താവോയുടെ ഒഴുക്ക്
ഞാൻ ഒന്നാം ക്ലാസ്സു മുതൽ എം.എ. ക്ലാസ്സു വരെ എത്തിയിട്ടും 'താവോ തേ ചിങി' ലെ ഒരു വരി പോലും ആരും ഓതിത്തന്നില്ല.
എങ്കിലും ഈ
ബ്രഹ്മാണ്ഡത്തിലെ അനന്തകോടി നാമരൂപങ്ങളെ ഒരു നൂലിൽ കോർത്തിണക്കിയ ദിവ്യബോധത്തിന് എന്നിൽ കരുണ ഉണ്ടായി. അത് ചില പുസ്തകങ്ങളിൽ നിന്നും ചില വ്യക്തികളിൽ നിന്നും ചില മിഥ്യാധാരണകളിൽ നിന്നെല്ലാം എന്നെ അകറ്റി .മുൻപറിയാത്ത മറ്റുചില പുസ്തകങ്ങളും പരിചയങ്ങളും ദർശനങ്ങളും നൽകി അനുഗ്രഹിച്ചു.
ആ ദിവ്യബോധത്തിൻ്റെ പ്രേരണയാലാണ് എറണാകുളം മഹാരാജാസിൽ എം.എ. ക്ക് പഠിക്കുമ്പോൾ എറണാകുളം ഡി.സി. ബുക്സിൽ നിന്ന് Giang Fu Feng ഉം Jane English ഉം ചേർന്ന് മനോഹരമായി വിവർത്തനം ചെയ്ത 'താവോ തേ ചിങ് ' വാങ്ങിക്കുന്നത്. പിന്നീടൊരിക്കലും താവോയുടെ പ്രശാന്തിയും ജ്ഞാനവും ഒഴുക്കും എന്നെ വേർപിരിഞ്ഞിട്ടില്ല. അങ്ങനെ ഞാൻ താവോയ്ക്കൊപ്പം നശ്വരതയിൽ നിന്നു അനശ്വരതയിലേക്ക് ഒഴുകിത്തുടങ്ങി.
തന്നിലെ തന്നെ ഇൻ ,യാങ്ങ് എന്നീ സ്വരവൈരുദ്ധ്യങ്ങളെ ഒരൊറ്റ ശ്രുതിയാക്കാൻ പഠിച്ചു. കൊടുങ്കാറ്റിൽ മുളന്തണ്ടിനെ പോലെ ശിരസ്സു നമിക്കാനും കാറ്റകന്നാൽ അഭിമാനത്തോടെ ശിരസ്സുയർത്താനും താവോ എന്നെ പഠിപ്പിച്ചു. അത് ഒരാശയത്തെയും മുറുകെപ്പിടിക്കാതെ ജലത്തെ പോലെ ശ്ലഥമായി ഏതു പാത്രത്തിൻ്റെ രൂപവും കൈക്കൊള്ളുന്ന ആത്മവഴക്കം തന്നനുഗ്രഹിച്ചു. താവോ നിലയ്ക്കാത്ത ഒഴുക്കാണ്.. അത് ഒരു പടവിലോ തീരത്തോ തങ്ങി നിൽക്കാറില്ല. താവോ ആർക്കും അണകെട്ടി നിർത്താൻ പറ്റാത്ത മഹാപ്രവാഹമാണ് .
What's Your Reaction?