പാൻ നളിൻ്റെ 'സംസാര' എന്ന സിനിമയുടെ ക്ലൈമാക്സിൽ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്. ശാക്യമുനി, ഗൗതമബുദ്ധൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട സിദ്ധാർത്ഥൻ മഹാനാണ്. എന്നാൽ ഉപേക്ഷിക്കപ്പെട്ട യശോധരയെപ്പറ്റി ആരെങ്കിലും ചിന്തിക്കാറുണ്ടോ? അവരുടെ വിരഹം, അവരുടെ കാമനകൾ, അവരുടെ ഒറ്റപ്പെടൽ...?
ലിവ് ടോൾസ്തോയി (Leo Tolstoy) എന്ന വിശ്വസാഹിത്യകാരനെപ്പറ്റി വായിച്ചപ്പോൾ ഓർമ വന്നതാണ്. ബുദ്ധനെപ്പറ്റി ലഭ്യമായ അറിവുകൾ സത്യമാണെന്ന് ഈ കുറിപ്പുകാരൻ കരുതുന്നില്ല. എന്തെന്നാൽ കുറച്ചുകാലം പരിവ്രാജകനായി നടന്നുവെങ്കിലും, ബോധോദയം നേടിയ ശേഷം ഇന്ദ്രിയലോലുപതയുടെ ഭോഗമാർഗത്തെ മാത്രമല്ല, ഇന്ദ്രിയനിഗ്രഹത്തിൻ്റെ യോഗമാർഗത്തെയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. പിന്നീടദ്ദേഹത്തോടൊപ്പം ശുദ്ധോധനനും രാഹുലനും യശോധരയും ഉണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ആത്യന്തികതയുടെ പ്രശ്നമുണ്ടായിരുന്നു ടോൾസ്തോവിയൻ തത്വശാസ്ത്രത്തിലും അദ്ദേഹത്തിൻ്റെ മനോഭാവത്തിലും. ഗാന്ധിയെപ്പോലെ അദ്ദേഹവും ആത്യന്തിക ബ്രഹ്മചര്യം സ്വീകരിച്ചു; അതിൻ്റെ ഭാഗമായ കാമപരിവർജനവും (sexual abstinence). ഗാന്ധി ഈ നിലപാടിലേക്ക് വരുമ്പോൾ കസ്തൂർബാ ഗാന്ധി യുവത്വം പൂർണമായും പിന്നിട്ടിട്ടൊന്നുമില്ലായിരുന്നു.
ഏതാണ്ട് ഇതേ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് സോഫിയ ആന്ദ്രെയെവ്ന ടോൾസ്തയ (Sophia Andreyevna Tolstaya) എന്ന സോന്യ ടോൾസ്തയക്ക്. അവരുടെ ദാമ്പത്യത്തെപ്പറ്റി പ്രചരിക്കുന്ന പല കഥകളും നിറം പിടിപ്പിച്ച കാൽപനിക ഭാവനകളാണ്. സ്വയം തന്നെ ഒരെഴുത്തുകാരിയായിരുന്ന സോന്യ, തൻ്റെ പ്രിയതമൻ്റെ സാഹിത്യജീവിതത്തിനും വലിയൊരു കരുത്തും പിന്തുണയുമായി വർത്തിച്ചു. War and Peace പോലുള്ള ബൃഹദ് നോവലുകൾ പലവട്ടം പകർത്തിയെഴുതിയത് അവരായിരുന്നു.
എന്നാൽ തൻ്റെ ആദർശങ്ങളിൽ ടോൾസ്തോയി പുലർത്തിയ തീവ്രകാർക്കശ്യം അവരുടെ ജീവിതത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു. ഗാന്ധിയുടെയും കസ്തൂർബായുടെയും ജീവിതത്തിലും ഇതുണ്ടായിട്ടുണ്ട്.
വിപ്ലവാത്മകവും അനിവാര്യവുമായ ചില ആശയങ്ങൾ ടോൾസ്തോയി മുന്നോട്ടുവെച്ചു. അദ്ദേഹത്തിൻ്റെ ശാന്തിവാദം (Pacifism), യുദ്ധവിരുദ്ധത, അഹിംസ തുടങ്ങിയവ എക്കാലത്തും പ്രസക്തമാണ്. റഷ്യൻ അഭിജാതവർഗത്തിൽ പിറന്ന അദ്ദേഹം, പക്ഷേ അരിസ്റ്റോക്രസി എന്നത് സാമാന്യജനങ്ങൾക്ക് അന്യായമായി ചുമക്കേണ്ടിവരുന്ന ഭാരമാണ് എന്ന് വിശ്വസിച്ചു. ഫ്രഞ്ച് റവല്യൂഷനറി അനാർകിസ്റ്റും കാൾ മാർക്സിൻ്റെ എതിരാളിയെങ്കിലും മാർക്സ് തന്നെ അനാർകോ കമ്യൂനിസ്റ്റ് എന്ന് വിശേഷിപ്പിച്ചയാളുമായ പിയെർ-ഴൂസെഫ് പ്രൂധോയുടെ (Pierre-Joseph Proudhon) സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം സ്വകാര്യ സ്വത്തുടമ എന്ന ആശയത്തെ തത്വത്തിലും പ്രയോഗത്തിലും എതിർത്തു.
