പൈതൃക സമ്പന്നമായ പുഞ്ചമൺ ഇല്ലം
ഐതിഹ്യവും ചരിത്രവും കൂടിച്ചേർന്നുള്ള പുരാവൃത്ത കഥനങ്ങളിലൂടെയാണ് പുഞ്ചമൺഇല്ലത്തെ നാടറിയുന്നത്. മന്ത്രവാദത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് കൂടുതലുമെന്നതിനാൽ അത്തരം കഥകൾ പറയുമ്പോൾ ചരിത്രയുക്തിയെ കൂട്ടുപിടിക്കാനാവില്ല. എന്നാൽ തെളിവുകളോടെ ശേഷിക്കുന്ന ചരിത്രവസ്തുതകളെ ഒഴിവാക്കുന്നുമില്ല.
കോട്ടയം ജില്ലയിൽ പുതുപ്പള്ളിക്ക് തെക്ക് കൈതേപ്പാലത്തിന് സമീപമുള്ള പുഞ്ചമൺ ഇല്ലം പരമ്പരാഗതമായി മന്ത്രവാദകർമ്മങ്ങൾ അനുഷ്ഠിച്ചുവന്നിരുന്ന നമ്പൂതിരി കുടുംബക്കാരുടെ ഗൃഹമാണ്. ഏകദേശം മുന്നൂ നൂറ്റാണ്ടുകൾക്ക് മുമ്പ് അക്കാലത്തെ തെക്കുംകൂർ രാജാവ് വിളിച്ചുവരുത്തി പഴയ ബ്രാഹ്മണഗ്രാമമായ കാടമുറിയിൽ താമസിപ്പിക്കുന്നതിന് മുമ്പ് മാവേലിക്കരയ്ക്കു സമീപം ഇറവങ്കരയിൽ അച്ചൻകോവിലാറിൻ്റെ തീരത്തായിരുന്നു ഈ ഇല്ലക്കാർ താമസിച്ചിരുന്നത്. അതിനും അഞ്ഞൂറു വർഷങ്ങൾക്കുമുമ്പ് വള്ളുവനാട്ടിൽ നിന്നാണ് ഇവരുടെ പൂർവ്വികർ ഓടനാട്ടിലേക്ക് കുടിയേറിപ്പാർക്കുന്നത്.
മന്ത്രവാദം അഭ്യസിക്കുകയും സാത്വികമായ രീതിയിലുള്ള മാന്ത്രികകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്ന പാരമ്പര്യമുള്ളവരായിരുന്നു ഈ കുടുംബത്തിലുണ്ടായിരുന്നത്. മന്ത്രവാദം എന്ന കർമ്മപദ്ധതി മനശാസ്ത്രചികിത്സയ്ക്കായി അവലംബിച്ചിരുന്ന പഴയ കാലത്ത് ഈ പാരമ്പര്യവിജ്ഞാനത്തിൽ അറിവു നേടിയ അഗ്രഗണ്യരായ മന്ത്രവാദികൾ പുഞ്ചമൺ ഇല്ലത്തുണ്ടായിരുന്നു. ഭഗവതിയെയും ബാലശാസ്താവിനെയും സങ്കല്പിച്ച് കുടിയിരുത്തി ഉപാസന ചെയ്തിരുന്ന പുഞ്ചമൺപോറ്റിമാരെ കുറിച്ച് നിരവധി ഐതിഹ്യകഥകൾ പ്രചാരത്തിലുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രശസ്തമായ ഐതിഹ്യമാലയിൽ "കുഞ്ചമൺ പോറ്റി" എന്ന പേരിൽ ഈ കഥകളിൽ ചിലത് പരാമർശിക്കുന്നുണ്ട്. കുഞ്ചമൺ എന്ന ഇല്ലപ്പേര് കാലാന്തരത്തിൽ പുഞ്ചമൺ എന്നു മാറുകയാണുണ്ടായത്. പോറ്റി എന്ന സർവ്വനാമം തുളു ബ്രാഹ്മണർക്കാണ് സാധാരണയായി പറഞ്ഞുവരാറുള്ളത് എന്നതുകൊണ്ട് പുഞ്ചമൺ ഇല്ലക്കാർ അതിൽ പെട്ടവരാണ് എന്നു ധരിക്കേണ്ടതില്ല. തെക്കൻ പ്രദേശങ്ങളിൽ നമ്പൂതിരിമാരിൽ ചിലരെയും ബഹുമാനപദമായി പോറ്റി എന്ന് സംബോധന ചെയ്യാറുണ്ട്. ആ വിധത്തിലാണ് പുഞ്ചമൺപോറ്റി എന്ന് ഇവരും അറിയപ്പെട്ടിരുന്നത്.
