സന്തോഷ് ജോർജ് കുളങ്ങരയോടുള്ള വിയോജിപ്പ്

   22-Jan-2025 : 11:50 AM   0      13

എത്രമാത്രം മുൻ വിധിയോടെയാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര തെറ്റായ കാര്യങ്ങൾ പറഞ്ഞു സമർത്ഥിക്കുന്നത് ?

The Cue Studio യിൽ ശ്രീ Maneesh നാരായണനുമൊത്തുള്ള ഇന്റർവ്യൂ കേൾക്കുകയായിരുന്നു. 

‘വളർന്നുവരുന്ന യുവതലമുറയെ അന്യനാടുകളിൽ തെണ്ടാൻ വിടുന്ന’ എന്ന മട്ടിലുള്ള സ്റ്റേറ്റ്മെന്റുകളാണ് അദ്ദേഹത്തിൽ നിന്ന് വരുന്നത്. 

വിദേശത്തു ജീവിക്കുന്നവരെല്ലാം അതാത് രാജ്യങ്ങളിൽ മൂന്നാം കിട പൗരൻമാരെ പോലെയാണ്’  

എന്നൊക്കെ മിക്ക  ഇന്റർവ്യൂകളിലും പറയുന്നുണ്ട്. 

 ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നും കുറേനാളായി  കേൾക്കാറില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഒരേ പാറ്റേൺ ആണ്.  ഒന്നും പുതിയതായില്ല. കേരളത്തെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്നു. പാശ്ചാത്യരെ പുകഴ്ത്തുന്നു. ഈ ഇന്റർവ്യൂ കേൾക്കാൻ കാരണം മനീഷിന്റ ഇന്റർവ്യൂകൾ ഇഷ്ടമായത് കൊണ്ട് മാത്രമാണ്. പക്ഷെ സഫാരിയിലെ പോഗ്രാമുകൾ പലതും കേൾക്കാറുണ്ട്. മികച്ചവയാണ്. 

അഞ്ചുകൊല്ലത്തോളം വിദേശത്തു താമസിക്കുകയും, അമേരിക്ക ഉൾപ്പെടെ 25 രജ്യങ്ങളോളം സന്ദർശിക്കുകളും ചെയ്തതിന്റെ വെളിച്ചത്തിൽ എനിക്കും ചിലത് പറയാനുണ്ട്.  സന്തോഷ് സർ നോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ,

എല്ലാ രാജ്യത്തും  സ്വദേശികളും, നിയമപരമായി എത്തിയ വിദേശികളുമായ എല്ലാ ജനങ്ങളും ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നത്.

അത് വിദ്യാർത്ഥികളാണെങ്കിലും, നഴ്സുമാർ  ഡോക്ടർമാർ  എൻജിനീയർമാർ ബിസിനസുകാർ ശാസ്ത്രജ്ഞർ ആരാണെങ്കിലും തൊഴിലിനോ പഠനത്തിനോ എത്തിയ ആരും ആരുടേയും  അടിമകളല്ല.

സൗദിയിൽ പണിയെടുക്കുന്നവർ സൗദി രാജാവിൻറെ  അടിമയോ അമേരിക്കയിൽ ജീവിക്കുന്നവർ വെള്ളക്കാരന്റെ അടിമയോ അല്ല. എല്ലാവരും ജോലി ചെയ്യുന്നു. ടാക്സ് അടക്കുന്നു ചിലവ് കഴിഞ്ഞ്  ബാക്കി സമ്പാദിക്കുന്നു,  അതിൽ നിന്ന് നാട്ടിലേക്ക് അയക്കുന്നു.  

വെള്ളക്കാർക്ക് മാത്രമേ ബ്രിട്ടനിൽ ജീവിക്കാവൂ എന്നോ, അമേരിക്കയിൽ വെളുത്തവർക്ക് മുൻഗണന എന്നോ ഒന്നില്ല.  ആഫ്രിക്കയിൽ വെള്ളക്കാരില്ല എന്ന് പറയാനൊക്കുമോ ? എല്ലാം എല്ലാവർക്കും  വേണ്ടിയുള്ളതാണ്. 