ഒപ്പം സ്നേഹത്തെക്കുറിച്ച യേശുവിൻ്റെ ഉദ്ബോധനങ്ങളെ ഭരണകൂട നിരാകരണമായി വ്യാഖ്യാനിച്ചു. എന്തെന്നാൽ അദ്ദേഹത്തിൻ്റെ വീക്ഷണത്തിൽ മൃഗീയമായ അധികാരത്തിൻ്റെ പിൻബലത്തിൽ അടിച്ചേൽപിക്കുന്ന, നിഷ്ഠുര മനുഷ്യരുടെ ആധിപത്യമാണ് ഭരണകൂടം. ടോൾസ്തോയൻസ് (Tolstoyans) എന്ന പേരിൽ ഒരു ക്രിസ്ത്യൻ അനാർകിസ്റ്റ് ഗ്രൂപ്പിനും ജന്മം നൽകി. ഭരണകൂടത്തെക്കാൾ ഒട്ടും അപകടകാരികളല്ല കടൽക്കൊള്ളക്കാർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ സിദ്ധാന്തം.
സ്വകാര്യ സ്വത്തുടമാവകാശത്തെ തത്വത്തിൽ നിരാകരിക്കാം. പൊതു ഉടമാവകാശത്തിൻ്റേതായ വ്യവസ്ഥക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്യാം. എന്നാൽ അനുകൂലമല്ലാത്ത ഒരു സാഹചര്യത്തിൽ സ്വത്ത് പൂർണമായും ഉപേക്ഷിക്കണം എന്ന വാദം ഒരിക്കലും എട്ട് മക്കളുടെ അമ്മയായ സോന്യ ടോൾസ്തയക്ക് സ്വീകാര്യമായിരുന്നില്ല. അദ്ദേഹത്തിൻ്റെ ബ്രഹ്മചര്യവാദവും അവരെ അസ്വസ്ഥയാക്കി.
ഈ അസ്വാസ്ഥ്യങ്ങൾക്ക് ജനങ്ങൾ വിചിത്രവ്യാഖ്യാനങ്ങൾ നൽകിത്തുടങ്ങിയത് The Kreutzer Sonata എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ്. ബീഥോവൻ്റെ പ്രശസ്തമായ ഒമ്പതാം സൊനാറ്റയുടെ പേരാണത്. നോവലിസ്റ്റിൻ്റെ കാമപരിവർജനവാദം ഈ നോവലിൻ്റെ പ്രമേയപരിസരമായി വന്നു. അതിലാകട്ടെ, നായകൻ അയാളുടെ ഭാര്യയെ വധിക്കുന്നുമുണ്ട്.
ക്ര്യൂറ്റ്സർ സൊനാറ്റക്ക് മറുപടിയായി സോന്യ രണ്ട് നോവലുകൾ രചിച്ചിട്ടുണ്ട്. Whose Fault?, Song Without Words എന്നിവയാണവ. എന്നാൽ ടോൾസ്തോയിയോടുള്ള അവരുടെ ആദരവും പ്രണയവും നിമിത്തമാവാം, അല്ലെങ്കിൽ വിശ്വസാഹിത്യകാരൻ്റെ സ്വാധീനവും സമൂഹത്തിൻ്റെ ധാർമികമുൻവിധിയും കാരണമാവാം അവ വെളിച്ചം കണ്ടില്ല.
ആത്മകഥാംശമുള്ള Whose Fault, വിവാഹവും അധികാരബലതന്ത്രവും, വൈകാരികമായ പൃഥക്കരണം, വൈയക്തികാഭിനിവേശങ്ങളും സാമൂഹ്യനിയന്ത്രണവും തുടങ്ങിയ പ്രമേയങ്ങളെ സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യുന്നു. കൂടുതൽ ഗഹനവും ദാർശനികവും പ്രതീകാത്മകവുമാണ് Song Without Words. എന്നാൽ 1990കളുടെ അവസാനത്തോടെ അവ പ്രസിദ്ധീകരിക്കപ്പെടുകയും വിപുലമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ ലേഖകൻ ആ നോവലുകൾ വായിച്ചിട്ടില്ല. അലക്സാന്ദ്ര പോപോഫ് (Alexandra Popoff) എഴുതിയ Sofia Tolstoy: A Biography എന്ന പുസ്തകം ടോൾസ്തോയി കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച നല്ലൊരവലോകനമാണ്.
അതേസമയം മറ്റ് കാരണങ്ങളാൽ റഷ്യൻ ഭരണകൂടം ക്ര്യൂറ്റ്സർ സൊനാറ്റക്ക് നിരോധമേർപ്പെടുത്തിയിരുന്നു. ഈ നിരോധം പിൻവലിപ്പിക്കുന്നതിനായി ഏറെ സജീവമായി പ്രവർത്തിച്ചത് സോന്യ തന്നെയായിരുന്നു. വീടുവിട്ടിറങ്ങി അസ്താപൊവയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ മരിച്ച ഭർത്താവിൻ്റെ ഭൗതികശരീരം, യഥാസമയം വിവരമറിയാനും യാത്ര തിരിക്കാനും പറ്റാത്തതുകൊണ്ട് സോഫിയ ടോൾസ്തയക്ക് കാണാൻ പറ്റിയില്ല. തൻ്റെ ശരീരം ഭാര്യയെ കാണിക്കരുതെന്ന് അദ്ദേഹം ഒസ്യത്ത് ചെയ്ത കഥയൊക്കെ ഭാവനാസൃഷ്ടം മാത്രം.