ഐതിഹ്യമാലയിൽ പറയുന്ന കഥയിൽ മഹാമാന്ത്രികനായ കടമറ്റത്തു കത്തനാരുമായി സൗഹൃദമത്സരത്തിലേർപ്പെടുന്ന ഒരു കുഞ്ചമൺപോറ്റിയാണ് പ്രധാന കഥാപാത്രം. ഇരുവരും മാന്ത്രികവിദ്യയിൽ സമാസമം പ്രാഗത്ഭ്യമുള്ളവർ! ഒരിക്കൽ പോറ്റി കത്തനാരെ ഇല്ലത്തേക്ക് ക്ഷണിച്ചു. കത്തനാർ അച്ചൻകോവിലാറ്റിലൂടെ ഒരു വഞ്ചിയിലാണ് എത്തിയത്. കത്തനാർ വഞ്ചിയിൽ കയറി നിന്നതേയുള്ളൂ. ആരും തുഴയാതെ തന്നെ വഞ്ചി സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തി തനിയെ നിന്നു. കത്തനാർ വഞ്ചി കെട്ടിയിടാതെ തന്നെ ഇല്ലത്തെ കടവിലിറങ്ങി. വഞ്ചി നിശ്ചലമായി അവിടെത്തന്നെ നിന്നുവത്രെ!. പോറ്റി കത്തനാരെ വേണ്ടുംവിധം സ്വീകരിച്ചിരുത്തി. മന്ത്രവാദകാര്യങ്ങളിലുള്ള അവരുടെ സംഭാഷണങ്ങൾ നീണ്ടു. ഇതിനിടെ വെറുതെ ഒരു കളിക്കായി പോറ്റി താൻ ഉപാസിക്കുന്ന കുട്ടിച്ചാത്തൻമാരെ കൊണ്ട് കത്തനാരുടെ വഞ്ചി എടുത്ത് ആറ്റുതീരത്തുള്ള മാവിൻ്റെ മുകളിൽ കയറ്റി വയ്പ്പിച്ചു. ഇക്കാര്യമാകട്ടെ കത്തനാർ അറിഞ്ഞതുമില്ല. യാത്ര പറഞ്ഞ് പിരിഞ്ഞ കത്തനാർ കടവിൽ എത്തി നോക്കുമ്പോൾ വഞ്ചി കാണ്മാനില്ല. ചുറ്റും ദൃഷ്ടി പായിച്ച കത്തനാർ ഞൊടിയിടയിൽ തന്നെ മാവിൻമുകളിൽ തൻ്റെ വഞ്ചി കാണുകയും അത് പോറ്റി ഒപ്പിച്ച പണിയാണെന്ന് മനസിലാക്കുകയും ചെയ്തു. തിരിച്ചൊരു പണി കൊടുക്കുക തന്നെ എന്നു മനസിൽ കരുതി കത്തനാർ ചില മന്ത്രങ്ങൾ ജപിച്ച് തൻ്റെ വടി നീട്ടി കറക്കി. കത്തനാർ ഇന്ദ്രജാലം, മഹേന്ദ്രജാലം എന്നിവയിൽ അഗ്രഗണ്യനായിരുന്നുവല്ലോ!കത്തനാരുടെ മന്ത്രശക്തിയാൽ വശംവദരായി ഇല്ലത്തെ അന്തർജനങ്ങൾ ഓരോരുത്തരായി പുറത്തുവരികയും വഞ്ചി എടുക്കാനായി മാവിനെ സമീപിക്കുകയും ചെയ്തു. ഇതു അപമാനകരമായി മാറുമെന്ന് ആശങ്കപ്പെട്ട പോറ്റി കത്തനാരോട് മാപ്പുപറയുകയും എടുത്തു വച്ചവരെ കൊണ്ടുതന്നെ വഞ്ചി തിരിച്ചിറക്കി കൊടുക്കുകയും ചെയ്തു. ഇരുവരും സൗഹൃദം കൈവിടാതെ തന്നെ പിരിയുകയും ചെയ്തു. പുഞ്ചമൺ കുടുംബം മാവേലിക്കരയിൽ താമസിച്ചിരുന്ന കാലത്താണ് ഈ കഥ നടക്കുന്നത്.
