുന്ന, നവീനമായ എന്തും ഒന്ന് പരീക്ഷിച്ചുനോക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളും ഉണ്ടായിരിക്കാതെ തരമില്ല.
യുവാക്കൾ എന്നും ട്രെൻഡിനൊപ്പം സഞ്ചരിക്കുന്നവരാണ്.. അങ്ങനെ അവരും ഇത്തരത്തിൽ ഭിക്ഷുക്കളായി. ഇവിടെയും ആത്മചോദന സ്വാഭാവികമായി ഉണരുന്നത് വളരെ കുറച്ചു പേരിൽ മാത്രമായിരിക്കും. മേൽപ്പറഞ്ഞ ആശയലോപത്തിന് പിന്നിലും സമകാലിക യുവത്വത്തിന്റെ കൈകടത്തൽ ഉണ്ടായിരുന്നില്ലേ എന്ന വിഷയം ഏറെ ചിന്തനീയമാണ്.
ബുദ്ധനെ സംബന്ധിച്ച് ഭേദഭാവം ഇല്ലാത്ത നിഷ്കളങ്കനായതിനാൽ വന്നവരെയെല്ലാം മറുചോദ്യമില്ലാതെ സ്വീകരിച്ചു, വിദ്യ പകർന്നു.. നിൽക്കുന്നവൻ നിൽക്കും, പോകുന്നവൻ പോകും എന്നായിരുന്നു സകലരെയും സ്വീകരിക്കുന്നതിനെ കുറിച്ച് അദ്ദേഹം പൊതുവായി പറഞ്ഞുവന്നിരുന്ന നയം..!!
പ്രത്യക്ഷത്തിൽ ഇത് വളരെ നല്ലൊരു കാര്യമായി തോന്നുമെങ്കിലും മഹാപരിനിർവാണത്തിന് ശേഷമാണ് അതിന്റെ ദോഷവശങ്ങൾ വെളിപ്പെട്ടത്.
എന്തുകൊണ്ട് തന്റെ അടുക്കൽ വന്നുചേർന്ന സകലരെയും സ്വീകരിച്ചു എന്നതിനു പിന്നിലെ മാനുഷിക ചിന്താഗതി അല്ലെങ്കിൽ thought process വ്യക്തമാകണമെങ്കിൽ സിദ്ധാർത്ഥൻ ബുദ്ധനാവും മുമ്പേ അലഞ്ഞു നടന്ന ആ കാലഘട്ടത്തിലേക്കു കൂടി കടന്നു ചെല്ലേണ്ടതുണ്ട്.. വിഷയം ഗഹനമായതിനാൽ അത് പിന്നത്തേക്ക് മാറ്റിവെക്കുന്നു.]
Anjali Nambiar
©Copyright - Intellectual Property©
What's Your Reaction?