ഞാൻ ആലുവക്കടുത്ത്‌ മുപ്പത്തടം എന്ന ഗ്രാമത്തിൽ ജനിച്ചത് കൊണ്ട് എനിക്ക് യൂറോപ്പിൽ മൂന്നാംകിട പൗരനായി മാത്രമേ ജീവിക്കാനാകൂ എന്നില്ലല്ലോ. ഈ ലോകത്ത്  ഏത് രാജ്യത്തും ആ  രാജ്യത്തിൻറെ നിയമം അനുസരിച് ജോലി ചെയ്തും ടാക്സ് പേ ചെയ്തും ആണ് ഞാനുൾപ്പെടെ എല്ലാ പ്രവാസികളും കഴിയുന്നത്. ഞാൻ എവിടെ ജീവിക്കണം എന്നത് എന്റെ ചോയ്‌സ് ആണ്. എന്റെ തൊലിയുടെ നിറമോ ജാതിയോ മതമോ ഇവിടെ ആർക്കും ഒരു വിഷയമേ അല്ല. കഴിവും സാമർത്ഥ്യവും   ഓരോരുത്തരുടേയും ചോയ്‌സുമാണ് ഓരോ സ്ഥലങ്ങളിൽ എത്തിക്കുന്നത്. ഭൂമി എല്ലാവർക്കും  ഉള്ളതാണ്. 

എവിടേയും  തലയുയർത്തി തന്നെയാണ് ഞാനുൾപ്പെടുന്ന തലമുറ ജീവിക്കുന്നത്. ഇവിടങ്ങളിൽ എല്ലാ പൗരനും ഒന്നാണ്. ഇന്ത്യയിൽ ജനിച്ച, ഇന്ത്യയിൽ വേരുകളുള്ള പലരുമാണ് ലോകത്തെ എണ്ണപ്പെട്ട കമ്പനികളിൽ ഏറ്റവും ഉയർന്ന തസ്തികകളിൽ ഇരിക്കുന്നത്. ലോകത്തെ ഏറ്റവും ഇന്റലിജൻറ്റായ ആളുകളുടെ പട്ടികയിലാണ് നമ്മുടെ എൻജിനീയർമാരും നഴ്‌സുമാരും ഡോക്ടർമാരും എല്ലാം. ഇവരാരും ആരുടേയും  അടിമകളല്ല. 

മുൻവിധിയോടെ മാധ്യമങ്ങൾക്ക് മുൻപിൽ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ,  വിദ്യാർത്ഥി   വിസയിലും മറ്റു പല വിസയിലെത്തി വിദേശ രാജ്യങ്ങളിൽ അഭിമാനത്തോടെ ജീവിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ളവരുടെ വേണ്ടപ്പെട്ടവർ നാട്ടിലിരുന്ന്  ഇതെല്ലം കേട്ട് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് എന്ന കാര്യം മറക്കരുത് .  വിദേശ രാജ്യങ്ങളിൽ നിയമപരമായി എത്തി  പഠിക്കുകയോ, ജോലിയെടുക്കുകയോ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ പാശ്ചാത്യരുടെ അടുത്ത് തെണ്ടി ജീവിക്കുന്നു എന്ന് ചാപ്പ കുത്താൻ ശ്രമിക്കുന്നത് തീർത്തും ബാലിശമാണ്. 

സന്തോഷ് സർ സ്ഥിരം പറയാറുള്ള ഒരു കാര്യം കൂടി ഒന്ന്  ഓർമ്മപ്പെടുത്തട്ടെ ; 

അദ്ദേഹത്തിന്റെ ഓരോ യാത്രയും മാസത്തിൽ നാലോ അഞ്ചോ പരമാവധി ഒരാഴ്ചയോ ഒക്കെ നീണ്ടു നില്കുന്നതാണെന്ന് പറയാറുണ്ട്. ചാനലിന്റെ  കണ്ടന്റിന് വേണ്ടിയുള്ള ( ജോലി ആവശ്യാർഥം ) യാത്രകൾ .   ആ സമയം കൊണ്ട് പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ വീഡിയോ ചിത്രീകരിക്കുകയും സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുകയും ബിസിനസ് ക്ലാസിലും ടാക്സിയിലും യാത്ര ചെയ്യുകയുമാണല്ലോ ചെയ്യുന്നത് .   അങ്ങനെ കണ്ടുമുട്ടുന്ന കുറച്ചു പേരോട് സംസാരിക്കുകയും, അതിൻ്റെ  ബലത്തിൽ ഓരോ രാജ്യത്തെ ജീവിതം  ഞാൻ കണ്ടതുപോലെ മാത്രമാണ്  എന്ന്  സമർത്ഥിക്കാൻ  ശ്രമിക്കുന്നതായിട്ടാണ്   സംസാരത്തിൽ അനുഭവപ്പെടാറുള്ളത് . 