പൊതുവർഷം 1691 മുതൽ 1716 വരെ തെക്കുംകൂർ രാജാവായിരുന്ന ഉദയമാർത്താണ്ഡവർമ്മയുടെ കാലത്തായിരിക്കാം പുഞ്ചമൺ ഇല്ലക്കാർ കാടമുറിയിലേക്ക് താമസം മാറുന്നത്. അക്കാലത്ത് ഏതോ പ്രത്യേക മന്ത്രവാദകർമ്മങ്ങൾക്കായി പുഴവാതിലെ നീരാഴിക്കൊട്ടാരത്തിലേക്ക് എത്തിയ പുഞ്ചമൺപോറ്റിയെ തിരികെ വിടാതെ തെക്കുംകൂറിൽ തന്നെ താമസിപ്പിക്കാൻ രാജാവ് നിശ്ചയിക്കുകയും അതിൻപ്രകാരം കാടമുറിക്കു സമീപം സ്ഥലം അനുവദിച്ച് ഇല്ലം പണിതു നൽകുകയായിരുന്നു. തുടർന്നുള്ള അരനൂറ്റാണ്ടോളം തെക്കുംകൂറിന് വേണ്ടി ഇവർ സേവനമനുഷ്ടിച്ചു. പൊതുവർഷം 1749 ൽ തെക്കുംകൂർ രാജ്യം അസ്തമിച്ചതോടെ കാടമുറി തിരുവിതാംകൂറിൻ്റെ ഭാഗമായി.
തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ കാലശേഷം രാജാവായ കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാ) നടത്താനുദ്ദേശിച്ച മുറജപത്തിന് വിഘ്നങ്ങൾ നേരിട്ടപ്പോൾ പരിഹാരത്തിനായി അക്കാലത്തെ പുഞ്ചമൺപോറ്റിയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. മുറജപത്തിന് പോറ്റി തൻ്റെ മന്ത്രവാദസിദ്ധിയാൽ സുരക്ഷയൊരുക്കി എന്നു വിശ്വസിച്ച രാജാവ് രക്ഷാപുരുഷസ്ഥാനവും വീരശൃംഖലയും നൽകി പോറ്റിയെ ആദരിച്ചു.
കാടമുറിയിലുള്ള ഇല്ലം കൂടുതൽ മോടിയോടെ പുതുക്കിപ്പണിയുന്നതിന് ധർമ്മരാജാവിൻ്റെ കല്പനയായി. അതിൻപ്രകാരം പണിത വാസ്തുശില്പപരമായ മികവാർന്ന ഇല്ലമാണ് ഇപ്പോൾ കാണാനാവുന്നത്. തെക്കുംകൂറിൻ്റെ ഭരണകാലത്ത് പണി കഴിപ്പിച്ച ഇല്ലത്തിൻ്റെ അസ്ഥിവാരത്തിൽ മുന്നിലായി തെക്കുംകൂർ രാജമുദ്രയായ " വാലുയർത്തി ഗർജ്ജിക്കുന്ന സിംഹ"ത്തിൻ്റെ രൂപം കൊത്തിയ ശില സ്ഥാപിച്ചിരുന്നു. തിരുവിതാംകൂർ കാലത്ത് ഇല്ലം പുതുക്കിപ്പണിതപ്പോൾ ഈ രാജമുദ്ര ഉപേക്ഷിക്കാതെ അടിത്തറയുടെ വലതുവശത്ത് സ്ഥാപിക്കുകയും ഇടതുവശത്തായി തിരുവിതാംകൂർ രാജമുദ്രയായ "രണ്ടാനകളും ശംഖും" കൊത്തിയ ശില സ്ഥാപിക്കുകയും ചെയ്തു. ഇതു രണ്ടും ഇപ്പോഴും ഇവിടെ കാണാം.
