കാലോ ഹരിൺ -ഐ . എം .വിജയൻ

   20-Feb-2025 : 8:59 PM   0      22

കാലോ ഹരിൺ 

പുള്ളിമാൻതുള്ളുന്ന  ഭംഗിയിൽ  ഇന്ത്യൻ മൈതാനങ്ങളെ അവിസ്മരണീയ ഓർമകളിലേക്ക് വഴിനടത്തിയ തൃശൂർക്കാരൻ  അയനിവളപ്പിൽ മണി വിജയൻ  അഥവാ ഐ.എം. വിജയൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്  ഈ റിപ്പബ്ലിക് ദിനത്തിലാണ്. കാലോ ഹരിൺ എന്ന്  പേരിട്ട്  കളിക്കളങ്ങളും ഇന്ത്യയിലെ ഫുട്ബോൾ ആരാധകരും അംഗീകരിച്ചെങ്കിലും   രാജ്യം ഈ പ്രതിഭയെ ആദരിക്കുന്ന കാര്യത്തിൽ ഏറെ വൈകി എന്ന സത്യം ആർക്കും നിഷേധിക്കാൻ ആവില്ല.

വൈകി എങ്കിലും  എത്തിച്ചേർന്ന അംഗീകാരത്തെ  രാജ്യത്തെ ഫുട്ബാൾ ആരാധകർക്ക് സമർപ്പിച്ച് ഐ . എം . വിജയൻ എന്ന ഇതിഹാസം വിനയം പ്രകടിപ്പിക്കുന്നതും നമ്മൾ കണ്ടു . തന്നെക്കാൾ  ഇളയവരായ  പ്രതിഭകൾക്ക്  രാജ്യം അംഗീകാരം നൽകുമ്പോഴും  അതിനോട് ഒരിക്കലും കലഹിക്കാതെ കടന്നുപോയി എന്നതും വിജയൻ്റെ  ജീവിത മര്യാദകളാണ് . 

ജീവിതത്തിൻ്റെ  കഠിനതകളിലൂടെ വളർന്നുവന്ന വിജയന്  ഫുട്ബാൾ  പ്രത്യാശയും വിമോചനവും ആയിരുന്നു . അതിനാൽ  മറ്റൊന്നും വിജയനെ പിന്നോട്ടടിപ്പിച്ചില്ല . കളിക്കളങ്ങൾക്കും അപ്പുറം മറ്റൊന്നും വിജയനെ പ്രചോദിപ്പിച്ചില്ല . 

അന്തർ ദേശീയ ഫുട്ബോളിൽ ഏറ്റവും കുറഞ്ഞ നേരത്തിനുള്ളിൽ ഹാട്രിക്ക് നേടിയ   വിജയൻ്റെ റെക്കോർഡ് ലോകത്ത് ഇന്നുവരെ ആരും മറികടന്നിട്ടില്ല . 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ അടിച്ച കളിക്കാരനായി .  പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് ഏറ്റവും വേഗമുള്ള ഹാട്രിക് നേടിയത് . 1992 ,1997 ,2000  വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും നല്ല ഫുട്ബോളർ  ബഹുമതി നേടി .   2003 ൽ ആണ് അർജ്ജുന അവാർഡ് നേടിയത് . വിജയനെക്കാൾ  ജൂനിയർ ആയ ബെയ്ച്ചിങ് ബൂട്ടിയക്ക് 1998  തന്നെ അർജുനയും 2008 ൽ പത്മശ്രീയും ലഭിച്ചിരുന്നു എന്ന കാര്യം നമ്മൾ മലയാളികൾ മറക്കേണ്ടതില്ല . 

2025 ൽ  ഐ . എം . വിജയനെ തേടിയെത്താൻ പദ്‌മശ്രീ  പുരസ്‌കാരത്തിന് കഴിഞ്ഞത് ആ പുരസ്‌കാരത്തിന്  തന്നെയാണ് നേട്ടമായത് .

"ഞാൻ എത്ര മികച്ച കളിക്കാരനാണെന്ന്  എനിക്കറിയില്ല , ഫുട്ബാൾ പ്രേമികളിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹം തന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ,എൻ്റെ  ഫുട്ബോളിനെ ഈ നിലയിലേക്ക് വളർത്തിയെടുത്തത് അവരാണ് . " എന്ന വാക്കുകളിൽ  വിജയൻ തൻ്റെ  ജീവിത വീക്ഷണം മനോഹരമായി വരച്ചിടുന്നുണ്ട് .  

മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ ഫുട്ബോളിന്റെയും അഭിമാനമാണ് ഐ . എം . വിജയൻ . 72 അന്തർദേശീയ മത്സരങ്ങളിൽ നിന്നും 29  ഗോളുകൾ നേടിയ വിജയൻ  തന്റെ ഫുട്ബോൾ  സ്വപ്നമായ  അക്കാഡമിയുടെ സാക്ഷാൽക്കാരത്തിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .  കേരള  ഫുട്ബോൾ  ഇനിയും വിശാലതകളിലേക്ക് സഞ്ചരിക്കാൻ ഉറപ്പായും വിജയൻ്റെ സേവനങ്ങളും ഉണ്ടാകും .  

What's Your Reaction?