ജോലി ആവശ്യാർത്ഥം  സന്തോഷ് ജോർജ് കുളങ്ങരെയേക്കാൾ  യാത്ര  ചെയ്യുന്ന നിരവധി ആളുകളെ എനിക്ക് പരിചയമുണ്ട്. അവരൊന്നും ഇങ്ങനെ ഓരോന്ന് പറഞ്ഞു നടക്കാറില്ല.  ജോലി ആവശ്യാർത്ഥം  യാത്ര ചെയ്ത് ക്യാമറ കണ്ണുകളിൽ കാണുന്നതല്ല യഥാർത്ഥ ജീവിതങ്ങൾ. സന്തോഷ് ജോർജ് സർ പലയിടത്തും തെറ്റിദ്ധരിക്കപ്പെടുകയാണ്. അല്ലെങ്കിൽ സാറിന്റെ മുൻ വിധി സാറിനെ പിന്നോട്ട് നടത്തുകയാണ്. സഫാരി തുടങ്ങിയ 25 കൊല്ലം മുൻപത്തെ പ്രവാസ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമല്ല ഇന്ന് ലോകത്തുള്ളത് . 

എന്നാൽ, നമ്മുടെ നാട്ടിലെപ്പോലെ അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും നല്ലവരും മോശപ്പെട്ടവരും എല്ലാമുണ്ട്. എല്ലാടത്തും സന്തോഷവും സങ്കടവും പാവപ്പെട്ടവരും പണക്കാരും എല്ലാമുണ്ട്. എല്ലാവരും അതാത് രാജ്യത്തിന്റെ നിയമത്തിന് അതീതരാണ്. എവിടെ എത്രകാലം എങ്ങനെ ജീവിക്കണം എന്ന് ഓരോരുത്തരുടെയും ചോയ്‌സ് ആണ്. അതനുസരിച്ചു ജീവിക്കുമ്പോൾ ചിലയിടത്തു മോശം ആളുകളിൽ നിന്ന് ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ട് വിദേശം  മോശമെന്നോ കേരളം നല്ലതെന്നോ അർത്ഥമില്ല. 

കേരളത്തിലെ ജനസംഖ്യയുടെ പത്തിൽ ഒന്ന് പോലും ഇല്ലാത്ത രാജ്യങ്ങളുമായോ അവിടത്തെ സൗകര്യങ്ങളുമായിട്ടോ ആണ്   സന്തോഷ് സർ  നമ്മുടെ നാടിനെ താരതമ്യം ചെയ്യുന്നത്  എന്നതും തികച്ചും അസംബന്ധമാണ് . 

വിദേശത്തു പോകാനും സെറ്റിൽ ചെയ്യാൻ താല്പര്യപ്പെടാത്ത നാട്ടുകാരോ, സ്വസ്ഥമായി നാട്ടിൽ പോയി  ശിഷ്ടകാലം ജീവിക്കാൻ താല്പര്യമില്ലാത്ത പ്രവാസികളോ കാണില്ല. എല്ലാത്തിനും ഓരോ കാരണങ്ങൾ കാണും. ജീവിക്കുന്ന രാജ്യത്തു സമാധനത്തോടെ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാനാണ് എല്ലാരും ശ്രമിക്കുന്നത്. ശ്രമിക്കേണ്ടത്. 

ഒരു കാര്യം കൂടി, മമ്മൂട്ടി എത്ര കാശ് കിട്ടിയാലും വിദേശത്തു സെറ്റിൽ ചെയ്യില്ലെന്ന് സന്തോഷ് സർ പ്രസ്താവിക്കുന്നുണ്ട്. യേശുദാസ് പാട്ടില്ലാത്തത് കൊണ്ട് പട്ടിണി മാറ്റാനാണല്ലോ  അമേരിക്കയിൽ സെറ്റിലായത് ? അതുപോലെ അക്ഷയ് കുമാർ കാനഡ സിറ്റിസൺഷിപ്പ് വർഷങ്ങളോളം കൈവശം വച്ചതും മറ്റും പട്ടിണികിടക്കാതിരിക്കാനാണല്ലോ. 

എല്ലാം ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്രമാണ്.   ഓരോരുത്തരേയും  ഓരോ സ്ഥലങ്ങളിൽ എത്തിക്കുന്നത് ജീവിത സാഹചര്യങ്ങളാണ് . ജീവിതവും അതുമായി ബന്ധപ്പെട്ട മനുഷ്യന്റെ വികാരങ്ങളും എല്ലാം എല്ലായിടത്തും ഒന്ന് തന്നെയാണ്. 

അല്ലതെ വിദേശം സ്വർഗ്ഗമോ കേരളം നരകമോ അല്ല.

Disclaimer  :  ലേഖനത്തിലെ പരാമർശങ്ങൾ ലേഖകന്റേതുമാത്രമാണ്.

What's Your Reaction?