പുതിയ ഗൃഹം പണിതപ്പോൾ മന്ത്രവാദകർമ്മങ്ങൾ അനുഷ്ടിക്കുന്നതിനായി പ്രത്യേകമുറി സജ്ജീകരിക്കുന്നതിൻ്റെ ഭാഗമായി മുറിക്കുള്ളിലെ തറയിൽ ഉറപ്പിക്കുന്നതിന് പതിനാല് അടി നീളവും എഴ് അടി വീതിയും രണ്ടടി കനവുമുള്ള കരിങ്കൽപ്പാളി ഒന്നര കിലോമീറ്റർ ദൂരെയുള്ള ഒരു മലയിലെ പാറക്കെട്ടിൽ നിന്ന് ചെത്തിയൊരുക്കി കൊണ്ടുവന്നിരുന്നു. മൂന്ന് ആനകളുടെ സഹായത്തോടെയാണ് ഈ ശിലാപാളി എത്തിച്ചത്; ഒരാന വലിക്കാനും ഒരാന തള്ളാനും മറ്റൊന്ന് കല്ലിനടിയിൽ തെങ്ങിൻതടി ഉരുളുകൾ ഇട്ട് കൊടുക്കാനും! ഇന്നത്തെ അഞ്ചേരി - കൈതേപ്പാലം റോഡ് ഈ ശിലാപാളി എത്തിക്കാനായി ഇപ്രകാരം രൂപപ്പെട്ടതാണത്രേ! ബൃഹത്തായ ഈ കരിങ്കൽപ്പലക ഇല്ലപ്പറമ്പിൽ എത്തിച്ചപ്പോൾ അതിൽ നേരിയ ഒരു വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തി. അതോടെ ഈ ശില ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇല്ലത്തിൻ്റെ തെക്കേമുറ്റത്തോടു ചേർന്ന് ഈ ശിലാപാളി ഇന്നും വിശ്രമിക്കുന്നു. ആനയ്ക്ക് വടമിട്ട് വലിക്കുന്നതിനായി കൊത്തിയുണ്ടാക്കിയ കുഴയും കല്ലിൻ്റെ ഒരു കുറിയ വശത്തു കാണാം.
ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് ഖാദി വസ്ത്രപ്രചരണത്തിന് ഇറങ്ങിത്തിരിച്ച പാരമ്പര്യവും പുഞ്ചമണ്ണിനുണ്ട്. ഇല്ലത്തിന് മുന്നിൽ തന്നെ നൂൽ നൂൽക്കുന്നതിനായി ചർക്കകൾ സ്ഥാപിച്ചിരുന്ന ഒരു പഴയ കെട്ടിടം ഇന്നും കാണാം. ഇല്ലത്തുനിന്നും വേറിട്ട് തെക്കുഭാഗത്തായി ഒരു ഉപഗൃഹവുമുണ്ട്. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന കല്ലിൽ തീർത്ത ഗൃഹോപകരണങ്ങൾ ഒരു മ്യൂസിയത്തിലെന്ന പോലെ മുറ്റത്ത് ഉചിതമായ സ്ഥാനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. മുറ്റത്തോടു ചേർന്നു തൊടിയിലാകെ ദശപുഷ്പങ്ങളും മറ്റു ഔഷധസസ്യങ്ങളും വളർന്നുനിൽക്കുന്നു. വിരുതുള്ള തടിപ്പണി കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ഒരു പഴയ തൊഴുത്ത് മുറ്റത്തോടു ചേർന്ന് കാണാം. പശുക്കൾക്ക് വെള്ളം കൊടുത്തിരുന്ന കൽത്തൊട്ടിയിലെ വെള്ളത്തിൽ വളർന്നു പൂവിട്ടു നിൽക്കുന്നതാകട്ടെ ആമ്പൽച്ചെടിയും! തെക്കുഭാഗത്ത് സാമാന്യം വിസ്താരമുള്ള ഒരു കുളവും അതിൻ്റെ പടവുകളും അതിലേക്ക് ഇറങ്ങിനിൽക്കുന്ന കുളിപ്പുരയും ഇല്ലത്തിൻ്റെ പഴമക്കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു.
നടുമുറ്റത്തോടുകൂടിയ ഇല്ലത്തിൻ്റെ നിർമ്മിതി വാസ്തുവിദ്യ പഠിക്കുന്നവർക്ക് ഏറെ ആശ്ചര്യം പകരുന്നതാണ്. മുന്നിലെ ചെറിയ മുറിയിൽ ഇല്ലത്തു തന്നെ ഉപയോഗത്തിലിരുന്ന വിവിധ തരം പുരാവസ്തുക്കൾ അലമാരയിൽ പ്രത്യേകമായി ഒരുക്കിവച്ചിരിക്കുന്നു. വളരെ അപൂർവമായ ഉപകരണങ്ങളും അതിൽ കാണാം. നിലവറയിലാകട്ടെ ഓലകളിലായി എഴുതി സൂക്ഷിച്ച നിരവധി പുരാതന ഗ്രന്ഥങ്ങളുടെ ശേഖരം തടിപ്പെട്ടികളിലായി അടുക്കിവച്ചിരിക്കുന്നു. പലതരം ഭരണികളുമൊക്കെ അറയിലുണ്ട്.
കോട്ടയം നാട്ടുകൂട്ടം 2012 മെയ് മാസത്തിൽ നടത്തിയ ഉണ്ണുനീലിസന്ദേശ പഠനയാത്രയിലും 2019 ഡിസംബറിൽ നടത്തിയ തെക്കുംകൂർ പഠനയാത്രയിലും പഠനസംഘം പുഞ്ചമൺ ഇല്ലം സന്ദർശിച്ചിരുന്നു. ഇല്ലത്തെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിയും അദ്ദേഹത്തിൻ്റെ പുത്രൻ പ്രൊഫ.ഗോപിസാറും ചേർന്നാണ് ആദ്യയാത്രയിൽ സംഘത്തെ സ്വീകരിച്ചത്. പിന്നീടും പല അവസരങ്ങളിലായി വ്യക്തിപരമായി പുഞ്ചമൺഇല്ലത്ത് എത്തിയിട്ടുണ്ട്. തെക്കുംകൂർ രാജമുദ്രയുടെ മികച്ച മാതൃക ഇവിടെ കാണപ്പെടുന്നു എന്ന കാരണത്താലാണ് പലപ്പോഴും ചരിത്രവിദ്യാർത്ഥികൾക്കൊപ്പം ഇവിടെ സന്ദർശിക്കേണ്ടിവരുന്നത്. ഗോപിസാർ ഇല്ലത്തിൻ്റെ ഭൂതകാലവിശേഷങ്ങൾ പറഞ്ഞു തരുന്നതിൽ ഏറെ താൽപ്പര്യം കാണിക്കുന്ന വ്യക്തിയാണ്. കാലത്തിൻ്റെ മായാമുദ്രകൾ പതിഞ്ഞ പുഞ്ചമൺ ഇല്ലത്തിൻ്റെ പൈതൃകപ്പെരുമ കേട്ടറിഞ്ഞ് എത്തുന്നവർക്കൊക്കെയും ഒരു മായാലോകത്തെത്തി തിരിച്ചിറങ്ങുന്ന അനുഭവമാണ് ഈ സന്ദർശനം കൊണ്ട് ഉണ്ടാകുന്നത്.
What's Your Reaction?